Event | കെഎംസിസിയുടെ ടി ഉബൈദ് സ്മാരക പുരസ്‌കാരം സച്ചിദാനന്ദന്; ശിഹാബ് തങ്ങള്‍ സ്മൃതി സംഗമം ഓഗസ്റ്റ് 27ന് കാസര്‍കോട്ട്
കാസര്‍കോട്: (KasargodVartha) മഹാകവി ടി ഉബൈദിന്റെ സ്മരണയ്ക്കായി ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ടി ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം വിഖ്യാത കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും സംസ്‌കാരിക രംഗത്തെ പ്രമുഖനുമായ പ്രൊഫ. കെ സച്ചിദാനന്ദന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മൃതി സംഗമം ഓഗസ്റ്റ് 27ന് രാവിലെ 10 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ സ്മരണയില്‍ ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ഇസാദ് 2024' ചികിത്സാ ധനസഹായ വിതരണവും ഈ സന്ദര്‍ഭത്തില്‍ നടക്കും. മാരക രോഗങ്ങള്‍ ബാധിച്ച നിരാലംബരായ രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ടി ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം
കവിതയിലും മലയാള ഭാഷയിലും അതോടൊപ്പം, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും ശ്രദ്ധേയ സംഭാവനകളര്‍പ്പിച്ചതിനാണ് ഉബൈദിന്റെ ജ്വലിക്കുന്ന സ്മരണകള്‍ നിലനിര്‍ത്താന്‍ ഏര്‍പ്പെടുത്തിയ രണ്ടാമത് പുരസ്‌കാരത്തിന് സച്ചിദാനന്ദനെ ജൂറി അംഗങ്ങളായ ഡോ: എം കെ മുനീര്‍ എം.എല്‍.എ, ടി.പി. ചെറൂപ്പ, കല്ലട്ര മാഹിന്‍ ഹാജി, എ അബ്ദുല്‍ റഹ്‌മാന്‍, യഹ്യ തളങ്കര, ജലീല്‍ പട്ടാമ്പി എന്നിവരാണ് തെരഞ്ഞെടുത്തത്.
ടി ഉബൈദിന്റെ വേര്‍പാടിന്റെ 52 വര്‍ഷം പിന്നിട്ട വേളയില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതേതര മൂല്യങ്ങളുടെയും സാഹോദര്യത്തിന്റെയും പ്രചാരകനും കാവലാളുമെന്ന നിലയിലാണ് സച്ചിദാനന്ദന്‍ മാസ്റ്ററെ ഈ പുരസ്‌കാരത്തിന് തെരഞ്ഞെടുതെന്നും ആദരിക്കാനാകുന്നതില്‍ വലിയ ആഹ്ളാദവും അഭിമാനവുമുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ഇംഗ്ലീഷ് പ്രൊഫസറായ സച്ചിദാന്റേതായി മലയാളത്തില്‍ 42 കൃതികളും കവിതാ സമാഹാരങ്ങളും, ഇംഗ്ലീഷില്‍ 9 കൃതികളും, അറബിക്, ഐറിഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, ചൈനീസ്, ജാപനീസ് ഭാഷകളില്‍ 41 വിവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സാഹിത്യത്തെ കുറിച്ച് ഇംഗ്ലീഷില്‍ 5 പുസ്തകങ്ങളും, ലോക കവിതകളില്‍ നിന്നും ഡസനിലധികം പരിഭാഷകളും എഡിറ്റ് ചെയ്തവയുമടക്കം 20 ഗ്രന്ഥങ്ങളുമുണ്ട്. പ്രസിദ്ധമായ എഴുത്തച്ഛന്‍ പുരസ്‌കാരം, മാതൃഭൂമി സാഹിത്യ പുരസ്‌കാരം, കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, കേരള യൂണിവേഴ് സിറ്റിയുടെ ഒ.എന്‍.വി അവാര്‍ഡ്, കര്‍ണാടക, ആന്ധ്ര, ഒഡീഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ പ്രമുഖ പുരസ്‌കാരങ്ങള്‍ എന്നിവയുള്‍പ്പെടെ 75ലധികം പ്രമുഖ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ആറ് ഭൂഖണ്ഡങ്ങളിലായി 30ലധികം രാജ്യങ്ങളിലെ പുസ്തക മേളകളില്‍ കവിതകള്‍ അവതരിപ്പിക്കുകയും, പ്രഭാഷണം നടത്തുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലെ പ്രധാന പ്രസാധകര്‍ക്ക് പുറമെ, പ്രസിദ്ധമായ ഹാര്‍പര്‍ കോളിന്‍സ്, പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് അടക്കമുള്ള മറ്റു പ്രമുഖ അന്താരാഷ്ട്ര പ്രസാധകരും അദ്ദേഹത്തിന്റെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവാസ സമൂഹവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സച്ചിദാനന്ദന്‍, ഈ മേഖലയിലെ സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെ പ്രചോദകനും നേതൃസാന്നിധ്യവുമാണ്. പ്രവാസ ലോകത്ത് നിന്നുള്ള രചനകള്‍ സമാഹരിച്ച് 'മൂന്നാമിടം' എന്ന കവിതാ ഗ്രന്ഥം അദ്ദേഹം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാഹിത്യകാരന്‍, കവി, അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളിലെല്ലാം പ്രാഗല്‍ഭ്യമുണ്ടായിരുന്ന വ്യക്തിത്വമാണ് ഉബൈദ് മാസ്റ്റര്‍. സമൂഹത്തില്‍ നില നിന്നിരുന്ന നിരക്ഷരതയും അന്ധവിശ്വാസവും തുടച്ച് നീക്കാന്‍ ടി ഉബൈദ് അക്ഷീണം പ്രവര്‍ത്തിച്ചിരുന്നു.
