കാസർകോട് ജില്ലയിൽ കനത്ത മഴയിലും പ്രളയത്തിലും നാശനഷ്ടം

● മഞ്ചേശ്വരത്ത് കാറും ബൈക്കും ഒലിച്ചുപോയി.
● ഹൊസങ്കടി ടൗൺ വെള്ളത്തിൽ മുങ്ങി, കടകളിൽ വെള്ളം.
● പുലിക്കുന്നിൽ മണ്ണിടിച്ചിൽ; ഗതാഗതം വഴിതിരിച്ചുവിട്ടു.
● വീണച്ചേരിയിൽ അപ്പാർട്ട്മെന്റ് മതിൽ വീണു.
● കുട്ലുവിൽ അമ്പതോളം വീടുകളിൽ വെള്ളം കയറി.
● ചിത്താരി പുഴ കരകവിഞ്ഞൊഴുകി, വീടുകളിൽ വെള്ളം.
● തേജസ്വിനി പുഴ കരകവിഞ്ഞു.
കാസർകോട്: (KasargodVartha) ജില്ലയിൽ അതിശക്തമായ മഴയെത്തുടർന്ന് നാല് പ്രധാന പ്രദേശങ്ങളിൽ പ്രളയഭീഷണി നിലനിൽക്കുന്നു. ഉപ്പള, മധൂർ, നീലേശ്വരം കാര്യംകോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്ക ഭീഷണി ശക്തമായിരിക്കുന്നത്.
ഇതിനിടെ, മധൂർ പട്ലയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു യുവാവ് ദാരുണമായി മരിച്ചു. പാലക്കുന്ന് സ്വദേശിയായ സാദിഖ് (36) ആണ് മരിച്ചത്. മധൂർ മദനന്തേശ്വര സിദ്ദിവിനായക ക്ഷേത്രവും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളും വെള്ളത്തിനടിയിലാണ്. മധുവാഹിനി പുഴ കരകവിഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണം. മധൂർ പട്ലയിലും നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
മഞ്ചേശ്വരത്ത് നിർത്തിയിട്ടിരുന്ന ഒരു കാറും സ്കൂട്ടറും ഒരു ബൈക്കും ശക്തമായ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. മഞ്ചേശ്വരം പട്ടത്തൂരിൽ റോഡ് സൗകര്യമില്ലാത്തതിനാൽ വയലിനോട് ചേർന്ന് വ്യാഴാഴ്ച രാത്രി നിർത്തിയിട്ട വാഹനങ്ങളാണ് ഒഴുകിപ്പോയത്.
രാവിലെ വാഹനങ്ങൾ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാർക്ക് ചെയ്ത സ്ഥലത്തുനിന്ന് ഏകദേശം അര കിലോമീറ്റർ അകലെയായി കാറും ബൈക്കും വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. പട്ടത്തൂരിലെ അർപ്പിതിന്റെ കാറും ശിവപ്രസാദിന്റെ ബൈക്കുമാണ് ഒലിച്ചുപോയത്.
മഞ്ചേശ്വരം ഫസ്റ്റ് സിഗ്നലിന് സമീപമുള്ള ഏകദേശം ഇരുപതോളം വീടുകളും മള്ഹറിന് അടുത്തുള്ള ഇരുപതോളം വീടുകളും വെള്ളത്തിൽ പൂർണ്ണമായും മുങ്ങിയിരിക്കുകയാണ്. ഈ വീടുകളിലെ ആളുകളെ ബന്ധുവീടുകളിലേക്ക് സുരക്ഷിതമായി മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
അഗ്നിരക്ഷാസേനാംഗങ്ങൾ ആംബാർ ചെറുകോളി, ബന്തിയോട് പെരുങ്കടി ബേരിക്ക എന്നിവിടങ്ങളിലാണ് ഇവരെ മാറ്റിപ്പാർപ്പിച്ചത്. ഈ പ്രദേശങ്ങളിലെല്ലാം പ്രളയസമാനമായ സാഹചര്യമാണ് നിലവിലുള്ളത്. പൈവളിക ഉറുമിയിലെ മുഹമ്മദ് കുഞ്ഞി (മമ്മുഞ്ഞി), മുഹമ്മദ് എന്നിവരുടെ വീടുകളിലെ അടുക്കള ഭാഗങ്ങൾ പൂർണ്ണമായും തകർന്നു. മഞ്ചേശ്വരത്ത് മജ്‌ബയലിൽ കനത്ത മഴയിൽ റോഡ് ഒലിച്ചുപോയി.
