Allegation | 'മികച്ച ചികിത്സ നൽകുന്നില്ല, സംവിധാനവുമില്ല', കാസർകോട്ടെ ചില ആശുപത്രികൾ രോഗികളെ ഗുരുതരാവസ്ഥയിൽ മംഗ്ളൂറിലേക്കും പരിയാരത്തേക്കും റഫർ ചെയ്യുന്നുവെന്ന് ആക്ഷേപം
● ഐസിയുവിൽ കിടത്തി വരുമാനം നേടാനുള്ള ശ്രമമെന്ന് ആക്ഷേപം
● രോഗികളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്നതായും പരാതി
● ഒരുപാട് പരാതികളാണ് ദിവസേന ഉയർന്നുവരുന്നത്
കാസർകോട്: (KasargodVartha) സംസ്ഥാനത്ത് ചില സ്വകാര്യ ആശുപത്രികളിൽ ചികിത്സാ പിഴവുകളും, മരണങ്ങളും കൂടെ കൂടെ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ജില്ലയിലെ ചില സ്വകാര്യാശുപത്രികൾ രോഗികൾക്ക് നേരാംവണ്ണം ചികിത്സ ലഭ്യമാക്കാതെയും, ആശുപത്രികളിൽ ചികിത്സാ സംവിധാനം ഒരുക്കാതെയും ഐസിയുവിൽ കിടത്തി രോഗികളെ ഗുരുതരാവസ്ഥയിലാക്കി മംഗ്ളൂറിലേക്കും, പരിയാരത്തേക്കും റഫർ ചെയ്യുന്നത് ഏറിവരുന്നതായും ഇത് രോഗികളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്നതായും ആക്ഷേപം.
അവഗണന നേരിടുന്ന ജില്ലയിലെ ആരോഗ്യരംഗത്ത് മികച്ച ആധുനിക സംവിധാനമുള്ള ആശുപത്രികൾ പരിമിതമാണ്. സർക്കാരിന്റെ മെഡിക്കൽ കോളജാകട്ടെ 10 വർഷം പിന്നിട്ടിട്ടും പണിപൂർത്തിയാകാതെ 'ക്ലിനിക്' ആയി പ്രവർത്തിക്കുന്നു എന്ന നാണക്കേടും ജില്ലയ്ക്കുണ്ട്. വൻകിട വ്യവസായികൾ ജില്ലയിൽ പ്രഖ്യാപിച്ച ആശുപത്രികൾകൊന്നും ഇതുവരെ ജീവൻ വെച്ചിട്ടില്ല. ആരംഭിച്ചതിലാകട്ടെ ആധുനിക ചികിത്സ സംവിധാനങ്ങൾ ഒന്നുമില്ല. രോഗികളെയും കൊണ്ട് മംഗ്ളൂരിലേക്കും, പരിയാരത്തേക്കും ആംബുലൻസുകളിൽ കുതിക്കുന്ന കാഴ്ചയാണ് ജില്ലയിൽ ഇപ്പോഴുമുള്ളത്.
ഇതിനിടയിലാണ് രോഗികളുടെ ജീവൻ പണയപ്പെടുത്തി ചില സ്വകാര്യാശുപത്രികൾ വരുമാനം ഉണ്ടാക്കാൻ രോഗികളെ ഐസിയുവിൽ കിടത്തി പരീക്ഷിക്കുന്നതായുള്ള പരാതി ഉയർന്നിരിക്കുന്നത്. ചികിത്സാസംവിധാനം ഇല്ലാതെ എന്തിനാണ് ഇത്തരത്തിൽ രോഗികളുടെ ജീവൻ അപായപ്പെടുത്തുന്നത് എന്ന ചോദ്യമാണ് ജനങ്ങളിൽ നിന്നുയരുന്നത്. രോഗികളുടെ നില അതീവ ഗുരുതരാവസ്ഥയിലായതിന് ശേഷമാണ് ആശുപത്രി അധികൃതർ കുടുംബാംഗങ്ങളെ വിളിച്ച് മംഗ്ളൂറിലേക്കോ പരിയാരത്തേക്കോ കൊണ്ടുപോകാൻ നിർദേശിക്കുന്നതെന്നാണ് പറയുന്നത്.
ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്ന് ജില്ലയിൽ രോഗികളിൽ നിന്നും, കുടുംബാംഗങ്ങളിൽ നിന്നും ഒരുപാട് പരാതികളാണ് ദിവസേന ഉയർന്നുവരുന്നത്.എന്നാൽ രേഖാമൂലം നൽകുന്ന പരാതിക്കുപോലും നടപടി ഉണ്ടാകുന്നില്ല എന്നാണ് ആക്ഷേപം. അതേസമയം ചികിത്സാ പിഴവുകൾ ചൂണ്ടിക്കാട്ടി രോഗികളുടെ ബന്ധുക്കൾ ബഹളം വെച്ചാൽ അവർക്കെതിരെ കേസെടുക്കാനാണ് പൊലീസും, ആശുപത്രി അധികൃതരും ശ്രമിക്കുന്നതെന്ന പരാതിയുമുണ്ട്.