Mosquito Net | പകർച്ചപ്പനിക്കെതിരെ ചെറുത്തുനിൽപ്; കൊതുകുവല ജനാലകളും വാതിലുകളുമായി കുട്ടികൾക്ക് സംരക്ഷണമൊരുക്കി ️കാസർകോട് ഗവ. യുപി സ്കൂൾ; പിടിഎയുടെ വേറിട്ട ആശയത്തിന് കയ്യടി
കാസർകോട്: (KasargodVartha) പകർച്ചപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, കാസർകോട് ഗവ. യുപി സ്കൂൾ പിടിഎ സ്വീകരിച്ച മാതൃകാപരമായ നടപടിക്ക് വിവിധ കോണുകളിൽ നിന്ന് പ്രശംസ. നഗരസഭ പരിധിയിൽ പനിബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ, കൊതുകു ശല്യം കൂടുതലുള്ള ഭാഗത്തെ ക്ലാസ് മുറികളുടെ ജനാലകളും വാതിലുകളും പിടിഎയുടെ നേതൃത്വത്തിൽ ഉരുക്കിന്റെ വലയിട്ടാണ് സുരക്ഷിതമാക്കിയത്.
രക്ഷിതാക്കളിൽനിന്നും കഴിഞ്ഞവർഷം പിടിഎ സമാഹരിച്ച തുകയിൽനിന്നും 45,000 രൂപ ചിലവഴിച്ചാണ് നാല് ക്ലാസ് മുറികളിലായി 35 ജനാലകൾക്ക് അലുമിനിയം ഫ്രെയിമിൽ ഉരുക്ക് വല തീർത്തത്. കൂടാതെ സ്‌കൂളിലെ മൂന്ന് മുറികളുള്ള ഒരു കെട്ടിടം പൂർണമായും നവീകരിച്ചു. കുടിവെള്ള സൗകര്യത്തിനായി പുതിയ പൈപും ടാങ്കും മോടോറും പിടിഎ ഒരുക്കി. മൂത്രപ്പുരയും കക്കൂസും ഭക്ഷണത്തിന് ശേഷം കൈ കഴുകാനുള്ള ടാപ് സൗകര്യവും പുതുക്കിപ്പണിതു.
കാസർകോട് നഗരസഭ പരിധിയിൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളുടെ വ്യാപനം ഗണ്യമായി വർധിച്ചിട്ടുണ്ട്. ഈ വർധനവിന്റെ പ്രധാന കാരണം കൊതുകു ശല്യം വർധിച്ചതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. സ്‌കൂളിന് ചുറ്റുമുള്ള സ്വകാര്യ, പൊതു സ്ഥലങ്ങൾ കൊതുകു സാന്നിധ്യമുള്ളതിനാലാണ് ക്ലാസ് മുറികൾ കൂടുതൽ സുരക്ഷിതമാക്കാൻ പിടിഎ ആലോചിച്ചത്.
തുടർന്ന് ജനാലകൾക്ക് വലയിട്ടാൽ ഇതിന് പരിഹാരമാകുമെന്ന നിർദേശമുയർന്നു. അങ്ങനെ ഉയർന്ന നിലവാരത്തിലുള്ള ഉരുക്ക് വല ജനാലകൾ സ്ഥാപിക്കാൻ പി ടി എ തീരുമാനിക്കുകയായിരുന്നു. ആഴ്‌ചയിൽ ഒരു ദിവസം നഗരസഭയുടെ നേതൃത്വത്തിൽ കൊതുകിന്റെ ഉറവിട നശീകരണവും നടക്കുന്നുണ്ട്. സർകാർ സ്‌കൂളുകളിൽ സംസ്ഥാനത്താദ്യമായാണ് ഇത്തരത്തിൽ പിടിഎ നേതൃത്വത്തിൽ കൊതുകുവല പ്രതിരോധം തീർക്കുന്നതെന്ന് പിടിഎ പ്രസിഡന്റ് റാശിദ് പൂരണം പറഞ്ഞു.
കാസർകോട് ഗവ. യുപി സ്കൂൾ പിടിഎ മുന്നോട്ട് വെച്ച ആശയം പ്രശംസനീയമാണെന്ന് രക്ഷിതാക്കളും പറയുന്നു. കൊതുകുകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്നത് രോഗം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായും വിലയിരുത്തുന്നു. സ്‌കൂളിന്റെ വികസനത്തിനായി കൂടുതൽ നവീനമായ ആശയങ്ങളുമായി പിടിഎയും എസ്എംസിയും അധ്യാപകരും രംഗത്തുണ്ട്.