കാസർകോട് കെഎസ്ആർടിസി ഡിപ്പോ കൊടി അലങ്കാരത്തിൽ മുങ്ങി; യാത്രക്കാർക്ക് ഫാനില്ല, യൂണിയനുകൾക്ക് താൽപ്പര്യവുമില്ല
● യാത്രക്കാർക്ക് കടുത്ത ചൂടിൽ ഫാനില്ലാതെ ദുരിതം.
● ഫാൻ സ്ഥാപിക്കാൻ കെഎസ്ആർടിസിക്ക് ഫണ്ടില്ല.
● യൂണിയനുകൾ ഈ വിഷയത്തിൽ താൽപ്പര്യം കാണിക്കുന്നില്ല.
● സന്നദ്ധ സംഘടനകൾക്ക് താൽപ്പര്യമില്ലായ്മ വിമർശനത്തിന് ഇടയാക്കി.
● പത്ത് ഫാനുകൾ സ്ഥാപിച്ചാൽ പ്രശ്നം പരിഹരിക്കാം.
കാസർകോട്: (KasargodVartha) ഇടത്, വലത്, ബിജെപി യൂണിയനുകളുടെ കൊടിതോരണങ്ങളാൽ കാസർകോട് കെഎസ്ആർടിസി ഡിപ്പോ നിറഞ്ഞിരിക്കുന്നു. അലങ്കാരങ്ങൾ ഇപ്പോൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടങ്ങളിൽ വരെ വ്യാപിച്ചിരിക്കുകയാണ്. കൊടിതോരണങ്ങൾ കെട്ടുന്നതിൽ യൂണിയനുകൾ തമ്മിൽ മത്സരമാണെന്ന ആക്ഷേപം ശക്തമാണ്.
അതേസമയം, ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ഇരിക്കാൻ പോലും സൗകര്യമില്ലാത്ത ഈ സ്ഥലത്ത് സീലിംഗ് ഫാനുകൾ സ്ഥാപിക്കാൻ കെഎസ്ആർടിസി അധികൃതർക്ക് ഫണ്ടില്ല. ഈ വിഷയത്തിൽ യൂണിയനുകൾക്കും യാതൊരു താൽപ്പര്യവുമില്ലെന്ന് പറയുന്നു.
ചില സന്നദ്ധ സംഘടന പ്രവർത്തകർ കാസർകോട് ലോട്ടറി ക്ലബ്ബിനെ സമീപിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. നിരവധി സന്നദ്ധ സംഘടനകൾ കാസർകോട് നഗരത്തിൽ സജീവമായിരിക്കുമ്പോഴും, ഇങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ അവർ താൽപ്പര്യം കാണിക്കാത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
കടുത്ത ചൂടിൽ, വിയർത്തൊലിച്ചാണ് യാത്രക്കാർ കാസർകോട് ഡിപ്പോയിൽ ബസ് കാത്തുനിൽക്കുന്നത്. വെറും പത്ത് സീലിംഗ് ഫാനുകൾ സ്ഥാപിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമാണിത്. എന്നാൽ, ‘പൂച്ചയ്ക്ക് ആര് മണികെട്ടും’ എന്ന അവസ്ഥയിലാണ് അധികൃതർ.
സർക്കാർ സ്ഥാപനമായതിനാൽ നഗരസഭയ്ക്കും ഈ വിഷയത്തിൽ നേരിട്ട് ഇടപെടാൻ പരിമിതികളുണ്ട്. ഈ ദുരവസ്ഥ ചില വ്യാപാരികൾ കാസർകോട് മർച്ചന്റ് അസോസിയേഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായൾ പങ്കുവെക്കുക. കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.
Summary: Kasaragod KSRTC depot is heavily decorated by union flags, but lacks basic facilities like fans for waiting passengers suffering in the heat. Neither KSRTC nor the unions seem interested in resolving this.
#Kasaragod, #KSRTC, #UnionDecoration, #PassengerWelfare, #BasicFacilities, #KeralaNews






