മഴക്കെടുതി രൂക്ഷം: കാസർകോടിനെ വിഴുങ്ങി പേമാരി, നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ

● മഞ്ചേശ്വരത്തും ഉപ്പളയിലും പ്രളയഭീഷണി രൂക്ഷം.
● കുമ്പളയിൽ ഗതാഗതം സ്തംഭിച്ചു.
● ദുരിതാശ്വാസ ക്യാമ്പ് തുറന്നു, 37 പേരെ മാറ്റിപ്പാർപ്പിച്ചു.
● പുഴകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.
● തീരദേശത്ത് ജാഗ്രതാ നിർദ്ദേശം.
ഉപ്പള: (KasargodVartha) കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്നു. മഞ്ചേശ്വരത്തും ഉപ്പളയിലും പ്രളയഭീഷണി രൂക്ഷമാണ്. മഞ്ചേശ്വരം ഫസ്റ്റ് സിഗ്നലിന് സമീപത്തുനിന്ന് നൂറോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മംഗൽപാടി പഞ്ചായത്ത് ഓഫീസിലെ ഫ്രണ്ട് ഓഫീസിലേക്ക് വെള്ളം കയറി. വിവിധ ഭാഗങ്ങളിലായി കെഎസ്ഇബിയുടെ 22ഓളം വൈദ്യുതി പോസ്റ്റുകൾ തകർന്നു. മഞ്ചേശ്വരം പുഴ കരകവിഞ്ഞൊഴുകിയതാണ് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം.
പച്ചിലംപാറയിലെ മൊയ്‌ദുവിന്റെ വീട് തിങ്കളാഴ്ച പുലർച്ചെ ഭാഗികമായി ഇടിഞ്ഞുവീണു. ബന്തിയോട് ബെരിക്കയിൽ ഏഴ് ഇലക്ട്രിക് പോസ്റ്റുകളും മൂസോടിയിൽ ആറ് ഇലക്ട്രിക് പോസ്റ്റുകളും അടുക്കലിൽ നാല് ഇലക്ട്രിക് പോസ്റ്റുകളുമടക്കം ആകെ 22 വൈദ്യുതി പോസ്റ്റുകളാണ് തകർന്നത്.
കുമ്പളയിൽ ഒരു കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന അലുമിനിയം ഷീറ്റ് റോഡിലേക്ക് പറന്നുവീണതിനെത്തുടർന്ന് ഏറെനേരം ഗതാഗതം സ്തംഭിച്ചു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് ഷീറ്റ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
പൈവളിഗ ഭാഗങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വലിയ തോതിൽ വെള്ളം കയറിയിട്ടുണ്ട്. കാസർകോട് മധൂർ പട്ലയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 15ഓളം കുടുംബങ്ങളെ അഗ്നിരക്ഷാ സേന സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
ഉപ്പള (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധൂർ സ്റ്റേഷൻ) എന്നീ പുഴകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നീലേശ്വരം കാര്യങ്കോട് (ഭീമനാടി സ്റ്റേഷൻ) പുഴയിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും പുഴയിൽ ഇറങ്ങുകയോ പുഴ മുറിച്ചുകടക്കുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തീരദേശത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനുമാണ് മുന്നറിയിപ്പുകൾ നൽകിയിട്ടുള്ളത്.
കാസർകോട് ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിൽ നിലവിൽ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. വെള്ളരിക്കുണ്ട് താലൂക്കിലെ മാലോത്ത് വില്ലേജിലെ പറമ്പ ഗവ. എൽ പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പത്ത് കുടുംബങ്ങളിൽ നിന്നായി 37 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയിട്ടുള്ളത്.
ഇതിൽ 18 പുരുഷന്മാരും 19 സ്ത്രീകളും രണ്ട് ഗർഭിണികളും 60 വയസ് കഴിഞ്ഞ ആറ് പേരും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ചെറുവത്തൂർ മയ്യിച്ച മുനമ്പ് ഭാഗത്ത് 15 വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് അവിടുത്തെ ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. മഴ തുടരുകയാണെങ്കിൽ ജില്ലയുടെ പല ഭാഗങ്ങളിലും പ്രളയ സാധ്യത നിലനിൽക്കുന്നുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary (English): Heavy rains in Kasaragod caused severe flooding, displacing hundreds, disrupting power, and prompting orange alerts on rivers.
#KasaragodFloods #KeralaRains #RainHavoc #FloodAlert #DisasterRelief #KasaragodNews