ഹൊസങ്കടി ടൗൺ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കടകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച ഡ്രൈയിനേജ് സംവിധാനം കാര്യക്ഷമമല്ലാത്തതാണ് ഹൊസങ്കടി ടൗൺ വെള്ളത്തിൽ മുങ്ങാൻ കാരണമെന്ന് വ്യാപാരികൾ ആരോപിക്കുന്നു. പാവൂർ, ഗെറുകട്ടെ, മച്ചമ്പാടി, പൊസോട്ട് എന്നിവിടങ്ങളിലെ നിരവധി വീടുകളിലും പള്ളികളിലും വെള്ളം കയറിയിട്ടുണ്ട്. മൊഗ്രാലിലും ഉപ്പളയിലും വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ പുലിക്കുന്നിൽ മണ്ണിടിച്ചിലുണ്ടായി. ഗതാഗതം ഭാഗികമായി വഴിതിരിച്ചുവിട്ടു. വെള്ളിക്കോത്ത് - ചാലിങ്കാൽ റോഡിലെ വീണച്ചേരി ഇറക്കത്തിൽ നിർമ്മാണം പൂർത്തിയായ ഒരു ഇരുനില അപ്പാർട്ട്മെന്റിന്റെ തറ ഒഴികെയുള്ള ഭാഗങ്ങൾ മുഴുവനായി ഇടിഞ്ഞ് തൊട്ടുതാഴെയുള്ള വീട്ടിലേക്ക് പതിച്ചു. വീണച്ചേരിയിലെ പൈനി ചന്ദ്രൻ നായരുടെ കിടപ്പുമുറിയുടെ ചുമരിലേക്കാണ് മതിൽ തകർന്നുവീണത്.
അപ്പാർട്ട്മെന്റിലെ കിണറിന് തൊട്ടടുത്തുള്ള ഇന്റർലോക്കുകൾ പൂർണ്ണമായും ഇളകി വീണിട്ടുണ്ട്. ചന്ദ്രൻ നായരുടെ കിടപ്പുമുറിയിലെ മൂന്ന് ജനലുകൾ പൂർണ്ണമായും തകർന്നു, ജനൽ ചില്ലുകളും കല്ലും മണ്ണും മുറിയിലേക്ക് പതിച്ചു. ശുചിമുറിയുടെ പൈപ്പ് ലൈനും പൂർണ്ണമായും തകർന്നിട്ടുണ്ട്. അപ്പാർട്ട്മെന്റ് മുറ്റത്തെ വാട്ടർ ടാപ്പും കോൺക്രീറ്റ് ഭാഗങ്ങൾ ഉൾപ്പെടെ ഇളകി ശുചിമുറി പൈപ്പ് ലൈൻ താഴേക്ക് വീണ് മണ്ണിൽ പൂണ്ടുപോയി.
താഴെപരപ്പയിൽ മണ്ണിടിഞ്ഞു വീണു. ഒരു കെട്ടിടത്തിന് വേണ്ടി മണ്ണെടുത്ത സ്ഥലത്താണ് കുന്ന് ഇടിഞ്ഞത്. സമീപത്തെ വീട് അപകടാവസ്ഥയിലാണ്. കാസർകോട് എരിക്കുളം - പുതിയകണ്ടം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. തൊട്ടടുത്ത കൃഷിയിടങ്ങളിലും വെള്ളം കയറി. റോഡിന് സമീപത്തെ രാഘവൻ എന്നയാളുടെ വീട്ടിലേക്കും വെള്ളം കയറിയിട്ടുണ്ട്. ചെർക്കളയിൽ കൃഷിയിടങ്ങളിലേക്ക് വെള്ളം കുത്തിയൊലിച്ച് വന്നതിനാൽ നാശനഷ്ടങ്ങളുണ്ടായി. തൊട്ടടുത്ത നാല് വീടുകളിൽ വെള്ളം കയറി.
വെള്ളിയാഴ്ച രാവിലെ 3.50 ഓടെ മൊഗ്രാൽ ഏരിയാൽ വില്ലേജ് ഓഫീസിന്റെ സമീപപ്രദേശങ്ങളിൽ ശക്തമായ മഴയെ തുടർന്ന് ഒൻപത്, 10, 11 വാർഡുകളിലെ വീടുകളിൽ വെള്ളം കയറി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കാസർകോട് അഗ്നിശമന രക്ഷാ സേന സ്ഥലത്തെത്തി വെള്ളം കയറിയ വീടുകളിലെ മൂന്നോളം കുടുംബങ്ങളെ ബന്ധുവീടുകളിൽ മാറ്റി താമസിപ്പിച്ചു.
കുട്ലു ഓഡിറ്റോറിയത്തിന് സമീപമുള്ള തോട്ടിൽ ചപ്പുചവറുകൾ അടിഞ്ഞുകൂടി നീരൊഴുക്കിന് തടസ്സമുണ്ടായതിനെ തുടർന്ന് ശക്തമായ മഴയിൽ സമീപപ്രദേശത്തെ അമ്പതോളം വീടുകളിലേക്ക് വെള്ളം കയറി. പുലർച്ചെയുള്ള ഉറക്കത്തിലായിരുന്നതിനാൽ വീട്ടിലെ മിക്കവരും വെള്ളം കയറിയ വിവരം അറിഞ്ഞിരുന്നില്ല. വെള്ളം കയറിയ ഇരുനില വീട്ടിലെ ആളുകളെല്ലാം ഒന്നാം നിലയിൽ അഭയം തേടി.
വെള്ളം കയറിയ വീട്ടിൽ നിന്ന് ഒഴിപ്പിച്ച കിടപ്പുരോഗിയായ മുഹമ്മദ് (62), റൊഹിയാന മൻസിൽ, സൗദാന (32), മാസിയ (23), നസിയ (55), ഷഹില (28), മുഹമ്മദ് ഫാസിൽ, ഫാത്തിമ എന്നിവരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
കോട്ടയം സ്വദേശിയായ ദിവ്യയും കുടുംബവും നാട്ടിൽ പോയി പുലർച്ചെ ഓട്ടോയിൽ വരുമ്പോൾ സമീപപ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ വീട്ടിലെത്താൻ കഴിയാത്ത അവസ്ഥയുണ്ടായി. അവരെയും അഗ്നിരക്ഷാസേന സുരക്ഷിതമായി വീട്ടിലെത്തിച്ചു. ബാക്കിയുള്ള പ്രദേശവാസികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
ചന്ദ്രഗിരി പാലത്തിന് സമീപം റോഡിലേക്ക് മണ്ണിടിച്ചിലും മരം വീഴ്ചയുമുണ്ടായി ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റുകയും മണ്ണിടിച്ചിൽ നീക്കുകയും ചെയ്ത ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
കനത്ത മഴയിൽ ചട്ടഞ്ചാലിൽ ഉണ്ടായ മഴവെള്ളപ്പാച്ചിലിൽ ദേശീയ പാതയിൽ ഗതാഗതം വഴിതിരിച്ചുവിട്ടെങ്കിലും പിന്നീട് വെള്ളം ഒഴുകിപ്പോകാൻ സൗകര്യമൊരുക്കിയതിനെ തുടർന്ന് വാഹനങ്ങളെ കടത്തിവിട്ടു. കനത്ത മഴയിൽ ചിത്താരി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി.
ചിത്താരി വി പി റോഡ്, കൂളിക്കാട്, കൊട്ടിലങ്ങാടി, നോർത്ത് ചിത്താരി എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. കൊട്ടിലങ്ങാട്-അള്ളംകോട് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ചെമ്മട്ടംവയൽ, ആലായി, അരയി, മൂലക്കണ്ടം എന്നിവിടങ്ങളിലും വെള്ളം കയറി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
വിഷ്ണുമംഗലം ക്ഷേത്രത്തിലേക്കുള്ള റോഡ് ഇടിഞ്ഞുവീണ് ക്ഷേത്രത്തിനകത്തേക്കും വെള്ളം കയറി. പുപുല്ലൂർത്തോട് കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ഇരുവശങ്ങളിലെ വീടുകൾക്കും ഭീഷണിയായിട്ടുണ്ട്. തേജസ്വിനി പുഴ കരകവിഞ്ഞതിനെ തുടർന്ന് കാര്യംകോട്, പാലാഴി, കിനാനൂർ കരിന്തളം പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. ഷെയർ ചെയ്യൂ! 1
Article Summary: Heavy rains caused floods in Kasaragod, resulting in one death and widespread damage.
Hashtags: #KasaragodFloods, #KeralaRains, #FloodAlert, #HeavyRain, #NaturalDisaster, #Kasaragod