കെഎസ്ആർടിസി ബസ്റ്റാൻഡിന് പിന്നിലെ 'പാതാളക്കുഴി' അപകടക്കെണിയൊരുക്കുന്നു
● ചെളി തെറിക്കുന്നത് കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
● വ്യാപാരികളും യാത്രക്കാരും അധികാരികൾക്ക് പരാതി നൽകി.
● അപകടം ഒഴിവാക്കാൻ ഉടൻ കുഴി അടയ്ക്കണമെന്ന് ആവശ്യം.
● രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നു.
കാസർകോട്: (KasargodVartha) കെഎസ്ആർടിസി ബസ്റ്റാൻഡിന് പിറകുവശത്തെ റോഡിലെ വലിയ കുഴി യാത്രക്കാർക്ക് ദുരിതമാവുന്നു. ഈ 'പാതാളക്കുഴി' എത്രയും വേഗം അടയ്ക്കണമെന്നാണ് കെഎസ്ആർടിസി ജീവനക്കാരും ഇരുചക്രവാഹന യാത്രക്കാരും ആവശ്യപ്പെടുന്നത്.
കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം വർക്ക്‌ഷോപ്പ് സ്ഥിതി ചെയ്യുന്ന ഭാഗത്താണ് വലിയ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. കുഴിയിൽ നിറയെ ചെളിവെള്ളം കെട്ടിക്കിടക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇതുവഴി രാത്രികാലങ്ങളിൽ പോകുന്ന ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും അപകടത്തിൽപ്പെടുന്നതായും പരാതിയുണ്ട്.
പഴയ ബസ്റ്റാൻഡ് വഴി പുതിയ ബസ്റ്റാൻഡിലേക്ക് പോകുന്ന നിരവധി കെഎസ്ആർടിസി ബസുകൾ ഈ കുഴിക്ക് മുകളിലൂടെയാണ് കടന്നുപോയിരുന്നത്. എന്നാൽ, കുഴി കൂടുതൽ വലുതായതോടെ ബസുകൾ ഇതുവഴിയുള്ള യാത്ര നിർത്തി.
ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ സമീപത്തെ കടകളിലും കാൽനടയാത്രക്കാരുടെ മേലും തെറിക്കുന്നതായും പരാതിയുണ്ട്. ഇത് സമീപത്തെ വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
ഈ കുഴി മൂടാൻ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് കെഎസ്ആർടിസി ജീവനക്കാർ, യാത്രക്കാർ, വ്യാപാരികൾ എന്നിവരുടെ പ്രധാന ആവശ്യം.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് ഷെയർ ചെയ്യാനും മറക്കരുത്!
Article Summary: A large pit behind Kasaragod KSRTC bus stand creates commuter hardship.
#Kasaragod, #KSRTC, #RoadSafety, #KeralaNews, #Commuters, #Infrastructure






