city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

24 മണിക്കൂർ സേവനം എവിടെ? കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം വൈകി; പ്രതിഷേധവുമായി ബിജെപി, ഒടുവിൽ നടപടി!

BJP protest outside Kasaragod General Hospital.
KasargodVartha Photo

● പന്തൽ ജീവനക്കാരൻ ചെനിയപ്പയുടെ മൃതദേഹമാണ് വൈകിയത്.
● ഡോക്ടർ ഡ്യൂട്ടി അവസാനിപ്പിച്ച് പോയെന്ന് ബന്ധുക്കൾ ആരോപിച്ചു.
● രാത്രി വൈകിയാണ് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയത്.
● ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതാണ് പ്രശ്നമെന്ന് വിശദീകരണം.
● ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ശക്തമായ പ്രതിഷേധം ബിജെപി മുന്നറിയിപ്പ്.

കാസർകോട്: (KasargodVartha) 24 മണിക്കൂറും പോസ്റ്റ്‌മോർട്ടം നടത്തേണ്ട കേരളത്തിലെ ഏക ആശുപത്രിയായ കാസർകോട് ജനറൽ ആശുപത്രിയിൽ, ചൊവ്വാഴ്ച രാവിലെ എത്തിച്ച പന്തൽ ജീവനക്കാരന്റെ മൃതദേഹം രാത്രി വൈകിയും പോസ്റ്റ്‌മോർട്ടം ചെയ്യാത്തതിനെ തുടർന്ന് പ്രതിഷേധം. ബിജെപി നേതാക്കളും ബന്ധുക്കളും ഉൾപ്പെടെ ആശുപത്രിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡോക്ടർ തിരിച്ചെത്തിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.

പന്തൽ ജോലിക്കാരനും ഡ്രൈവറുമായ കമ്പാർ ഷിറിബാഗിലുവിലെ ബട്ട്യ പൂജാരിയുടെ മകൻ ചെനിയപ്പ (50) ആണ് ചൊവ്വാഴ്ച രാവിലെ 10 മണിയോടെ പന്തൽ ജോലിക്കിടെ ബെദിരയിൽ വെച്ച് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണത്. ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിന്നീട് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

പോലീസ് നടപടികൾ പൂർത്തിയാക്കിയിട്ടും പോസ്റ്റ്‌മോർട്ടം നടത്താതെ വൈകീട്ട് ആറുമണിയോടെ സർജൻ ഡ്യൂട്ടി അവസാനിപ്പിച്ച് പോയെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇതിനിടെ മോർച്ചറിയും അടച്ചുപൂട്ടി. 

ഇതോടെയാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് രാത്രി എട്ട് മണിയോടെ ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിയുടെ നേതൃത്വത്തിൽ ബന്ധുക്കളടക്കം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചത്.

രാവിലെ 11.45-ന് എത്തിച്ച മൃതദേഹം വൈകുന്നേരം 5 മണിക്ക് വിട്ടുനൽകാമെന്ന് പറഞ്ഞ ഡോക്ടർ, മൃതദേഹം മോർച്ചറിയിൽ പൂട്ടി സ്ഥലം വിട്ടതിലുള്ള പ്രതിഷേധം രാത്രി വൈകുംവരെ തുടർന്നു. ഇതോടെ ആശുപത്രി പരിസരത്ത് സംഘർഷസമാനമായ സാഹചര്യവും ഉടലെടുത്തു. 

ഒടുവിൽ ഡോക്ടർ എത്തി പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം വിട്ടുനൽകുമെന്ന് അറിയിച്ചതോടെ സ്ഥിതി ശാന്തമായി. പിന്നീട് രാത്രി 10.30 മണിയോടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകി.

കാസർകോട് ജനറൽ ആശുപത്രിയിൽ ഇത്തരത്തിൽ പോസ്റ്റ്‌മോർട്ടം വൈകുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് ബന്ധുക്കൾ പറയുന്നു. പോലീസ് സർജൻ ഉണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതുകൊണ്ടാണ് പോസ്റ്റ്‌മോർട്ടം നടക്കാതെ പോകുന്നതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. 

ആവശ്യത്തിന് ഡോക്ടർമാരെ നിയമിച്ച് പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇത്തരം നടപടികൾ ആവർത്തിച്ചാൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തുണ്ടാകുമെന്ന് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി മുന്നറിയിപ്പ് നൽകി.

കാസർകോട് ജനറൽ ആശുപത്രിയിലെ ഈ അവസ്ഥയെക്കുറിച്ച്  നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Post-mortem delay at Kasaragod General Hospital prompts BJP protest.

#Kasaragod #GeneralHospital #PostMortem #Delay #BJPProtest #KeralaHealth

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia