Complaint | സന്ധ്യ കഴിഞ്ഞാൽ കാസർകോട് - മംഗ്ളുറു റൂടിൽ യാത്ര ദുസ്സഹം; ബസുകൾ വളരെ കുറവ്, ഉള്ളവ സർവീസും മുടക്കുന്നു; കെഎസ്ആർടിസി കണ്ണുതുറക്കുമോ? ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഉറപ്പ്
● കർണാടക ആർടിസി സർവീസ് മുടക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു.
● കേരള ആർടിസിയുടേത് പരിമിതമായ സർവീസുകൾ.
● എണ്ണം കൂട്ടണമെന്ന് യാത്രക്കാർ.
കാസർകോട്: (KasargodVartha) സന്ധ്യയ്ക്ക് ശേഷം കാസർകോട് - മംഗ്ളുറു റൂടിൽ കെഎസ്ആർടിസി ബസ് സർവീസിന്റെ കുറവ് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പ്രത്യേകിച്ചും രാത്രി ഏഴ് മണിക്ക് ശേഷം സാഹചര്യം കൂടുതൽ ദുഷ്കരമാണ്. നിലവിലെ തീരുമാന പ്രകാരം കർണാടക ആർടിസിയാണ് സന്ധ്യക്ക് ശേഷം കൂടുതലും സർവീസുകൾ നടത്തേണ്ടത്. എന്നാൽ റോഡ് നിർമാണവും മറ്റും ചൂണ്ടിക്കാട്ടി സർവീസുകൾ പലതും മുടക്കുകയാണ് അവർ ചെയ്യുന്നത്.
അതിന് ശേഷം, കേരള ആർടിസി രാത്രി 9.30 ന് ഒരു ബസ് മാത്രമേ ഈ റൂട്ടിൽ സർവീസ് നടത്തുന്നുള്ളൂ. ഇത് ഈ റൂട്ടിലെ അവസാന സർവീസാണ്. മിക്ക ദിവസങ്ങളിലും വൈകീട്ട് ഏഴ് മണിക്ക് ശേഷം മംഗ്ളൂറിലേക്കുള്ള ഒരു ബസും ഇതുവഴി വരുന്നില്ലെന്നാണ് പുതിയ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ കാസർകോട് വാർത്തയോട് പ്രതികരിച്ചത്. ജോലി, വിദ്യാഭ്യാസം, വ്യക്തിപരമായ കാരണങ്ങളാൽ ഈ റൂട്ടിൽ ആശ്രയിക്കുന്ന നിരവധി യാത്രക്കാർക്ക് ഗതാഗത സൗകര്യങ്ങളുടെ കുറവ് ദുരിതം സമ്മാനിക്കുന്നു.
വിദഗ്ധ ചികിത്സയ്ക്കായി മംഗ്ളൂറിനെ ആശ്രയിക്കുന്നവരാണ് കാസർകോട്ടുകാർ ഏറെയും. ബന്ധുക്കളെയോ മറ്റോ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നാൽ, രാത്രികാലത്ത് അത്യാവശ്യമായി മംഗ്ളൂറിലേക്ക് പോകാൻ പോലും കഴിയാത്ത സ്ഥിതിയാണ് ബസുകൾ ഇല്ലാത്തത് മൂലം സംജാതമാവുന്നതെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. പലപ്പോഴും കെഎസ്ആർടിസി ബസുകൾ പുതിയ ബസ് സ്റ്റാൻഡിൽ കയറാതെ കറന്തക്കാട് വഴി കടന്നുപോകുന്നതായും വ്യാപകമായ പരാതിയുണ്ട്.
കാസർകോട്-മംഗ്ളുറു റൂട്ടിൽ, പ്രത്യേകിച്ച് തിരക്കുള്ള സമയങ്ങളിലും വൈകുന്നേരങ്ങളിലും കെഎസ്ആർടിസി ബസുകളുടെ സർവീസ് വർധിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. സന്ധ്യയ്ക്ക് ശേഷം കർണാടക ആർടിസിക്ക് പകരം കേരള ബസുകൾ സർവീസ് നടത്തുന്നതിന് തീരുമാനം ഉണ്ടാകണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
ഈ റൂട്ടിലെ കെഎസ്ആർടിസി ബസുകളുടെ സർവീസ് സമയം രാത്രി 11 മണി വരെയെങ്കിലും നീട്ടണമെന്നും സമയബന്ധിതമായി ബസ് സർവീസുകൾ ഉറപ്പാക്കുന്നതിന് രണ്ട് സംസ്ഥാനങ്ങളിലെയും കെഎസ്ആർടിസി അധികൃതർ തമ്മിൽ ഏകോപനവും ആശയവിനിമയവും മെച്ചപ്പെടുത്തണമെന്നും യാത്രക്കാർ പറയുന്നു.
അതേസമയം, ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് അബ്ദുൽ റാശിദ് എന്നയാൾ അയച്ച പരാതിയിൽ, പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. യാത്രാദുരിതത്തിൽ മന്ത്രിയുടെ ശക്തമായ ഇടപെടൽ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
#Kasaragod #Mangaluru #KSRTC #BusService #TravelProblems #PublicTransport