ഉത്തര മലബാറില്‍ നിന്നും സാഹിത്യ രംഗത്ത് തിളങ്ങിയിരുന്ന ടി ഉബൈദ് അക്കാലത്തെ മിക്ക സാഹിത്യ പരിഷത്ത് സമ്മേളനങ്ങളിലും പങ്കെടുത്ത് പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് മലയാള സാഹിത്യത്തിന് മികച്ച സംഭാവനകള്‍ നല്‍കിയിരുന്നു.
മലയാളത്തിലും കന്നടയിലും അറബിയിലും അറബി മലയാളത്തിലും ഒരു പോലെ കവിതകളെഴുതിയ ഉബൈദ് മലയാളത്തില്‍ നിന്നും കന്നഡയിലേക്കും, കന്നടയില്‍ നിന്ന് മലയാളത്തിലേക്കും ധാരാളം വിവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. മലയാള ഭാഷാ നിഘണ്ടു സമ്പന്നമാക്കാന്‍ ഉബൈദിന്റെ സംഭാവനകള്‍ എടുത്ത് പറയേണ്ടതാണ്. സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ച ഉബൈദ് കൈവച്ച മേഖലകളിലൊക്കെ തിളങ്ങിയ സകല കലാ പ്രതിഭയായിരുന്നു. 1972 ഒക്ടോബര്‍ മൂന്നിനാണ് ഈ ലോകത്തോട് വിട പറഞ്ഞത്.
ഉബൈദ് മാസ്റ്ററുടെ മാതൃകാ ജീവിതം വരുംതലമുറയ്ക്ക് പകരാന്‍ നിരവധി വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ആലോചനയിലുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. ദുബൈയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ടി ഉബൈദ് സ്മാരക പ്രഥമ അവാര്‍ഡ് കോഴിക്കോട് അളകാപുരിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കവിയും സാംസ്‌കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ ആലങ്കോട് ലീലാ കൃഷ്ണനാണ് നല്‍കിയത്.
മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മൃതി സംഗമം
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മൃതി സംഗമം മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും. എംഎസ്എഫ് ദേശീയ പ്രസിഡന്റ് അഹ്‌മദ് സാജു, മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി സംബന്ധിക്കും
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കെയര്‍ പദ്ധതിയിലൂടെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും കാന്‍സര്‍, വൃക്ക രോഗം, ഹൃദ്രോഗം തുടങ്ങിയ മാരകമായ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന നിരാലംബരായ രോഗികള്‍ക്ക് സാന്ത്വനം നല്‍കി അത് വഴി അവര്‍ക്കും അവരുടെ കൂടുംബത്തിനും സമാശ്വാസം നല്‍കാന്‍ ഉദ്ദേശിച്ചിട്ടുള്ള പദ്ധതിയാണ് ഇസാദ് 2024. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതിയുടെ ഭാഗമായുള്ള ചികിത്സാ സഹായങ്ങള്‍ അഞ്ച് മണ്ഡലത്തിലെയും അര്‍ഹരായവരിലേക്ക് എത്തിക്കുന്ന വിധത്തിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.
വാര്‍ത്താസമ്മേളനത്തില്‍ ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി ആര്‍, അബ്ദുല്ല ആറങ്ങാടി, കെ പി അബ്ബാസ് കളനാട്, ഹസൈനാര്‍ ബീജന്തടുക്ക എന്നിവര്‍ സംബന്ധിച്ചു.
#TUbaidMemorialAward #KSachidanandan #SyedMuhammedAliShihabThangal #Kasargod #Kerala #literature #socialservice