കനത്ത മഴയിൽ കുന്നിടിഞ്ഞ് മൂന്ന് വീടുകൾ അപകട കെണിയിൽ; വീട്ടുകാർ താമസം മാറി
● മുമ്പ് തകർന്ന വീടുകൾക്ക് സഹായം ലഭിച്ചില്ല.
● സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിച്ചില്ല.
● അധികാരികൾ സംരക്ഷണ ഭിത്തിക്ക് അനുമതി നൽകിയില്ല.
● നാട്ടുകാർ അടിയന്തര നടപടി ആവശ്യപ്പെടുന്നു.
കാസർകോട്: (KasargodVartha) കനത്ത മഴയിൽ കുന്നിടിഞ്ഞതിനെ തുടർന്ന് മേൽപറമ്പിൽ മൂന്ന് വീടുകൾ അപകടാവസ്ഥയിലായി. ഇതോടെ ഈ വീടുകളിൽ താമസിച്ചിരുന്ന കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. ഈ വീടുകൾ നിലംപൊത്തിയാൽ 100 മീറ്റർ മാത്രം അകലെയുള്ള മേൽപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളും ഭീഷണിയിലാകും.
മേൽപറമ്പിലെ യു പി അബ്ബാസ്, അദ്ദേഹത്തിന്റെ ബന്ധുക്കളായ ടി കെ സമീർ, ഗൾഫ് കാരനായ മുഹമ്മദ് കുഞ്ഞി പാറ എന്നിവരുടെ വീടുകളാണ് ഏതു നിമിഷവും തകർന്നുവീഴാവുന്ന നിലയിലുള്ളത്. വീടുകളുടെ അടിത്തറ ഇളകിയ നിലയിലാണ്. നാല്പത് വർഷത്തോളമായി ഇവർ ഈ വീടുകളിലാണ് താമസിക്കുന്നത്. മൂന്ന് വർഷം മുൻപ് പുതുക്കിപ്പണിത അബ്ബാസിന്റെ വീടാണ് കൂടുതൽ അപകടാവസ്ഥയിലുള്ളത്.
2019-ലെ പ്രളയകാലത്ത് ഇതിന് സമീപത്തെ റഷീദിന്റെയും മുനീറിന്റെയും വീടുകൾ സമാന രീതിയിൽ തകർന്നിരുന്നു. അന്ന് വീട്ടുകാർ താമസം മാറിയതുകൊണ്ടാണ് ആളപായം ഒഴിവായത്. എം.എൽ.എ, എം.പി, മന്ത്രി തുടങ്ങി ഒട്ടുമിക്ക ജനപ്രതിനിധികളും അന്ന് സ്ഥലം സന്ദർശിക്കുകയും തകർന്ന വീടുകൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും മറ്റൊരു സ്ഥലത്ത് ഭൂമി നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഒരു നടപടിയും ഉണ്ടായില്ലെന്ന് വീട്ടുകാർ പറയുന്നു. ഇവരുടെ ഫയൽ ഇപ്പോഴും കളനാട് വില്ലേജ് ഓഫീസിന്റെ 'കോൾഡ് സ്റ്റോറേജിലാ'ണെന്നും സമാനമായ സ്ഥിതി തങ്ങൾക്കും ഉണ്ടാകുമെന്നും ഇവർ ആശങ്കപ്പെടുന്നു.
സ്വകാര്യ വ്യക്തികളുടെ സ്ഥലമായതിനാൽ സംരക്ഷണ ഭിത്തി നിർമിച്ച് അപകടം ഒഴിവാക്കാൻ കഴിയില്ലെന്നാണ് അധികൃതരുടെ നിലപാട്. ഈ വീടുകളോട് ചേർന്നുതന്നെയാണ് മേൽപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന് ചുറ്റും മതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും ഈ മൂന്ന് വീടുകൾ തകർന്ന് വീണാൽ സ്കൂളിന്റെ മതിലിനും ഏതാനും വർഷം മുൻപ് പണിത മൂന്ന് നില കെട്ടിടത്തിനും എൽ.പി. സ്കൂൾ കെട്ടിടത്തിനും വലിയ ഭീഷണിയാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്താണ് അപകടാവസ്ഥയിലുള്ള മൂന്ന് വീടുകളും. ഈ വീടുകൾ തകർന്നാൽ കുന്നിന് താഴെയുള്ള വീടുകളിലേക്കും മണ്ണിടിഞ്ഞുവീഴാൻ സാധ്യതയുണ്ട്. അധികൃതർ ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്ന് പൊതുപ്രവർത്തകനായ എം എം ഹംസ മേൽപറമ്പ് കാസർകോട് വാർത്തയോട് പറഞ്ഞു.
നിങ്ങളുടെ പ്രദേശത്ത് ഇത്തരം മണ്ണിടിച്ചിൽ ഭീഷണിയുണ്ടോ? ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ.
Article Summary: Melparamba houses face landslide threat; families displaced.
#Kasaragod, #Landslide, #KeralaRains, #Melparamba, #Disaster, #Kerala






