Fatal Crash | പുതിയ ദേശീയപാതയിൽ കാസർകോട്ട് 3 വരിപ്പാത പലയിടത്തും പാലത്തിലെത്തുമ്പോൾ 2 വരിയാകുന്നത് വലിയ ദുരന്തത്തിന് വഴിവെക്കുന്നു; വാമഞ്ചൂർ അപകടം വിരൽചൂണ്ടുന്നത് വലിയ കാര്യങ്ങളിലേക്ക്

● പഴയ പാലം പൊളിച്ചുമാറ്റാതെ രണ്ടുവരിപ്പാതയാണ് ഇവിടെ പാലത്തിലുള്ളത്.
● മൊഗ്രാൽ പാലത്തിലും സമാനസ്ഥിതി നിലനിൽക്കുന്നു.
● അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണ്.
കാസർകോട്: (KasargodVartha) വാമഞ്ചൂരിലെ ദാരുണമായ അപകടം ദേശീയപാതയിലെ അശാസ്ത്രീയ നിർമാണത്തെയും അമിതവേഗതയുടെ അപകടങ്ങളെയും തുറന്നുകാട്ടുന്നു. പഴയ പാലം പുനർനിർമിക്കാതെ രണ്ടുവരിപ്പാതയിൽ നിലനിർത്തി മിനുക്കുപണികൾ നടത്തുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്ന് തെളിയിക്കുകയാണ് വാമഞ്ചൂർ ചെക്പോസ്റ്റിന് സമീപം പാലത്തിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർ മരണമടഞ്ഞ സംഭവം.
പഴയ പാലം പൊളിച്ചുമാറ്റാതെ രണ്ടുവരിപ്പാതയാണ് ഇവിടെ പാലത്തിലുള്ളത്. മൂന്ന് വരിപ്പാതയിൽ നിന്ന് പൊടുന്നനെ പാലത്തിലെ രണ്ടുവരിപ്പാതയിലേക്ക് കടക്കുമ്പോൾ പാലത്തിന്റെ കൈവരിയിൽ തട്ടിയാണ് കാർ അപകടത്തിൽ പെട്ടതും 50 മീറ്ററോളം കാറിന്റെ ഭാഗങ്ങൾ തെറിച്ചുപോയതുമെന്നാണ് ലഭിക്കുന്ന വിവരം. ചെങ്കള - തലപ്പാടി റീച്ചിലെ തന്നെ മൊഗ്രാൽ പാലത്തിലും സമാനസ്ഥിതി നിലനിൽക്കുന്നു. മൂന്നുവരി ഹൈവേ ഇവിടെയും പാലത്തിൽ രണ്ടുവരിയായി ചുരുങ്ങുന്നു.
മൂന്നുവരിപ്പാതയിൽ നിന്ന് പെട്ടെന്ന് രണ്ടുവരിപ്പാതയിലേക്ക് കടക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് നേരത്തെ തന്നെ ജനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അമിതവേഗതയിൽ വരുന്ന വാഹനങ്ങൾ ഇത്തരത്തിൽ അപകടത്തിൽ പെടാനുള്ള സാധ്യത കൂടുതലാണ്. വിദ്യാഭ്യാസ- കച്ചവട- ആശുപത്രി ആവശ്യങ്ങൾക്കായി അനവധി വാഹനങ്ങൾ ദിനംപ്രതി മംഗ്ളൂറിലേക്ക് ചീറിപ്പായുന്ന കാസർകോട് - തലപ്പാടി പാതയിൽ ഈ തരത്തിലുള്ള നിർമാണത്തെ ഭയാശങ്കയോടെയാണ് ജനങ്ങൾ നോക്കിക്കാണുന്നത്.
കൂടാതെ പാലം വഴി പോകാൻ സർവീസ് റോഡോ, നടപ്പാതയോ ഇല്ലാത്തതും ജനങ്ങൾക്കിടയിൽ ഭീതിയുണ്ടാക്കുന്നു. കൂടാതെ വാമഞ്ചൂരിൽ കാർ അമിത വേഗതയിലായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. 160 മീറ്റർ വേഗതയിൽ സഞ്ചരിച്ചതായി കാണിക്കുന്ന കാർ മീറ്ററിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യാത്രാസൗകര്യം വർധിച്ചതോടെ അമിതവേഗതയും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണ്. അശാസ്ത്രീയ നിർമാണങ്ങൾ പരിഹരിക്കുകയും, അമിത വേഗത നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാണ് ഉയരുന്ന ആവശ്യം.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.
Fatal accident in Vamanchur highlights unscientific highway construction in Kasaragod. Sudden narrowing of three-lane to two-lane bridges causes accidents. Over-speeding adds to danger.
#HighwayAccident, #Kasaragod, #RoadSafety, #UnscientificConstruction, #SpeedTrap, #FatalCrash