city-gold-ad-for-blogger

കാസർകോട് ഐ ഐ പി ഡി സെന്റർ; ആദ്യഘട്ടം ജൂണിൽ നാടിന് സമർപ്പിക്കും

Aerial view of the IIPD campus under construction in Madikkai, Kasaragod.
Photo: Special Arrangement

● മടിക്കൈയിൽ 22 ഏക്കർ സ്ഥലത്ത് 120 കോടി രൂപ ചിലവിലാണ് പദ്ധതി ഒരുങ്ങുന്നത്.
● ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമ്മാണച്ചുമതല; പൂർണ്ണമായും ഭിന്നശേഷി സൗഹൃദമായ നിർമ്മാണം.
● 2029-ഓടെ പദ്ധതി പൂർണ്ണമാകുമ്പോൾ പ്രതിവർഷം 1000 പേർക്ക് പരിശീലനം നൽകാൻ സാധിക്കും.
● എൻഡോസൾഫാൻ ദുരിതബാധിതർ ഉൾപ്പെടെയുള്ളവർക്ക് ഈ കേന്ദ്രം വലിയ ആശ്വാസമാകും.
● ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഡിഫറന്റ് ആർട് സെന്ററാണ് പദ്ധതിയുടെ മുഖ്യസൂത്രധാരകർ.

കാഞ്ഞങ്ങാട്: (KasargodVartha) തിരുവനന്തപുരം ഡിഫറന്റ് ആർട് സെന്ററിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിനായി കാസർകോട് ആരംഭിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ് (ഐ ഐ പി ഡി) സംരംഭത്തിന്റെ ആദ്യഘട്ടം ജൂണിൽ പൂർത്തിയാകും.

ആദ്യഘട്ടം ജൂണിൽ

ഏർലി ഇന്റർവെൻഷൻ സെന്റർ, തെറാപ്പി യൂണിറ്റുകൾ, കലാപരിശീലന സമുച്ചയം, ഓഫീസ് സംവിധാനങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തന സജ്ജമാകുന്നത്. 2025 ഫെബ്രുവരി 23-നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി പ്രകാശനം നടത്തിയത്. 

തുടർന്ന് ഊരാളുങ്കൽ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ നടന്നുവരികയാണ്. പൂർണ്ണമായും ഭിന്നശേഷി സൗഹൃദമായ നിർമ്മാണപ്രവർത്തനങ്ങളാണ് ഇവിടെ നടത്തുന്നത്.

Aerial view of the IIPD campus under construction in Madikkai, Kasaragod.

ബേക്കൽ കോട്ടയുടെ മാതൃക

കാസർകോട് ജില്ലയുടെ പ്രൗഡി വിളിച്ചോതുന്ന ബേക്കൽ കോട്ടയുടെ മാതൃകയിലാണ് കലാപരിശീലന സമുച്ചയം നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ ഐ ഐ പി ഡി സന്ദർശകർക്ക് ഏറെ കൗതുകവും വിസ്മയകരവുമായ നിമിഷങ്ങൾ ഇവിടെ ആസ്വദിക്കുവാനും സാധിക്കും. തിരുവനന്തപുരം ഡിഫറന്റ് ആർട് സെന്ററിന്റെ മാതൃകയെ ആസ്പദമാക്കി വിപുലീകരിച്ച സംവിധാനങ്ങളാണ് കാഞ്ഞങ്ങാട് മടിക്കൈയിൽ 22 ഏക്കർ സ്ഥലത്ത് ഒരുങ്ങുന്നത്.

വിപുലമായ സൗകര്യങ്ങൾ

അന്തർദ്ദേശീയ നിലവാരത്തിലുള്ള കലാകായിക പരിശീലന സംവിധാനങ്ങൾ, അത്യാധുനിക തെറാപ്പി സൗകര്യങ്ങൾ, പേഴ്‌സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, മെഡിക്കൽ സൗകര്യങ്ങൾ, ട്രെയിനിംഗ് സെന്ററുകൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഉണ്ടാവുക. 

ഇന്ത്യയിലാദ്യമായാണ് ഇത്രയധികം വിഭാഗങ്ങൾ ഒരുമിച്ച് ചേരുന്ന സംരംഭം നടപ്പിലാകുന്നത്. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരടക്കം സംസ്ഥാനത്തെയും ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാർക്ക് ആശ്രയമാകുന്ന തരത്തിലാണ് സെന്റർ നിർമ്മിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനമായി ഐ ഐ പി ഡി മാറും.

Aerial view of the IIPD campus under construction in Madikkai, Kasaragod.

120 കോടിയുടെ പദ്ധതി

120 കോടി രൂപ ചിലവ് വരുന്ന ബൃഹദ്പദ്ധതിയാണ് ഇവിടെ ആസൂത്രണം ചെയ്യുന്നത്. 2029-ഓടുകൂടി പദ്ധതി പൂർണ്ണമായും പ്രവർത്തന സജ്ജമാകും. ഇതോടെ പ്രതിവർഷം 1000 ഭിന്നശേഷിക്കാർക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുവാൻ കഴിയും. 

തിരുവനന്തപുരത്തെ ഡിഫറന്റ് ആർട് സെന്റർ മോഡലിന്റെ പ്രാധാന്യം കൂടുതലിടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കണമെന്ന് ഈ രംഗത്തെ പ്രമുഖരും വിദഗ്ദ്ധരും അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് വിപുലമായ ക്രമീകരണങ്ങളോടെ കാസർകോട് ജില്ലയിൽ പദ്ധതി ആരംഭിക്കുന്നതെന്ന് പദ്ധതി വിശദീകരണ യോഗത്തിൽ ഐ ഐ പി ഡിയുടെ മുഖ്യസൂത്രധാരനും ഡിഫറന്റ് ആർട്ട് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഗോപിനാഥ് മുതുകാട് പറഞ്ഞു.

മുഖ്യധാരയിലേക്ക് ഉയർത്താൻ ലക്ഷ്യം

പാർശ്വവൽക്കരിക്കപ്പെട്ട ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനും അവർക്കും സമൂഹത്തിൽ തുല്യമായ ഒരിടം ഉറപ്പുവരുത്തുവാനുമായാണ് പദ്ധതി ഒരുക്കുന്നത്. ഇത്തരമൊരു വലിയ പദ്ധതിക്ക് സമൂഹത്തിന്റെ നാനാതുറയിൽ നിന്നും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 

യോഗത്തിൽ ഐ ഐ പി ഡി ഡയറക്ടർ മിനു കെ, ഡി എ സി ഇന്റർവെഷൻ ഡയറക്ടർ ഡോ. അനിൽകുമാർ നായർ, സി എഫ് ഒ അശ്വതി നിഷാന്ത്‌, പോൾ കറുകപ്പള്ളിൽ, പ്രശാന്തൻ തുടങ്ങിയവർ പങ്കെടുത്തു.

പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: The first phase of IIPD, an international institute for differently-abled people in Kasaragod, will open in June 2026.

#KasaragodNews #IIPD #GopinathMuthukad #DifferentArtCentre #Kanhangad #Inclusion #DisabledRights #KVARTHA

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia