ഓവുചാൽ ഇല്ലാത്ത റോഡുകൾ, അപകടങ്ങളുടെ പെരുമഴ; കാസർകോട്-കാഞ്ഞങ്ങാട് പാതയിലെ ദുരിതം തുടരും; നാട്ടുകാർ പ്രതിഷേധത്തിൽ
-
ഹൈകോടതി അധികൃതർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
-
കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതി ആരോപണം നിലനിൽക്കുന്നു.
-
മഴയ്ക്ക് ശേഷം പുനർനിർമ്മാണം തുടങ്ങുമെന്ന് പിഡബ്ല്യുഡി അറിയിച്ചു.
-
ആവശ്യമായ സ്ഥലങ്ങളിൽ ഓവുചാൽ നിർമ്മിക്കുമെന്നും പിഡബ്ല്യുഡി വ്യക്തമാക്കി.
കാസർകോട്: (KasargodVartha) തകർന്നു ഗതാഗത തടസ്സം നേരിടുന്ന കാസർകോട്-കാഞ്ഞങ്ങാട് ചന്ദ്രഗിരി കെ.എസ്.ടി.പി. റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ആലോചനകൾ ആരംഭിച്ചെങ്കിലും, ഓവുചാലുകൾ ഉൾപ്പെടുത്താതെ വീണ്ടും ദീർഘവീക്ഷണമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചാണ് അധികൃതർ ചിന്തിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
ഇത് നാട്ടുകാരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്. നിലവിൽ ഈ റോഡിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് ഓവുചാൽ നിർമ്മിച്ചിട്ടുള്ളത്. റോഡിന്റെ ആദ്യ നിർമ്മാണ സമയത്ത് തന്നെ അധികൃതരുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്നിരുന്നെങ്കിലും, പിന്നീട് ഓവുചാലുകൾ നിർമ്മിക്കാമെന്നാണ് അന്ന് അവർ ഉറപ്പ് നൽകിയിരുന്നത്.
റോഡ് തകർച്ചയുടെ പ്രധാന കാരണം
കാസർകോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി. പാതയിൽ മിക്ക സ്ഥലങ്ങളിലും വലിയ കുഴികളും ഗർത്തങ്ങളും രൂപപ്പെട്ടതിന്റെ പ്രധാന കാരണം റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതുമൂലമാണ്. ഈ പ്രശ്നം നാട്ടുകാർ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

ഇതിന് ശാശ്വത പരിഹാരമായി റോഡിന് ഇരുവശത്തും ശരിയായ ഡ്രെയിനേജ് സംവിധാനങ്ങളോടുകൂടിയ പുനർനിർമ്മാണമാണ് വേണ്ടതെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നു. എന്നാൽ അധികൃതർ ഈ ആവശ്യങ്ങളെ അവഗണിക്കുകയാണെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം.
കോട്ടരുവത്ത് നിർമ്മിച്ച പാലത്തിൽ പോലും വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണുള്ളത്. ബേക്കൽ പാലത്തിലും ചന്ദ്രഗിരി പാലത്തിലും വലിയ കുഴികൾ രൂപപ്പെടുന്നത് അശാസ്ത്രീയമായ നിർമ്മിതി കാരണമാണെന്നും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണമെന്നതിലും തർക്കമില്ല.

കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ആശങ്കകൾ?
റോഡ് വികസനം ഒരു ഹൈടെക് സംവിധാനത്തിൽ നടത്തിയാൽ, വർഷാവർഷം നടത്തുന്ന കുഴിയടക്കലും മറ്റ് അറ്റകുറ്റപ്പണികളും വഴി കരാറുകാർക്ക് ലഭിക്കുന്ന വലിയ സാമ്പത്തിക ലാഭം ഇല്ലാതാകുമെന്ന ഭയം നിർമ്മാണം ഏറ്റെടുക്കുന്ന കരാറുകാർക്കുള്ളതായി ആരോപണമുണ്ട്.

