Export | കാസർകോട്ടെ തേൻ ഖത്തറിലേക്ക്; ഇത് ഒരു മധുര വിജയം
● ജില്ലയിലെ കർഷകർക്ക് പ്രതീക്ഷ നൽകുന്ന മുന്നേറ്റം
● 360 കിലോ തേൻ ആദ്യഘട്ടത്തിൽ കയറ്റുമതി ചെയ്തു
● സാങ്കേതിക സഹായം നൽകുന്നത് സിപിസിആർഐ
കാസർകോട്: (KasargodVartha) ജില്ലയിലെ കർഷകരുടെ കഠിനാധ്വാനത്തിന്റെയും സഹകരണത്തിന്റെയും ഫലമായി, ജില്ലയിലെ തേൻ ഇപ്പോൾ അന്തർദേശീയ വിപണിയിൽ എത്തിയിരിക്കുന്നു. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നബാർഡിന്റെയും എപി ഇഡിഎയും സഹകരണത്തോടെ പ്രവർത്തിക്കുന്ന മുന്നാട് പള്ളത്തിങ്കാൽ തുളുനാട് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ഉത്പാദിപ്പിച്ച ശുദ്ധമായ തേനാണ് ഖത്തറിലേക്ക് കയറ്റുമതി ചെയ്തത്.
സംസ്ഥാന വ്യവസായ വകുപ്പിന്റെ മിഷൻ ആയിരം സ്കീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജില്ലയിൽ നിന്നുള്ള സ്ഥാപനമാണ് ഇത്. തുളുനാട് ഇക്കോഗ്രീൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് കാസർകോട് ജില്ലയിലെ കർഷകരിൽ നിന്ന് സംഭരിച്ച 360 കിലോ തേൻ അടങ്ങിയ ആദ്യ ചരക്കിൻ്റെ ഫ്ലാഗ് ഓഫ് കഴിഞ്ഞ ദിവസമാണ് ജില്ലാ കലക്ടർ കെ ഇമ്പശേഖർ നിർവഹിച്ചത്.
ഈ നേട്ടം ജില്ലയ്ക്കും കർഷകർക്കും ഒരുപോലെ വലിയ പ്രതീക്ഷ നൽകുന്നു. ഇത് ജില്ലയിലെ കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾക്ക് മെച്ചപ്പെട്ട വിലയും വിപണിയും ലഭിക്കുന്നതിന് വഴിയൊരുക്കുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ അന്നമ്മ ജോസഫ് പറയുന്നു. എഫ്‌പിസിയിൽ രജിസ്റ്റർ ചെയ്ത 1500 കർഷകരിൽ നിന്ന് അസംസ്‌കൃത തേൻ നേരിട്ട് ശേഖരിച്ച് പ്രോസസ് ചെയ്ത്, അതിനെ ഉയർന്ന നിലവാരമുള്ള ഒരു ഉൽപ്പന്നമാക്കി മാറ്റുകയാണ് കമ്പനി ചെയ്യുന്നത്.
സാങ്കേതിക സഹായം നൽകി ഈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത് കാസർകോട് തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ (സിപിസിആർഐ) കെവികെയാണ്. വിവിധ വകുപ്പുകളുടെയും നബാർഡിന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതി വിജയകരമായി നടപ്പിലാക്കിയത്. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ 2016-ലാണ് സിപിസിആർഐയിലെ കൃഷി വിജ്ഞാന കേന്ദ്രം എഫ്‌പിഒ രൂപീകരിച്ചത്.
കാസർകോടിന്റെ തേൻ മധുരം ഇനി ഖത്തറിലും ആസ്വദിക്കാം എന്നത് കർഷകർക്കും ജില്ലയ്ക്കും ഒരുപോലെ അഭിമാനകരമായ നേട്ടമാണ്. ഇത് കാസർകോട് ജില്ലയുടെ കാർഷിക വികസനത്തിന് ഒരു പുതിയ അധ്യായം തുറന്നിരിക്കുകയാണ്.
#KasaragodHoney #QatarExport #KeralaAgriculture #OrganicFarming #IndianFarmers #MakeInIndia #ExportIndia