അലഞ്ഞുതിരിയുന്ന കാലികൾക്ക് പൂട്ട് വീഴുന്നു: കാസർകോട് നഗരസഭയുടെ നടപടി
-
നുള്ളിപ്പാടി ചെന്നിക്കരയിലെ പൗണ്ടിന് 32 കന്നുകാലികളെ സംരക്ഷിക്കാൻ ശേഷിയുണ്ട്.
-
നഗരത്തിൽ കന്നുകാലികൾ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമായിരുന്നു.
-
കന്നുകാലികൾക്ക് തീറ്റയും വെള്ളവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും.
-
ഉടമസ്ഥരെ കണ്ടെത്തി പിഴ ഈടാക്കാനും, ഇല്ലാത്തവയെ ലേലം ചെയ്യാനും തീരുമാനിച്ചു.
കാസർകോട്: (KasargodVartha) നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ വരുത്തിവെക്കുന്ന ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം കാണാൻ നഗരസഭ കർശന നടപടികളുമായി മുന്നോട്ട്. നുള്ളിപ്പാടി ചെന്നിക്കരയിൽ രണ്ട് പതിറ്റാണ്ട് മുൻപ് നിർമ്മിച്ച കന്നുകാലി പൗണ്ട് നവീകരിച്ച് പ്രവർത്തനക്ഷമമാക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു.
ഏഴ് വർഷത്തിലേറെയായി ഉപയോഗശൂന്യമായി കിടന്നിരുന്ന ഈ പൗണ്ട്, 32 കന്നുകാലികളെ സംരക്ഷിക്കാൻ ശേഷിയുള്ളതാണ്. നഗരത്തിൽ കന്നുകാലികൾ അലഞ്ഞുതിരിയുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും വഴിവെക്കുന്നതായി വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് നഗരസഭയുടെ പുതിയ നീക്കം. കന്നുകാലികൾക്ക് ആവശ്യമായ തീറ്റയും വെള്ളവും ഉറപ്പാക്കാനുള്ള സൗകര്യങ്ങളും വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും പൗണ്ടിൽ ഒരുക്കും.
ഏഴ് വർഷത്തോളമായി നഗരത്തിൽ അലയുന്ന കന്നുകാലികളെ പിടികൂടുന്ന പതിവ് നിലച്ചിരുന്നു. മുൻപ് ശുചീകരണത്തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു കന്നുകാലികളെ പിടികൂടിയിരുന്നത്.
അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ഉടമകളിൽ നിന്ന് പിഴ ഈടാക്കാനും, ഉടമകളില്ലാത്ത കന്നുകാലികളെ ലേലം ചെയ്യാനും നഗരസഭ ഒരു മാസം മുൻപ് തീരുമാനമെടുത്തിരുന്നു. ഈ തീരുമാനത്തിന്റെ ഭാഗമായാണ് ഇപ്പോൾ പൗണ്ട് നവീകരിച്ച് കന്നുകാലികളെ പിടികൂടുന്നതിനുള്ള നടപടികൾക്ക് വേഗത കൈവന്നിരിക്കുന്നത്. അലഞ്ഞുതിരിയുന്ന കാലികളെ നിയന്ത്രിക്കാൻ കഴിഞ്ഞ വർഷവും നഗരസഭ നോടീസ് പുറത്തിറക്കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. നഗരം മൊത്തം കാലികളെ കൊണ്ട് പൊറുതിമുട്ടിയ ഇക്കാലത്ത് നഗരവാസികൾക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ആശ്വാസം പകരുന്നതാണ് നഗരസഭയുടെ ഈ പുതിയ നടപടികൾ.
കാസർകോട് നഗരസഭയുടെ ഈ നടപടിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കമൻ്റ് ചെയ്യുക.
Article Summary: Kasaragod Municipality renovates cattle pound to curb stray cattle menace.
#Kasaragod #StrayCattle #MunicipalityAction #KeralaNews #UrbanDevelopment #CattlePound






