Parking Issues | കാസർകോട് നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണുമെന്ന് നഗരസഭ ചെയര്‍മാന്‍
● നഗരത്തിലെ വ്യാപാരികളും സന്ദർശകരും മതിയായ പാർക്കിംഗ് സൗകര്യത്തിന്റെ അഭാവം ചൂണ്ടിക്കാട്ടിയിരുന്നു.
● പ്രശ്നം പരിഹരിക്കുന്നതിനായി കൂടുതൽ പാർക്കിംഗ് സ്ഥലങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾക്കാണ് നഗരസഭ തുടക്കം കുറിച്ചിരിക്കുന്നത്.
കാസർകോട്: (KasargodVartha) നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്നത്തിനും ഗതാഗതക്കുരുക്കിനും അടിയന്തിരമായി പരിഹാരം കാണുമെന്ന് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. നഗരത്തിലെ വ്യാപാരികളും സന്ദർശകരും മതിയായ പാർക്കിംഗ് സൗകര്യത്തിന്റെ അഭാവം ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി കൂടുതൽ പാർക്കിംഗ് സ്ഥലങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾക്കാണ് നഗരസഭ തുടക്കം കുറിച്ചിരിക്കുന്നത്. നേരത്തെ കാസർകോട് വാർത്ത ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരുന്നു.
നേരത്തെ നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, നഗരസഭാ സെക്രട്ടറി ഇന്‍ചാര്‍ജ് ദിലീഷ് എന്‍ ഡി, ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂധനന്‍, ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവരുടെ സംഘം ജനറൽ ആശുപത്രി പരിസരം മുതൽ താലൂക്ക് ഓഫീസ് ട്രാഫിക് സിഗ്നൽ വരെയുള്ള ഭാഗങ്ങൾ സന്ദർശിച്ചിരുന്നു.
സന്ദർശനത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളും പാർക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തയും പരിഹാര മാർഗങ്ങളും ചർച്ചയായി. കാസർകോട് നഗരത്തിന്റെ വികസനത്തിനും പുരോഗതിക്കും ഗതാഗത സംവിധാനത്തിന്റെ മെച്ചപ്പെടുത്തൽ അനിവാര്യമാണെന്നാണ് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
#Kasaragod, #Parking, #Traffic, #CityImprovement, #Municipality, #Solution