Adalat | മന്ത്രിമാർ നേതൃത്വം നൽകുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തിന് കാസർകോട്ട് തുടക്കമായി
● മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് അദാലത്ത് ഉദ്ഘാടനം ചെയ്തത്.
● മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
● ഇതുവരെ 1065 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
● വിവിധ താലൂക്കുകളിലായി ജനുവരി 6 വരെ അദാലത്ത് നടക്കും
കാസർകോട്: (KasargodVartha) സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, പൊതുജനങ്ങളുടെ ദുരിതങ്ങൾക്ക് സാന്ത്വനമേകാൻ ലക്ഷ്യമിട്ടുള്ള 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തിന് കാസർകോട്ട് പ്രൗഢമായ തുടക്കം. കാസർകോട് മുൻസിപ്പൽ ടൗൺഹാളിൽ സംസ്ഥാന രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ന്യൂനപക്ഷ ക്ഷേമം, കായികം, ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. എൻ എ നെല്ലിക്കുന്ന് എംഎൽഎ, സി എച്ച് കുഞ്ഞമ്പു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, കാസർകോട് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ അബ്ബാസ് ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ സിഎ സൈമ, സിജി മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
ജില്ലാ കലക്ടർ കെ ഇമ്പശേഖർ സ്വാഗതം പറഞ്ഞു. അദാലത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും അതിന്റെ നടത്തിപ്പിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. അദാലത്തിൽ ഉയർന്നുവന്ന ഓരോ പരാതിയും സൂക്ഷ്മമായി പരിശോധിക്കുമെന്നും അർഹമായ പരിഹാരം എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും അധികൃതർ ഉറപ്പ് നൽകി. കാസർകോട് താലൂക്ക് തല അദാലത്താണ് മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്നത്.
ലഭിച്ചത് 1065 അപേക്ഷകൾ
രജിസ്ട്രേഷൻ, പുരാരേഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ, കടന്നപ്പള്ളി, കായികം ന്യൂനപക്ഷക്ഷേമം വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ എന്നിവരാണ് കാസർകോട് ജില്ലയിലെ നാലു താലൂക്കുകളിലും കരുതലും കൈത്താങ്ങും അദാലത്തിന് നേതൃത്വം നൽകുന്നത്.
മന്ത്രിമാർ നടത്തുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിലേക്ക് കാസർകോട് ജില്ലയിൽനിന്ന് ഇതുവരെ 1065 അപേക്ഷകൾ ലഭിച്ചു. ഹൊസ്ദുർഗ് താലൂക്ക് 362, കാസർകോട് താലൂക്ക് 305, മഞ്ചേശ്വരം 232, വെള്ളരിക്കുണ്ട് 166 പരാതികളാണ് ലഭിച്ചത്.
ജനുവരി മൂന്നിന് ഹൊസ്ദുർഗ് താലൂക്ക് അദാലത്ത് കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺഹാളിലും, നാലിന് മഞ്ചേശ്വരം താലൂക്ക് അദാലത്ത് ഉപ്പളയിലും, ആറിന് വെള്ളരിക്കുണ്ട് താലൂക്ക് അദാലത്ത് വെള്ളരിക്കുണ്ടിലും നടക്കും. പരാതികൾ സമർപ്പിച്ചവർക്ക് അദാലത്ത് വേദിയിൽ മറുപടി നൽകും. മറുപടി തൃപ്തികരമല്ലെങ്കിൽ മന്ത്രിമാരെ കണ്ട് അപേക്ഷകന് ബോധിപ്പിക്കാവുന്നതാണ്.
#KaruthalumKaithangum #Kasaragod #KeralaGovernment #PublicGrievances #Adalat #KeralaNews