city-gold-ad-for-blogger

സൗന്ദര്യവത്കരണ കരാറിൽ അഴിമതിയോ? വിജിലൻസ് അന്വേഷണം തുടങ്ങി; നഗരസഭക്ക് ഒരു രൂപപോലും ചെലവില്ലാത്ത പദ്ധതിയിൽ എന്ത് ക്രമക്കേട് എന്ന് ചെയർമാൻ

Image of a beautified street in Kasaragod as part of the municipal project.
Representational Image Generated by Grok

● അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി നഗരസഭാ ചെയർമാൻ അറിയിച്ചു.
● കരാർ കൗൺസിൽ യോഗം അംഗീകരിച്ചതാണ്.
● ഹെൽത്ത് ഇൻസ്പെക്ടറുടെ ഭാര്യയുടെ ബിനാമി സ്ഥാപനമെന്ന് ആരോപണം.

കാസർകോട്: (KasargodVartha) നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ‘പാങ്ങുള്ള ബജാർ, ചേലുള്ള ബജാർ’ എന്ന പദ്ധതിയുടെ മറവിൽ നഗരസഭയിൽ വൻ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുന്നു. 

പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള കരാർ നിയമപ്രകാരമുള്ള ടെൻഡർ നടപടികൾ പാലിക്കാതെയാണ് പാലക്കാട്ടെ 'ഗ്രാഫോൺ' എന്ന സ്വകാര്യ ഏജൻസിക്ക് നൽകിയതെന്ന് തളങ്കര സ്വദേശി ഫൈസൽ മൊയ്തീൻ വിജിലൻസിനും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിൽ പറയുന്നു. 

വെളിച്ച വിപ്ലവം, പുൽത്തകിടിയും ചെടികളും വെച്ചുള്ള ഡിവൈഡർ നിർമാണം എന്നിവയാണ് പ്രധാനമായും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് മുതൽ പള്ളം ട്രാഫിക് സർക്കിൾ വരെയാണ് ‘ബ്യൂട്ടിഫിക്കേഷൻ ഓഫ് കാസർകോട്’ നടപ്പാക്കിയത്.

നഗരസഭയിലെ ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്പെക്ടറുടെ ഭാര്യയുടെ ബിനാമി സ്ഥാപനമാണ് ഗ്രാഫോൺ എന്നാണ് പരാതിയിലെ പ്രധാന ആരോപണം. നഗരസഭയുടെ വിവിധ പ്രദേശങ്ങളിലായി എഴുപതിലധികം സ്ഥലങ്ങളിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിനാണ് കരാർ.

ഒരു വർഷത്തേക്ക് നഗരസഭയ്ക്ക് 1,14,000 രൂപയും അതിന്റെ ജി.എസ്.ടി.യും മാത്രമാണ് ഗ്രാഫോൺ നൽകേണ്ടത്. എന്നാൽ, കരാറിന്റെ കാലാവധി 15 വർഷമാണെന്നും അതേസമയം, ഓരോ സ്ഥലത്തും പരസ്യം സ്ഥാപിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് പ്രതിമാസം ലക്ഷങ്ങൾ വീതം ഈടാക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

15 വർഷത്തിനിടെ കുറഞ്ഞത് 30 കോടി രൂപയെങ്കിലും നഗരസഭയ്ക്ക് വരുമാനമായി ലഭിക്കേണ്ട സാഹചര്യം വളരെ ചെറിയ തുകയ്ക്ക് സ്വകാര്യ ഏജൻസിക്ക് വിട്ടുകൊടുത്തുവെന്നാണ് ആരോപണം. ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദും നഗരസഭാ ഭരണസമിതിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് കരാർ അനുവദിച്ചതെന്നും പരാതിക്കാരൻ ആരോപിക്കുന്നു.

പഴയ പ്രസ് ക്ലബ് ജങ്ഷനിലെ 40 ലക്ഷം രൂപയുടെ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കാനുള്ള കരാറും ഇതേ കമ്പനിക്ക് ലഭിച്ചുവെന്ന് പരാതിയിൽ പറയുന്നു. നഗരവികസന പദ്ധതികൾക്ക് പണമില്ലെന്ന് പറയുന്ന നഗരസഭ, ജനങ്ങൾക്ക് ലഭിക്കേണ്ട വരുമാനം സ്വകാര്യ കമ്പനികൾക്ക് എഴുതിക്കൊടുക്കുന്നതെന്തിനാണെന്ന് പരാതിക്കാരൻ ചോദിക്കുന്നു.

തെളിവുകൾ സഹിതമുള്ള പരാതിയെത്തുടർന്ന് വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് ഫൈസൽ മൊയ്തീൻ പറയുന്നു. അതേസമയം, വൈദ്യുതി ചാർജ് അടക്കം നഗരസഭയ്ക്ക് ഒരു രൂപപോലും ചെലവില്ലാത്ത പദ്ധതിയിൽ എന്ത് ക്രമക്കേടാണ് നടന്നതെന്ന് ചെയർമാൻ അബ്ബാസ് ബീഗം കാസർകോട് വാർത്തയോട് പ്രതികരിച്ചു. 

‘മെയിന്റനൻസ് അടക്കം എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് കരാർ കമ്പനിയാണ്. കേരളത്തിലെ പല നഗരങ്ങളിലും ഇതേ കമ്പനി പദ്ധതി നടത്തിവരുന്നുണ്ട്. കാസർകോട് പദ്ധതി നടപ്പാക്കുമ്പോൾ മാത്രം എന്തിനാണ് വിവാദമാകുന്നതെന്ന് അറിയില്ല,’ ചെയർമാൻ പറഞ്ഞു. ഈ പദ്ധതിയിൽ ആക്ഷേപം ഉയർന്നതിനെത്തുടർന്ന് രണ്ടാംഘട്ടമായി കറന്തക്കാട് ദേശീയപാത മുതൽ തളങ്കര വരെ സൗന്ദര്യവത്കരണ പദ്ധതിക്കായി കമ്പനികളിൽനിന്ന് സമ്മതപത്രം ക്ഷണിച്ചെങ്കിലും മറ്റൊരു കമ്പനിയും മുന്നോട്ടുവന്നിട്ടില്ലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. 

ഏത് അന്വേഷണത്തെയും നഗരസഭ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നഗരപ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് നഗരസഭ വിനിയോഗിക്കുന്ന തുക ഇതുവഴി ലാഭിക്കാൻ കഴിയുമെന്നും, തനത് ഫണ്ട് മറ്റ് കാര്യങ്ങൾക്കായി വിനിയോഗിക്കാമെന്നും ചെയർമാൻ പറഞ്ഞു. 

നഗരസഭാ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്ത് പാസാക്കിയ ശേഷമാണ് ഗ്രാഫോൺ കമ്പനിയുമായി കരാർ ഒപ്പിട്ടതെന്നും, പ്രതിപക്ഷത്തിന് പോലും ഇക്കാര്യത്തിൽ ഇല്ലാത്ത പരാതിയാണ് ചിലർക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യൂ, കൂട്ടുകാർക്ക് ഷെയർ ചെയ്യൂ.


Article Summary: Vigilance investigates alleged irregularities in Kasaragod municipality's beautification contract.

#KasaragodNews #Vigilance #CorruptionAllegation #Municipality #BeautificationProject #KeralaPolitics

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia