Koodothram | കാസർകോട്ട് റെയിൽ പാളത്തിലും 'കൂടോത്ര പൊതി' കണ്ടെത്തി; പൊലീസെത്തി പരിശോധന നടത്തി
ചന്ദ്രഗിരി റെയിൽ പാലം കഴിഞ്ഞ ശേഷമുള്ള സ്ഥലത്താണ് ശനിയാഴ്ച രാവിലെ വസ്‌തു കണ്ടെത്തിയത്.
കാസർകോട്: (KasargodVartha) കെപിസിസി പ്രസിഡന്റിന്റെ വീട്ടിൽ നിന്നും കൂടോത്ര രൂപം കണ്ടെടുത്ത വിഷയം ചർച്ചാ വിഷയമായിരിക്കെ കാസർകോട്ട് റെയിൽ പാളത്തിലും കൂടോത്ര പൊതി കണ്ടെത്തി. ചന്ദ്രഗിരി റെയിൽ പാലം കഴിഞ്ഞ ശേഷമുള്ള സ്ഥലത്താണ് ശനിയാഴ്ച രാവിലെ വസ്‌തു കണ്ടെത്തിയത്.
ചരട് കെട്ടിയ കൂടോത്രം കടലാസിൽ പൊതിഞ്ഞ ശേഷം അത് കെട്ടുകമ്പി ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു. സംഭവം കണ്ട പ്രദേശവാസികളാണ് പൊലീസിനെ വിവരം വിളിച്ചറിയിച്ചത്. തുടർന്ന് പൊലീസെത്തി തുറന്നുനോക്കിയപ്പോഴാണ് കൂടോത്ര പൊതിയാണെന്ന് വ്യക്തമായത്.
ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. ട്രെയിൻ യാത്രയ്ക്കിടെയിൽ ആരെങ്കിലും ശൗചാലയത്തിലൂടെ താഴേക്കിട്ടതാണെന്ന് സംശയിക്കുന്നു. സംശയിക്കത്തക്ക കാര്യമല്ലാത്തതിനാൽ ഇതേകുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയോ ബന്ധപ്പെട്ടവരെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
കേരള രാഷ്ട്രീയത്തിൽ കൂടോത്രം നടക്കുന്നതുമായി ബന്ധപ്പെട്ട വിഷയം കത്തി നിൽക്കുമ്പോഴാണ് കാസർകോട്ടെ റെയിൽ പാളത്തിലും ഇത്തരത്തിലൊരു പൊതി കണ്ടെത്തിയത് എന്നത് ചർച്ചയായി മാറി.