city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Clean Kerala | മുഖംമാറി സമ്പൂര്‍ണ ശുചിത്വ ജില്ലയാകാൻ കാസര്‍കോട്; മുന്നൊരുക്കങ്ങള്‍ സജീവം ​​​​​​​

kasaragod gears up to become a total sanitation district
Image Credit: Website / Kerala Government

● ആകെ 376 പേര്‍ സംബന്ധിച്ചു. 
● ഡിസംബര്‍ 31 നുമുമ്പ് 1365 സ്ഥാപനങ്ങള്‍ ഹരിത ഓഫീസുകളാക്കുന്നതിന് സൂക്ഷ്മതല നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി.

കാസർകോട്: (KasargodVartha) സമ്പൂർണ ശുചിത്വ ജില്ലയായി കാസർകോടിനെ മാറ്റാനുള്ള മുന്നൊരുക്കങ്ങള്‍ സജീവം. ഇതിനുള്ള കര്‍മപരിപാടികള്‍ തയ്യാറാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശില്പശാല പൂര്‍ത്തിയായി. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഒക്ടോബര്‍ രണ്ടുമുതല്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ഡിസംബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാക്കേണ്ടുന്ന ലക്ഷ്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമാണ് രണ്ടു ദിവസങ്ങളിലായി നടന്ന ശില്പശാല മുന്‍കൈ എടുത്തത്. 

നഗരസഭ അധ്യക്ഷന്‍മാരും, ഗ്രാമപഞ്ചയാത്ത് പ്രസിഡണ്ടുമാരും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, വിഇഒ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, റിസോഴ്സ്പേഴ്സണ്‍മാര്‍ എന്നിവരാണ് എല്ലാ പഞ്ചായത്തുകളില്‍നിന്നും പങ്കെടുത്തത്. ആകെ 376 പേര്‍ സംബന്ധിച്ചു. മാലിന്യ സംസ്‌കരണ മേഖലയില്‍ ജനകീയ കാമ്പയിനോടൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുമാണ് കര്‍മ്മപദ്ധതി തയ്യാറാക്കിയത്. 

തുടര്‍ന്ന് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് വാര്‍ഡുതലംവരെ നിര്‍വ്വഹണ സമിതികള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തും. ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ സുസ്ഥിരത ഉറപ്പുവരുത്താനുള്ള ഇടപെടലുകള്‍ വിവിധ വകുപ്പുകളുടെയും, ഏജന്‍സികളുടെയും സഹകരണത്തോടെ നടത്തും. ജില്ലയിലെ 2251 സ്ഥാപനങ്ങളില്‍ 886 എണ്ണം ഹരിത സ്ഥാപനമായി പ്രഖ്യാപിച്ചു. ഡിസംബര്‍ 31 നുമുമ്പ് 1365 സ്ഥാപനങ്ങള്‍ ഹരിത ഓഫീസുകളാക്കുന്നതിന് സൂക്ഷ്മതല നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി. 

ജില്ലയിലെ 569 വിദ്യാലയങ്ങളില്‍ 360 എണ്ണം നിലവില്‍ ഹരിത വിദ്യാലയങ്ങളായിട്ടുണ്ട്. അവശേഷിക്കുന്ന 209 എണ്ണത്തില്‍ ജൈവ ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് പ്രധാന പ്രശ്നമായിക്കാണുന്നത്. ഇവ പരിഹരിക്കുന്നതിന് കര്‍മ്മപരിപാടി തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ജില്ലയിലെ കോളേജുകളും, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെ 65 എണ്ണത്തില്‍ 37 എണ്ണം ഹരിതകലാലയമായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവശേഷിക്കുന്ന 28 എണ്ണവും ഒരു മാസത്തിനുള്ളില്‍ ലക്ഷ്യത്തിലെത്തിക്കാന്‍ പരിപാടികള്‍ തയ്യാറാക്കി.

കുടുംബശ്രീ മുഖേന ജില്ലയിലെ 12115 അയല്‍ക്കുട്ടങ്ങള്‍ ഗ്രേഡിംഗ് പരിശോധന നടത്തേണ്ടതുണ്ട്. നിലവില്‍ 10281 എണ്ണം വിലയിരുത്തിയതില്‍ 7793 എണ്ണം ശുചിത്വ ഗ്രേഡിംഗ് നടത്തിയിട്ടുണ്ട്. സിഡിഎസ് തലത്തില്‍ പ്രത്യേക ഇടപെടല്‍ നടത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കും. 20 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 8 എണ്ണം ഹരിതടൂറിസം കേന്ദ്രമാക്കാന്‍ യോഗ്യതയുണ്ട്. മറ്റിടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിവരുന്നു. 

ഡിടിപിസിയുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സംയുക്തയോഗം ചേര്‍ന്ന് വിലയിരുത്തും. ജില്ലയിലെ ടൗണുകള്‍, പൊതുസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവയില്‍ 227 എണ്ണത്തില്‍ 35 എണ്ണം ഹരിത ടൌണുകളായും, മാര്‍ക്കറ്റുകളായും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ജനുവരി 26 ന് മുമ്പ് പൂര്‍ണ്ണമായും മാലിന്യമുക്ത ടൌണുകളാക്കാന്‍ കര്‍മ്മപരിപാടി തയ്യാറാക്കും.

നിലവിലുള്ള എം.സി.എഫുകള്‍, മിനി എം.സി.എഫുകള്‍ എന്നിവ ഫലപ്രദമായി ഉപയോഗിക്കാനും പുതുതായി നിര്‍മ്മിക്കുന്നവ പെട്ടെന്ന് പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. എസ്.ടി.പി, എഫ്.എസ്.ടി.പി, ഇന്‍സിനറേറ്റര്‍ എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് നിര്‍മ്മാണമാരംഭിക്കാന്‍ നിര്‍ദ്ദേശിച്ചു. 

സമ്പൂര്‍ണ്ണ ശുചിത്വ ജില്ലയാക്കുന്നതിനുള്ള മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍ ശില്പശാല ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, കില, കുടുംബശ്രീ, കെഎസ്ഡബ്ല്യുഎംപി, ക്ലീന്‍ കേരള കമ്പനി എന്നീ ഏജന്‍സികളുടെ നേതൃത്വത്തിലാണ് നടന്നത്. തദ്ദേശ സ്വയംഭരണവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബി.കെ ബല്‍രാജ്, ജോയിന്റ് ഡയറക്ടര്‍ ജി. സുധാകരന്‍, നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍, ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ പി. ജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

#CleanKasaragod #SanitationMission #HarithaKerala #WasteFreeKerala #GreenInitiatives #EcoFriendly

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia