Development Funds | കാസർകോടിന് വികസനക്കുതിപ്പ്; ഈ വർഷം 70 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി; പുതുതായി 5 പദ്ധതികള്‍ക്ക് 10.08 കോടി രൂപ അനുവദിച്ചു
● കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ ഉദയപുരം തൂങ്ങൽ റോഡ് നിർമ്മാണത്തിനായി 4.99 കോടി രൂപ വകയിരുത്തി.
● പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ കരിച്ചേരി ജി.യു.പി. സ്കൂളിന് അടിസ്ഥാനസൗകര്യവികസനത്തിനായി 173 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി.
കാസർകോട്: (KasargodVartha) കാസര്‍കോട് വികസന പാക്കേജിന്റെ ജില്ലാതല യോഗത്തില്‍ ജില്ലയിലെ അഞ്ച് പദ്ധതികള്‍ക്കായി 10.08 കോടി രൂപ അനുവദിച്ചു. ജില്ലയുടെ വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകി 2024-25 സാമ്പത്തിക വര്‍ഷം ഇതോടുകൂടി ഭരണാനുമതി തുകയില്‍ ഭേദഗതി വരുത്തിയത് ഉള്‍പ്പെടെ കാസര്‍കോട് വികസന പാക്കേജിനായി ഈ വര്‍ഷം ബജറ്റില്‍ അനുവദിച്ച 70 കോടി രൂപയ്ക്കും ഭരണാനുമതി നല്‍കി കഴിഞ്ഞു.
ഈ പദ്ധതികൾ ജില്ലയുടെ സമഗ്ര പുരോഗതിക്ക് മുതൽക്കൂട്ടാകും. ജില്ലാ കലർ കെ ഇമ്പശേഖരന്റെ അധ്യക്ഷതയിൽ ചേർന്ന കാസർകോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റി യോഗമാണ് അഞ്ച് പ്രധാന പദ്ധതികൾക്കായി 10.08 കോടി രൂപയുടെ പ്രത്യേക അനുമതിക്ക് തീരുമാനമെടുത്തത്. കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ ഉദയപുരം തൂങ്ങൽ റോഡ് നിർമ്മാണത്തിനായി 4.99 കോടി രൂപ വകയിരുത്തി.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ വെറ്ററിനറി ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണത്തിന് 2.56 കോടി രൂപയും അനുവദിച്ചു. മുളിയാർ ഗ്രാമപഞ്ചായത്തിലെ കാനത്തൂർ സ്മാർട്ട് അങ്കണവാടി കെട്ടിട നിർമ്മാണം, പള്ളിക്കര ഗ്രാമപഞ്ചായത്തിലെ കരിച്ചേരി ജി.യു.പി സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനം, ചട്ടഞ്ചാലിലെ ലൈഫ് മിഷൻ ഫ്ലാറ്റുകളിലേക്ക് കുടിവെള്ള വിതരണ പദ്ധതി എന്നിവയാണ് മറ്റ് പ്രധാന പദ്ധതികൾ.
സംസ്ഥാന ബജറ്റിൽ അനുവദിച്ച 70 കോടി രൂപയ്ക്കും ഭരണാനുമതി നൽകാൻ സാധിച്ചത് സംസ്ഥാനത്ത് കാസർകോട് ജില്ലയുടെ മികച്ച നേട്ടമാണെന്ന് ജില്ലാ കലക്ടർ അഭിപ്രായപ്പെട്ടു. ജില്ലയുടെ പൊതുവായ വികസനത്തിന് ഊന്നൽ നൽകുന്ന ഈ പദ്ധതികളുടെ ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും നിഷ്കർഷിച്ച സമയപരിധിക്കുള്ളിൽ തന്നെ പൂർത്തീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ഉദുമ മണ്ഡലത്തില്‍ 2.6 കോടി രൂപയുടെ പ്രവൃത്തികള്‍
കാസർകോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഉദുമ മണ്ഡലത്തിലെ വിവിധ പദ്ധതികളില്‍ 268.57 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായതായി സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു. ചെമ്മനാട് പഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്ന ലൈഫ് മിഷന്‍ ഫ്ലാറ്റിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് ജലവിതരണ പദ്ധതിയുടെ വിപുലീകരണത്തിനായി 59.9 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി.
പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ കരിച്ചേരി ജി.യു.പി. സ്കൂളിന് അടിസ്ഥാനസൗകര്യവികസനത്തിനായി 173 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി. കൂടാതെ മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ കാനത്തൂര്‍ അംഗണ്‍വാടി സ്മാര്‍ട്ടാക്കുന്നതിന് 35.67 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്കും ഭരണാനുമതി ലഭിച്ചതായി എം.എല്‍.എ അറിയിച്ചു.
#KasaragodDevelopment, #KeralaProjects, #BudgetApproval, #Infrastructure, #SmartAnganwadi, #WaterSupply