കൂടാതെ, ഉദ്യോഗസ്ഥരും കരാറുകാരിൽ നിന്ന് ഇതിന്റെ പങ്ക് കൈപ്പറ്റുന്നുവെന്ന പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ, റോഡ് നിർമ്മാണം പഴയപോലെതന്നെ മതിയെന്ന നിലയിലാണ് ഇപ്പോൾ ചർച്ചകൾ മുന്നോട്ട് പോകുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
തുടരുന്ന ദുരിതം, ഹൈക്കോടതിയുടെ ഇടപെടൽ
കാസർകോട്-കാഞ്ഞങ്ങാട് ചന്ദ്രഗിരി കെ.എസ്.ടി.പി. റോഡിൽ മഴക്കാലത്ത് രൂപപ്പെടുന്ന കുഴികളും, ഗർത്തങ്ങളും, റോഡ് തകർച്ചയും ഒരു പുതിയ വാർത്തയല്ല. എല്ലാ കാലവർഷത്തും ഇതേ അവസ്ഥ തന്നെയാണ് ഈ പാതയ്ക്ക് നേരിടേണ്ടി വരുന്നത്. ഈ വർഷം മഴ ആരംഭിച്ചത് മുതൽ റോഡിന്റെ തകർച്ച പൂർണ്ണമായ നിലയിലാണ്. അനേകം കെ.എസ്.ആർ.ടി.സി. ബസ്സുകൾ സർവീസ് നടത്തുന്ന ചന്ദ്രഗിരിപ്പാതയിൽ വലിയ തോതിലുള്ള ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്.
റോഡിലെ കുഴികളിൽ വീണ് ഡസൻ കണക്കിന് ഇരുചക്രവാഹനക്കാർക്കാണ് ദിവസവും പരിക്കേൽക്കുകയും എന്തിനേറെ നിരവധി മരണങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഒട്ടനേകം വാഹനങ്ങൾ കുഴിയിൽ വീണ് കേടായി കിടക്കുന്നത് ഈ റോഡിലെ നിത്യ കാഴ്ചയാണ്. കുഴികളിൽ പൊടിയിട്ട് താൽക്കാലികമായി അടക്കാനുള്ള ശ്രമങ്ങൾ മഴ ശക്തിപ്രാപിച്ചതുമൂലം കാര്യമായി നടന്നതുമില്ല. തുടർന്നാണ് ഇപ്പോൾ റോഡ് പുനർനിർമ്മാണത്തെക്കുറിച്ച് ബന്ധപ്പെട്ടവർ ആലോചന നടത്തുന്നത്. എന്നിട്ടും ശാസ്ത്രീയമായ പദ്ധതികൾ വേണമെന്ന ആവശ്യത്തോട് അധികൃതർ മുഖം തിരിക്കുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്.

അതിനിടെ, റോഡുകളിൽ അപകടങ്ങളും മരണങ്ങളും വർധിക്കുമ്പോഴും ബന്ധപ്പെട്ട അധികൃതർ നിഷ്ക്രിയത്വം പാലിക്കുന്നതിനെതിരെ ഹൈക്കോടതി കഴിഞ്ഞ ആഴ്ച രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് പരിഗണിച്ച ഹർജികളിലാണ് കോടതിയുടെ ഈ നിരീക്ഷണങ്ങൾ.
കുഴികൾ നിറഞ്ഞ റോഡിലൂടെ ഇരുചക്രവാഹന യാത്ര അതിദുഷ്കരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹെൽമറ്റ് നിർബന്ധമാക്കിയ സർക്കാർ, റോഡിലെ കുഴികൾ മൂലം ഉണ്ടാകുന്ന മരണങ്ങൾക്കും പരിക്കുകൾക്കും കൂടി മറുപടി പറയണമെന്ന് കോടതി നിരീക്ഷിച്ചു.

മഴ അവസാനിച്ചാലുടൻ പുനർനിർമ്മാണം നടത്തുമെന്ന് പിഡബ്ല്യുഡി; ആവശ്യമായ സ്ഥലങ്ങളിൽ ഓവുചാലും ഉണ്ടാകും; പദ്ധതി 37 കോടി രൂപയുടേത്
മഴ അവസാനിച്ചാലുടൻ കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ പുനർനിർമ്മാണം ആരംഭിക്കുമെന്നും ആവശ്യമായ സ്ഥലങ്ങളിൽ ഓവുചാൽ ഉണ്ടാകുമെന്നും പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനീയർ സവിത കാസർകോട് വാർത്തയോട് പറഞ്ഞു. അത്യാവശ്യ സ്ഥലങ്ങളിൽ മാത്രമാണ് ഓവുചാൽ പണിയുക.
മുഴുവൻ സ്ഥലങ്ങളിലും ഓവുചാൽ നിർമിക്കാൻ സാധിക്കില്ല. നേരത്തെ കെഎസ്ടിപി റോഡിൽ നിർമിച്ച ഓവുചാലുകൾക്ക് പുറമെ ആവശ്യമായ സ്ഥലങ്ങളിൽ വെള്ളം പോവാൻ വഴിയൊരുക്കും. മുഴുവൻ സ്ഥലങ്ങളിലും ഓവുചാൽ നിർമിക്കാൻ സാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പുനർനിർമ്മാണ പ്രവർത്തനം എത്രയും പെട്ടെന്ന് തുടങ്ങാനാണ് നിർദ്ദേശിച്ചിട്ടുള്ളതെന്നും എ ഇ (പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ) ബൈജു ചെറുവങ്ങാട്ടും പറഞ്ഞു. ഓവുചാൽ ഇല്ലാത്തതുകാരണം റോഡ് തകർച്ച ഉണ്ടാകുന്ന സ്ഥലങ്ങളിലായിരിക്കും ഓവുചാൽ നിർമിക്കുകയെന്നും അധികൃതർ സൂചിപ്പിച്ചു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക.
Article Summary: Kasaragod-Kanhangad road renovation sparks drainage dispute.
#Kasaragod #Kanhangad #RoadConstruction #KeralaHighCourt #PublicProtest #Infrastructure






