Fraud | ബെംഗളൂറിലെ ആര്‍ബിഐ റീജിയണല്‍ ഓഫീസില്‍ 2000 രൂപയുടെ 25 ലക്ഷം കള്ളനോട് മാറിയെടുക്കാനെത്തിയ കാസര്‍കോട് താമസക്കാരനായ യുവാവ് അടക്കം 3 പേര്‍ അറസ്റ്റില്‍
● ഒരു മാസം മുന്‍പ് മംഗ്‌ളൂറിലും കള്ളനോട് പിടികൂടിയിരുന്നു.
● പ്രതികളെയെല്ലാം വിശമായി ചോദ്യം ചെയ്യും.
● കള്ളനോടിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമം.
ബെംഗളൂറു: (KasargodVartha) ബെംഗളൂറിലെ ആര്‍ബിഐ (RBI) റീജിയണല്‍ ഓഫീസില്‍ 2000 രൂപയുടെ 25 ലക്ഷം കള്ളനോട് മാറിയെടുക്കാനെത്തിയ കാസര്‍കോട് താമസക്കാരനായ യുവാവ് അടക്കം മൂന്ന് പേരെ ഹലാസുര്‍ ഗേറ്റ് പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശിയും ഇപ്പോള്‍ കാസര്‍കോട്ട് താമസക്കാരനുമായ മുഖ്യ സൂത്രധാരന്‍ മുഹമ്മദ് അഫ്സല്‍, പുതുച്ചേരി സ്വദേശികളായ നൂറുദ്ദീന്‍ എന്ന അന്‍വര്‍, പര്‍ഷിദ് (34) എന്നിവരാണ് പിടിയിലായത്. ഈ സംഭവത്തില്‍ അഫ്‌സല്‍ ഹുസൈന്‍ എന്നയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെ, കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.
നേരത്തെ അറസ്റ്റിലായ അഫ്‌സല്‍ ഹുസൈനാണ് 25 ലക്ഷം രൂപയുമായി ആര്‍ബിഐ ബെംഗളൂറു റീജിയണല്‍ ഓഫീസില്‍ ആദ്യം അറസ്റ്റിലായത്. 2000 രൂപയുടെ ഒരു നോട് നല്‍കിയാല്‍ 500 രൂപയുടെ ഒറിജിനല്‍ നോട് ബാങ്കില്‍നിന്ന് ലഭിക്കുമെന്ന് വിവരം ലഭിച്ചാണ് ഇയാള്‍ ഓഫീസില്‍ എത്തിയത്. നോട് പരിശോധിച്ച ആര്‍ബിഐ ഉദ്യോഗസ്ഥര്‍ കള്ളനോടാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് വിവരം ഹലാസുര്‍ ഗേറ്റ് പൊലീസില്‍ അറിയിച്ചത്. അഫ്‌സല്‍ ഹുസൈനെ ചോദ്യം ചെയ്തതോടെയാണ് കൂട്ടുപ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.
ഒരു മാസം മുന്‍പ് മംഗ്‌ളൂറിലും കള്ളനോട് പിടികൂടിയിരുന്നു. ചെര്‍ക്കള ഗ്രാമ പഞ്ചായത് പരിധിയിലെ ലിപി പ്രിന്റിംഗ് പ്രസ് ഉടമ വി പ്രിയേഷ് (38), ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിനോദ് കുമാര്‍ (33), ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ഖാദര്‍ (58), കര്‍ണാടക പൂത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അയൂബ് ഖാന്‍ (51) എന്നിവരെയാണ് മംഗ്‌ളൂറു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മംഗ്‌ളൂറു ക്ലോക് ടവറിന് സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 500 രൂപയുടെ 427 കള്ളനോടുകളാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചെര്‍ക്കളയിലെ ലിപി പ്രസിലെത്തി പൊലീസ് കള്ളനോട് അടിക്കുന്ന പ്രസും അനുബന്ധ സാധനങ്ങളും പിടിച്ചെടുത്തിരുന്നു.
ഇപ്പോള്‍ ബെംഗ്‌ളൂറില്‍ അറസ്റ്റിലായ സംഘത്തിന് കള്ളനോട് നല്‍കിയത് നേരത്തെ അറസ്റ്റിലായ പ്രിയേഷും സംഘവുമാണെന്ന് സൂചനയുണ്ട്. പ്രതികളെയെല്ലാം വിശമായി ചോദ്യം ചെയ്ത് കള്ളനോടിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തി വരുന്നുണ്ട്.