കാസർകോട് നഗരമധ്യത്തിലെ കെപിആർ റാവു റോഡിൻ്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം ഇനിയും അകലെ; ദുരിതത്തിലായി വ്യാപാരികൾ
● കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം മുതൽ പോസ്റ്റ് ഓഫീസ് വരെയുള്ള ഭാഗം പൂർണ്ണമായി തകർന്നു.
● കനത്ത മഴയിൽ റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയ നിലയിലാണുള്ളത്.
● ബാങ്ക് റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന പാതയാണിത്.
● മൾട്ടി സിനിമാ തിയേറ്റർ ഉൾപ്പെടെ അനവധി വ്യാപാര സ്ഥാപനങ്ങളും വാണിജ്യ സമുച്ചയങ്ങളും ഈ ഭാഗത്തുണ്ട്.
കാസർകോട്: (KasargodVartha) നഗരസഭ ആസ്ഥാനത്തിന് ഏതാനും വാരകൾക്ക് സമീപമുള്ള നഗരമധ്യത്തിലെ കെ.പി.ആർ. റാവു റോഡിൻ്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം ഇനിയും അകലെ. വർഷങ്ങൾക്ക് ശേഷമാണ് കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് പിറകുവശമുള്ള റോഡും കുഴികളും മൂടി ഇൻ്റർലോക്ക് പാകി ഗതാഗത യോഗ്യമാക്കിയത്. എന്നാൽ മറ്റു ഭാഗങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ തകർന്ന് കിടക്കുന്ന റോഡ് നന്നാക്കാൻ യാതൊരു നടപടിയില്ലാത്തത് വലിയ പ്രതിസന്ധിയാവുന്നു.
ഇവിടെ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് സമീപത്തുനിന്ന് മുകളിലോട്ട് പോസ്റ്റ് ഓഫീസ് വരെയുള്ള റോഡ് പൂർണതോതിൽ തകർന്നു കിടക്കുന്നുണ്ട്. ഇത് പൂർണമായും കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് വ്യാപാരികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നത്. കനത്ത മഴയിൽ റോഡിൻ്റെ ഒരു ഭാഗം ഒലിച്ചുപോയ നിലയിലാണുള്ളത്.
ബാങ്ക് റോഡിന് ബദലാകുന്ന പാത
കെ.പി.ആർ. റാവു റോഡ് വലിയ വാഹനത്തിരക്കേറിയ നഗരത്തിലെ പ്രധാന റോഡുകളിൽ ഒന്നാണ്. ബാങ്ക് റോഡിലെ വലിയ ഗതാഗത കുരുക്ക് ഒഴിവാക്കാൻ പലരും വാഹനങ്ങൾ തിരിച്ചു വിടുന്നതും കെ.പി.ആർ. റാവു റോഡിലൂടെയാണ്.

കച്ചവടം മുട്ടി വ്യാപാരികൾ
കെ.പി.ആർ. റാവു റോഡിൻ്റെ വിവിധ ഭാഗങ്ങളിൽ റോഡ് തകർന്നുകിടക്കുന്നത് വർഷങ്ങളായി തുടരുകയാണ്. ഈ ഭാഗത്താണ് മൾട്ടി സിനിമാ തിയേറ്റർ ഉൾപ്പെടെ ടെലികോം കമ്പനി ഓഫീസ്, ചെറുതും വലുതുമായ അനവധി വ്യാപാര സ്ഥാപനങ്ങൾ, വാണിജ്യ കെട്ടിട സമുച്ചയങ്ങളൊക്കെയുള്ളത്.
ദിനംപ്രതി ജനത്തിരക്കും വാഹനത്തിരക്കും ഏറി വരുന്നുമുണ്ട്. ഇതിനിടയിലെ നിരന്തരമുള്ള റോഡ് തകർച്ച വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലെ തകർന്നുകിടക്കുന്ന കെ.പി.ആർ. റാവു റോഡ് അടിയന്തരമായി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് വ്യാപാരികളുടെ ശക്തമായ ആവശ്യം.
ഈ ജനകീയ പ്രശ്നം നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Kasaragod KPR Rao Road is severely damaged, causing hardship to local traders.
#KasargodVartha #KasaragodNews #KPRRaoRoad #CivicIssues #KeralaNews #PublicWorks #MalayalamNews #AparnaNews






