city-gold-ad-for-blogger

കാസർകോട് മെഡിക്കൽ കോളജ് ഒരുങ്ങി; വിദ്യാർഥികൾ അടുത്തയാഴ്ചയെത്തും

View of the newly functional Kasaragod Government Medical College building.
Photo: Special Arrangement

● താത്കാലിക ഹോസ്റ്റൽ സൗകര്യം ചെർക്കളയിൽ ഒരുക്കും.
● ക്ലാസ് മുറികൾ പൂർണ്ണമായും പ്രവർത്തനസജ്ജമാണ്.
● സുരക്ഷക്കായി ക്യാമ്പസിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും.
● വിദ്യാർഥികളുടെ യാത്രാസൗകര്യം ഉറപ്പാക്കാൻ കൂടുതൽ ബസുകൾ വരും.
● മാലിന്യ നിർമാർജനത്തിന് സ്ഥിരം സംവിധാനം ഒരുക്കും.

കാസർകോട്: (KasargodVartha) കാസർകോടിന്റെ ചിരകാല സ്വപ്നമായ ഗവൺമെൻ്റ് മെഡിക്കൽ കോളജ് പ്രവർത്തനസജ്ജമാകുന്നു. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചതോടെയാണ് കോളജിന്റെ പ്രവർത്തനം വേഗത്തിലാക്കിയത്. ഈ വർഷം 50 എംബിബിഎസ് വിദ്യാർഥികൾക്ക് ഇവിടെ പ്രവേശനം ലഭിച്ചിട്ടുണ്ട്. ഇവർ സെപ്റ്റംബർ 22 മുതൽ കാസർകോട് എത്തിത്തുടങ്ങും. മെഡിക്കൽ കോളജിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.

ഉക്കിനടുക്കയിലെ ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ പഠനം നടത്തുന്നതിനുള്ള ക്ലാസ് മുറികളെല്ലാം പൂർണ്ണമായും സജ്ജമാണ്. വിദ്യാർഥികൾക്ക് താത്കാലിക ഹോസ്റ്റൽ സൗകര്യം ചെർക്കളയിൽ ഒരുക്കും. മെഡിക്കൽ കോളജിലെ ഹോസ്റ്റൽ നിർമ്മാണം പൂർത്തിയായെങ്കിലും ഇലക്ട്രിഫിക്കേഷൻ പ്രവൃത്തികൾ പൂർത്തിയാവുന്നതുവരെ ഈ താത്കാലിക സംവിധാനം ഉപയോഗിക്കും. ആവശ്യമായ എല്ലാ അടിയന്തര സൗകര്യങ്ങളും ഉടൻ ഒരുക്കാൻ ജില്ലാ കളക്ടർ വിവിധ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി.

വിദ്യാർഥികൾക്ക് ഭക്ഷണ സൗകര്യം ഉറപ്പാക്കുന്നതിനായി മെഡിക്കൽ കോളജിൽ മിനി കഫെറ്റേറിയ ആരംഭിക്കാൻ കുടുംബശ്രീമിഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. ക്യാമ്പസിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി യോഗത്തിൽ അറിയിച്ചു. മെഡിക്കൽ കോളജിലേക്കും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കും ആവശ്യമായ പൊതുഗതാഗത സൗകര്യം ഉറപ്പാക്കാൻ കൂടുതൽ സർവീസുകൾ അനുവദിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് ആർ.ടി.ഒ.യെ ചുമതലപ്പെടുത്തി. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 24-ന് വൈകിട്ട് നാലിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ജില്ലയിലെ ബസ് ഓണേഴ്സ്, ക്യാബ് അസോസിയേഷൻ പ്രതിനിധികളുടെ യോഗം ചേരും. വിദ്യാർഥികൾക്ക് പഠനാവശ്യത്തിനുള്ള വിവിധ പഠന വകുപ്പുകളുടെ ലാബ് സംവിധാനങ്ങൾ നവംബർ മാസത്തോടെ പൂർത്തിയാക്കുമെന്ന് കെ.എം.എസ്.സി.എൽ പ്രതിനിധി യോഗത്തിൽ അറിയിച്ചു.

ക്യാമ്പസിൽ ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിക്കും. മാലിന്യ നിർമാർജനത്തിനായി ബദിയഡുക്ക ഗ്രാമപഞ്ചായത്തിലെ രണ്ട് ഹരിത കർമ്മസേനാംഗങ്ങളെ സ്ഥിരമായി മെഡിക്കൽ കോളജിൽ നിയമിക്കും. ക്യാമ്പസിൽ മിനി എം.സി.എഫ്., വേസ്റ്റ് ബിന്നുകൾ, തുമ്പൂർമുഴി മാതൃകയിലുള്ള മാലിന്യനിർമാർജന സംവിധാനം തുടങ്ങിയ സൗകര്യങ്ങൾ സജ്ജമാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കും ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർക്കും നിർദ്ദേശം നൽകി. ചെർക്കള മുതൽ ഉക്കിനടുക്കവരെയുള്ള റോഡ് നവീകരിക്കാൻ കെ.ആർ.എഫ്.ബിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്.ബി.ഐ., കനറാ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ മെഡിക്കൽ കോളജിലേക്ക് വിവിധ സൗകര്യങ്ങൾ സ്പോൺസർ ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വൈദ്യുതി പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കെ.എസ്.ഇ.ബി.ക്കും നിർദ്ദേശം നൽകി. നേരത്തെ സെപ്റ്റംബർ എട്ടിന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ മെഡിക്കൽ കോളജ് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയും സി.എസ്.ആർ. ഫണ്ടുകൾ ഉപയോഗിച്ചും സൗകര്യങ്ങൾ ഉറപ്പാക്കാൻ അദ്ദേഹം അന്നേ നിർദ്ദേശം നൽകിയിരുന്നു.

ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തി. മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. 'മെഡിക്കൽ കോളജിലേക്കുള്ള യാത്രാസൗകര്യം ഉറപ്പാക്കേണ്ടതുണ്ടെന്നും വിദ്യാർഥികളുടെയും ജീവനക്കാരുടെയും യാത്രാസൗകര്യവും താമസവും പ്രത്യേകം പരിഗണിക്കണമെന്നും മെഡിക്കൽ കോളജിലെ സുരക്ഷാ സംവിധാനം ഉറപ്പാക്കണമെന്നും' അദ്ദേഹം പറഞ്ഞു. ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി, ഡി.എം.ഇ. സ്പെഷ്യൽ ഓഫീസർ ഡോ. പ്രേമലത, മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. പി.എസ്. ഇന്ദു, സൂപ്രണ്ട് ഡോ. പ്രവീൺ, വൈസ് പ്രിൻസിപ്പൽ ഡോ. സിന്ധു ടി.ജി, പി.ടി.എ. സെക്രട്ടറി ഡോ. ശാലിനി കൃഷ്ണൻ, എൽ.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടർ ഷൈനി, ജില്ലാ പ്ലാനിങ് ഓഫീസർ ആർ. രാജേഷ്, ജില്ലാ നിർമ്മിതി കേന്ദ്രം ജനറൽ മാനേജർ ഇ.പി. രാജ്മോഹൻ, കിറ്റ്കോ പ്രതിനിധി ടോം ജോസ്, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ രതീഷ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കാസർകോടിന്റെ വികസനത്തിൽ വലിയൊരു ചുവടുവെപ്പായ ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.

Article Summary: Kasaragod Govt. Medical College is ready; students to arrive next week.

#Kasaragod #MedicalCollege #KeralaHealth #KasaragodNews #MBBS #Education

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia