League | കാസര്‍കോട്ട് കേരളാ സൂപ്പര്‍ ലീഗിനെ മാതൃകയാക്കി ഫ്രാഞ്ചൈസി സൂപ്പര്‍ ലീഗ് വരുന്നു; ഒരുക്കങ്ങള്‍ പുരോഗമിച്ച് വരികയാണെന്ന് സംഘാടകര്‍

● 8 ഫ്രാഞ്ചൈസികൾ, ലേലത്തിലൂടെ താരങ്ങളെ തിരഞ്ഞെടുക്കാം.
● ഈ വർഷം അവസാനത്തോടെ ആരംഭിക്കും.
കാസര്‍കോട്: (KasargodVartha) കേരളാ സൂപ്പര്‍ ലീഗിനെ മാതൃകയാക്കി കാസര്‍കോട്ട് ഫ്രാഞ്ചൈസി സൂപ്പര്‍ ലീഗ് വരുന്നു. റിയല്‍ ഇന്ത്യ വിഷന്‍ ഇവന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'കാസര്‍കോട് സൂപ്പര്‍ ലീഗ്' എന്ന് പേരിട്ടിരിക്കുന്ന കെഎസ്എല്‍ ഫുട്‍ബോൾ മത്സരങ്ങൾ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയില്‍ നിന്നും എട്ട് ഫ്രാഞ്ചൈസികളെ തിരഞ്ഞെടുക്കുകയും ഫ്രാഞ്ചൈസികള്‍ക്ക് ലേലത്തിലൂടെ താരങ്ങളെ സ്വന്തമാക്കാന്‍ കഴിയുന്നതുമായ രീതിയിലാണ് സൂപ്പര്‍ ലീഗിന്റെ നടത്തിപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഒരു ടീമിന് 14 അംഗ സ്‌ക്വാഡിനെ രജിസ്റ്റര്‍ ചെയ്യാം. ഇതില്‍ മൂന്ന് വിദേശ താരങ്ങളും മൂന്ന് താരങ്ങള്‍ കാസര്‍കോട് ജില്ലയ്ക്ക് പുറത്തുള്ളതോ കേരളത്തിന് പുറത്തുള്ളതോ ആയിരിക്കണം. ബാക്കി എട്ട് താരങ്ങള്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള താരങ്ങളായിരിക്കണം. ഇതില്‍ ഒരാള്‍ 20 വയസ്സിന് താഴെയുള്ള കാസര്‍കോടില്‍ നിന്നുള്ള താരമായിരിക്കണം എന്നതും സൂപ്പര്‍ ലീഗിന്‍റെ നിബന്ധനകളില്‍ പെടുന്നു.
ജില്ലയിലെ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ ലീഗ് ഇത് പിന്തുടരുന്നത്. കാസര്‍കോട്ട് നിന്നുള്ള താരങ്ങള്‍ക്ക് മാത്രമായിരിക്കും ലേലം നടക്കുകയെന്നും ബാക്കിയുള്ള താരങ്ങളെ ടീമുകള്‍ക്ക് ഓപ്പണ്‍ വിന്‍ഡോയിലൂടെ സ്വന്തമാക്കാനാവുമെന്നും ഭാരവാഹികള്‍ വിശദീകരിച്ചു.
നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ആകെ 12 മത്സരങ്ങളാണ് പദ്ധതിയിടുന്നത്. ഗ്രൂപ്പിലെ മികച്ച രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും. ശേഷം ഫൈനല്‍ പോരാട്ടവും നടക്കും. ലീഗിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങങ്ങള്‍ പുരോഗമിച്ച് വരികയാണെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ രക്ഷാധികാരികളായ അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, റിയല്‍ ഇന്ത്യാ വിഷന്‍ മാനേജിങ് ഡയറക്റ്ററും കെ എസ് എല്‍ ചെയര്‍മാന്‍ കൂടിയായ ജലീല്‍ കോയ, ചെയര്‍മാന്‍ ശരീഫ് സലാല, സിഇഒ, ബി കെ മുഹമ്മദ് ഷാ പങ്കെടുത്തു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കുക.
A franchise-based super league, 'Kasaragod Super League,' modeled after the Kerala Super League, is coming to Kasaragod. Eight franchises will select players through an auction. The league aims to provide more opportunities for local talent.
#KasaragodSuperLeague #Football #KeralaFootball #FranchiseLeague #Sports #LocalTalent