Campaign | ‘പാങ്ങുള്ള ബജാർ, ചേലുള്ള ബജാർ’; കാസർകോട് നഗരത്തിൽ സ്വച്ഛതയിൽ മിന്നും റാലി
● റാലിയിൽ വിവിധ മേഖലയിലുള്ള നിരവധി പേർ പങ്കെടുത്തു.
● പ്ലക്കാർഡുകളും ബാനറുകളുമായി നഗരം മുഴുവൻ ഒരു ഉത്സവപ്രതീതി സൃഷ്ടിച്ചായിരുന്നു പരിപാടി.
കാസർകോട്: (KasargodVartha) ‘മാലിന്യമുക്ത നവകേരളം, സ്വച്ഛതാ ഹി സേവ 2024’ എന്ന മുദ്രാവാക്യം മുഴക്കി കാസർകോട് നഗരസഭ ഗംഭീര സ്വച്ഛതാ റാലി സംഘടിപ്പിച്ചു. ‘പാങ്ങുള്ള ബജാർ, ചേലുള്ള ബജാർ’ എന്ന ശുചിത്വ സന്ദേശം നഗരം മുഴുവൻ മുഖരിതമാക്കിയ റാലിയിൽ വിവിധ മേഖലയിലുള്ള നിരവധി പേർ പങ്കെടുത്തു.
നഗരസഭാ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി നഗരത്തിന്റെ പ്രധാന വീഥികളിലൂടെ സഞ്ചരിച്ച് നഗരസഭാ കോൺഫറൻസ് ഹാളിൽ സമാപിച്ചു. നഗരസഭാ കൗൺസിലർമാർ, ജീവനക്കാർ, ഹരിതകർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ, ആരോഗ്യ പ്രവർത്തകർ, തപാൽ ജീവനക്കാർ തുടങ്ങി വിവിധ മേഖലയിലുള്ളവർ ഈ റാലിയിൽ പങ്കെടുത്തു. ശുചിത്വ ബോധവൽക്കരണം നടത്തുന്ന പ്ലക്കാർഡുകളും ബാനറുകളുമായി നഗരം മുഴുവൻ ഒരു ഉത്സവപ്രതീതി സൃഷ്ടിച്ചായിരുന്നു പരിപാടി.
നഗരസഭാ ചെയർപേഴ്‌സൺ അബ്ബാസ് ബീഗം റാലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ സഹീർ ആസിഫ്, സിയാന ഹനീഫ്, രജനി കെ, ക്ലീൻ സിറ്റി മാനേജർ മധുസൂധനൻ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
#CleanlinessCampaign #Kasaragod #Kerala #Sustainability #Community #Environment #PublicParticipation #SwachhBharat #paangulla_bajaar_chelulla_bajaar