വീടില്ലാത്തവർക്കുള്ള ഭവന പദ്ധതി: കാസർകോട് നഗരസഭയും കുടുംബശ്രീയും ചേർന്ന് പൂർത്തിയാക്കി
● സ്വന്തമായി വീടും ഭൂമിയുമില്ലാത്ത 14 കുടുംബങ്ങൾക്കാണ് വീട് ലഭിച്ചത്.
● നുള്ളിപ്പാടിയിൽ 450 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീടുകളാണ് നിർമ്മിച്ചത്.
● പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങി പാതിവഴിയിലായിരുന്നു
● ചെയർമാൻ്റെ നിരന്തരമായ ഇടപെടലിലൂടെ സർക്കാരിന്റെ അനുമതി ലഭിച്ചു.
● ബാക്കി തുകയ്ക്കൊപ്പം നഗരസഭയുടെ തനത് ഫണ്ടും ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.
കാസർകോട്: (KasargodVartha) 2016-ൽ ആരംഭിച്ച് ചുവപ്പുനാടയിൽ കുടുങ്ങി പാതിവഴിയിലായിരുന്ന കാസർകോട് നഗരസഭയുടെ ആശ്രയ ഭവന നിർമ്മാണ പദ്ധതി പൂർത്തീകരിച്ച് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം കുടുംബങ്ങൾക്ക് കൈമാറി.
സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത 14 ആശ്രയ കുടുംബങ്ങളുടെ പുനരധിവാസത്തിനായി നുള്ളിപ്പാടിയിൽ 450 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീട് നിർമ്മിച്ചു കൊടുക്കുക എന്നതായിരുന്നു കുടുംബശ്രീയുമായി ചേർന്നുള്ള ഈ പദ്ധതി.
എന്നാൽ, പല കാരണങ്ങളാൽ വീടുകളുടെ നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങുകയായിരുന്നു.
നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം സ്ഥാനം ഏറ്റെടുത്ത സമയത്തുള്ള ആദ്യ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ആശ്രയ ഭവന നിർമ്മാണ പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്നുള്ളത്. തുടർന്ന് നടത്തിയ നിരന്തരമായ ഇടപെടലുകളിലൂടെ പദ്ധതി പൂർത്തീകരിക്കാൻ സർക്കാറിന്റെ അനുമതി ലഭിച്ചു.
പദ്ധതിയിൽ ബാക്കിയിരിപ്പുള്ള തുകയ്ക്കൊപ്പം നഗരസഭയുടെ തനത് ഫണ്ടും ഉപയോഗിച്ച് നഗരസഭയും കുടുംബശ്രീയും ചേർന്ന് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു.
വീട് കൈമാറൽ ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ ആയിഷ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ ഡിഎംസി രതീഷ് കുമാർ മുഖ്യാതിഥിയായിരുന്നു.
നഗരസഭാ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സഹീർ ആസിഫ്, റീത്ത ആർ, ഖാലിദ് പച്ചക്കാട്, രജനി കെ, വാർഡ് കൗൺസിലർ ശാരദ, കൗൺസിലർമാരായ പി രമേശ്, ലളിത എം, അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീധരൻ എൻ, സൂപ്രണ്ടുമാരായ നാരായണ നായക്, സതീഷ്കുമാർ, എഡിഎംസി കിഷോർ, കൺവീനർമാരായ ഷാഹിദ, ദേവയാനി, ആശ, എൻയുഎൽഎം സിഎംഎം ബിനീഷ് ജോയ്, സിഒ അർച്ചന, അക്കൗണ്ടന്റ് പ്രിയ, ബ്ലോക്ക് കോർഡിനേറ്റർ റെനീഷ, അബ്ദുൽ കരീം കോളിയാട്, ബഷീർ കെഎം തുടങ്ങിയവർ സംസാരിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ ഷകീല മജീദ് സ്വാഗതവും മെമ്പർ സെക്രട്ടറി പ്രസാദ് കെ നന്ദിയും പറഞ്ഞു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: Kasaragod Municipality completes Aasraya Housing Project and hands over 14 homes.
#Kasaragod #AasrayaHousing #AbbasBeegam #Municipality #HousingProject #Kudumbashree






