city-gold-ad-for-blogger

തദ്ദേശ തെരഞ്ഞെടുപ്പ് തീയതിയായി; കാസർകോട് ജില്ലയിൽ ഡിസംബർ 11-ന് പോളിങ്; നവംബർ 25 പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി

Image Representing Local Body Election Dates Announced Kasaragod Political Fronts Gear Up for Fierce Battle in District Panchayat
Image Credit: Screenshot of a Facebook Video by State Election Commission Kerala

● 38 ഗ്രാമ പഞ്ചായത്തുകളിൽ നിലവിൽ 19 ഇടത്ത്‌ എൽഡിഎഫും 15 ഇടത്ത്‌ യുഡിഎഫുമാണ്‌ ഭരിക്കുന്നത്‌.
● നഗരസഭകളിൽ കാഞ്ഞങ്ങാടും നീലേശ്വരവും എൽഡിഎഫിന്റെയും കാസർകോട്‌ യുഡിഎഫിന്റെയും കീഴിലാണ്‌.
● ജില്ലാ പഞ്ചായത്തിലെ സീറ്റുകൾ 17 ൽ നിന്ന്‌ 18 ആയി വർധിച്ചിട്ടുണ്ട്‌.
● മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ ഇപ്പോഴും അനിശ്ചിതാവസ്ഥ തുടരുകയാണ്‌.
● കിഫ്ബി വഴിയുള്ള വികസന പ്രവൃത്തികൾ വോട്ടായി മാറുമെന്നും എൽഡിഎഫ്‌ വിലയിരുത്തുന്നു.

കാസർകോട്: (KasargodVartha) തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി തിങ്കളാഴ്ച (10.11.2025) ഉച്ചയോടെ പ്രഖ്യാപിച്ചതോടെ ജില്ലയിൽ രാഷ്ട്രീയ ചൂട്‌ ഉയർന്നു.  സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടത്തുക. ആദ്യഘട്ടം (ഡിസംബർ 9): തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടമായ ഡിസംബർ 11-നാണ് കാസര്‍കോട്ടും ശേഷിക്കുന്ന ജില്ലകളിലും പോളിങ് നടക്കുന്നത്.

 

നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 25 ആണ്. സൂക്ഷ്മ പരിശോധന നവംബർ 22-ന് നടക്കും. വോട്ടെണ്ണൽ ഡിസംബർ 13-നാണ് നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ 21-ന് മുൻപ് പുതിയ തദ്ദേശ ഭരണ സമിതികൾ ചുമതലയേൽക്കണമെന്നും കമ്മീഷൻ അറിയിച്ചു. മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് പിന്നീട് നടന്നാലും അവിടെ പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.

സംസ്ഥാനത്ത് ആകെ 2,84,30,761 വോട്ടർമാരാണ് അന്തിമ വോട്ടർപട്ടികയിൽ ഉള്ളത്. സുഗമമായ തിരഞ്ഞെടുപ്പ് നടപടികൾക്കായി 33,746 പോളിങ് സ്റ്റേഷനുകളും 2.50 ലക്ഷം ഉദ്യോഗസ്ഥരെയും നിയോഗിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

കാസര്‍കോട് ജില്ലയില്‍ മുന്നണികൾ വലിയ പ്രതീക്ഷയോടെ പ്രചാരണ പടയൊരുക്കത്തിലേക്ക്‌ നീങ്ങുകയാണ്‌. ജില്ലാ പഞ്ചായത്തിൽ ഇത്തവണ കടുത്ത മത്സരം നടക്കുമെന്നാണ്‌ വിലയിരുത്തൽ.

 

നിലവിലെ ഭരണകണക്കുകൾ

 

ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിൽ നിലവിൽ 19 ഇടത്ത്‌ എൽഡിഎഫും 15 ഇടത്ത്‌ യുഡിഎഫുമാണ്‌ ഭരിക്കുന്നത്‌. മൂന്ന്‌ പഞ്ചായത്തുകളിൽ ബിജെപി ഭരണമുണ്ട്‌. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്‌ ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്‌.

നഗരസഭകളുടെ കണക്കെടുത്താൽ കാഞ്ഞങ്ങാടും നീലേശ്വരവും എൽഡിഎഫിന്റെയും കാസർകോട്‌ യുഡിഎഫിന്റെയും കീഴിലാണ്‌. ആകെ ആറ്‌ ബ്ലോക്ക് പഞ്ചായത്തുകളിൽ കാറഡുക്ക, പരപ്പ, കാഞ്ഞങ്ങാട്, നീലേശ്വരം ബ്ലോക്കുകളിൽ എൽഡിഎഫും, കാസർകോടും മഞ്ചേശ്വരവും യുഡിഎഫുമാണ്‌ ഭരിക്കുന്നത്‌.

കഴിഞ്ഞ തവണ ഗ്രാമ പഞ്ചായത്തുകളിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ്‌ ഇരുമുന്നണികളും കാഴ്ചവെച്ചത്‌. എൽഡിഎഫ്‌ 19 ഗ്രാമ പഞ്ചായത്തുകളും യുഡിഎഫ്‌ 15 എണ്ണവുമാണ്‌ പിടിച്ചെടുത്തത്‌. ഈസ്റ്റ്‌ എളേരിയിൽ എൽഡിഎഫ്‌ പിന്തുണയോടെ ഭരണം നടത്തിയ ഡെമോക്രാറ്റിക്‌ ഡെവലപ്‌മെന്റ്‌ ഫ്രണ്ട്‌ കോൺഗ്രസിൽ ലയിച്ചതോടെ യുഡിഎഫ്‌ ഭരണത്തിൽ തിരിച്ചെത്തിയിരുന്നു.

 

ജില്ലാ പഞ്ചായത്തിൽ സീറ്റുകൾ വർധിച്ചു

 

ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിനായിരുന്നു കഴിഞ്ഞ തവണ ഭരണം ലഭിച്ചത്‌. ആകെ 17 സീറ്റുകളിൽ എൽഡിഎഫിന്‌ എട്ട്‌, യുഡിഎഫിന്‌ ഏഴ്‌, ബിജെപിക്ക് രണ്ട്‌ സീറ്റുകളാണ്‌ ഉണ്ടായിരുന്നത്‌. കോൺഗ്രസിൽ നിന്നും പുറത്തുപോയ വൈസ് പ്രസിഡന്റ്‌ ഷാനവാസ്‌ പാദൂരെന്ന സ്വതന്ത്ര അംഗത്തിന്റെ പിന്തുണയിലാണ്‌ എൽഡിഎഫിന്‌ ഭരണം ഉറപ്പായത്‌. ഇക്കുറി ജില്ലാ പഞ്ചായത്തിലെ സീറ്റുകൾ 18 ആയി വർധിച്ചിട്ടുണ്ട്‌.

കാസർകോട് ജില്ലയിലെ ഭരണചിത്രം

ജില്ലയിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മുന്നണികൾ പ്രതീക്ഷിക്കുന്നത്.

ഭരണതലം

നിലവിലെ ഭരണം

കണക്ക്

ഗ്രാമ പഞ്ചായത്ത്

എൽഡിഎഫ് - 19, യുഡിഎഫ് - 15, ബിജെപി - 3

38 പഞ്ചായത്തുകൾ (മഞ്ചേശ്വരം അനിശ്ചിതത്വത്തിൽ)

നഗരസഭകൾ

എൽഡിഎഫ് (കാഞ്ഞങ്ങാട്, നീലേശ്വരം), യുഡിഎഫ് (കാസർകോട്)

3 നഗരസഭകൾ

ബ്ലോക്ക് പഞ്ചായത്ത്

എൽഡിഎഫ് - 4 (കാറഡുക്ക, പരപ്പ, കാഞ്ഞങ്ങാട്, നീലേശ്വരം), യുഡിഎഫ് - 2 (കാസർകോട്, മഞ്ചേശ്വരം)

6 ബ്ലോക്ക് പഞ്ചായത്തുകൾ

ജില്ലാ പഞ്ചായത്ത്

എൽഡിഎഫ് ഭരണം

17 സീറ്റുകൾ (എൽഡിഎഫ് 8, യുഡിഎഫ് 7, ബിജെപി 2)

എൽഡിഎഫിന്റെ ആത്മവിശ്വാസം

വികസനത്തിൽ തൽപരരായ സ്വതന്ത്രരുടെ പിന്തുണയും വീണ്ടും ഉറപ്പാക്കാനാണ്‌ എൽഡിഎഫിന്റെ നീക്കം. ഗ്രാമ പഞ്ചായത്തുകളിൽ ഭരണം വർധിപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ്‌ മുന്നണി. 'കഴിഞ്ഞ തവണ നിസാര വോട്ടിന്‌ നഷ്ടമായ പഞ്ചായത്തുകളിൽ ശക്തമായ തിരിച്ചുവരവ്‌ നടത്തും. ജില്ലയിലെ വികസന പ്രവർത്തനങ്ങളാണ്‌ എൽഡിഎഫിൻ്റെ മുഖ്യ പ്രചാരണ ആയുധം,' എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ പറഞ്ഞു.

ജില്ലയിലെ അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിലായി കിഫ്ബി (KIIFB - Kerala Infrastructure Investment Fund Board) വഴിയുള്ള വികസന പ്രവൃത്തികൾ വോട്ടായി മാറുമെന്നും എൽഡിഎഫ്‌ വിലയിരുത്തുന്നു.

യുഡിഎഫിന്റെ പ്രതീക്ഷ

ജില്ലാ പഞ്ചായത്തിൽ കുറഞ്ഞത്‌ പത്തു സീറ്റുകളെങ്കിലും നേടാനാണ്‌ യുഡിഎഫ്‌ ലക്ഷ്യമിടുന്നത്‌. 'കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എടുത്തുപറയത്തക്ക വികസനമൊന്നും നടന്നിട്ടില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫണ്ടുകൾ ഉപയോഗിച്ച്‌ സാധാരണ പ്രവൃത്തികൾ മാത്രമാണ്‌ നടന്നത്‌,' ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസൽ പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്‌ മഞ്ചേശ്വരം, വെള്ളരിക്കുണ്ട്‌ താലൂക്കുകളും കാസർകോട്‌ പാക്കേജുകളും ആരംഭിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മഞ്ചേശ്വരം പഞ്ചായത്ത്‌ അനിശ്ചിതത്വത്തിൽ

ആകെ 21 സീറ്റുകളുള്ള മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്‌. ഇവിടെ കോൺഗ്രസ്‌ പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച ജീൻ ലെവീന മൊന്തേരോ തെരഞ്ഞെടുപ്പിനു ശേഷം ബിജെപി പിന്തുണയോടെയാണ്‌ പ്രസിഡന്റായത്‌. മുസ്‌ലിംലീഗ്‌ റിബലായ മുഹമ്മദ്‌ റഫീഖാണ്‌ വൈസ് പ്രസിഡന്റ്‌. പഞ്ചായത്തിലെ മൂന്ന്‌ സ്റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷരും ബിജെപി അംഗങ്ങളാണ്‌. മഞ്ചേശ്വരം പഞ്ചായത്തിൽ മുസ്‌ലിംലീഗിന്‌ എട്ട്‌, ബിജെപിക്ക് ആറ്‌, സിപിഎമ്മിന്‌ രണ്ട്‌, എസ്ഡിപിഐക്ക് രണ്ട്‌, സിപിഐക്ക് ഒന്ന്‌, സ്വതന്ത്രർക്ക് രണ്ട്‌ സീറ്റുകളാണുള്ളത്‌.

ജില്ലാ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് ഫലം എങ്ങനെയായിരിക്കും? നിങ്ങളുടെ പ്രവചനം രേഖപ്പെടുത്തുക.

Article Summary: Kasaragod local body polls announced, political fronts begin campaigning for a fierce contest.

#KasaragodPolls #LBElection #LocalBodyPolls #LDF #UDF #KeralaPolitics

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia