കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം നടപ്പാത നിർമ്മാണം വഴിമുട്ടി: ബഹുനില കെട്ടിടത്തിന്റെ അടിത്തറ പൊളിക്കേണ്ടി വരുമോ?
● മറ്റ് ഭാഗങ്ങളിലെല്ലാം വീതി കൂടിയ നടപ്പാതയാണ് നിർമ്മിച്ചിട്ടുള്ളത്.
● നടപ്പാതയുടെ അലൈൻമെന്റ് സംബന്ധിച്ച് നേരത്തെയും ആക്ഷേപം ഉയർന്നിരുന്നു.
● 'ചെരിപ്പിനനുസരിച്ച് കാൽ മുറിക്കുന്ന' രീതിയാണിതെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
കാസർകോട്: (KasargodVartha) ദേശീയപാതയുടെ സർവീസ് റോഡിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം നടപ്പാതയുടെ നിർമ്മാണം വഴിമുട്ടി.
ബഹുനില കെട്ടിടത്തിന്റെ അടിത്തറ പൊളിക്കാതെ നടപ്പാത നിർമ്മിക്കാൻ കഴിയില്ലെന്ന അവസ്ഥ വന്നതോടെയാണ് ഈ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുന്നത്. ഐഡിബിഐ ബാങ്ക്, താജ് ഹോട്ടൽ എന്നിവ അടക്കം പ്രവർത്തിക്കുന്ന ചേരൂർ കോംപ്ലക്സ് കെട്ടിടത്തിന് മുന്നിലാണ് നടപ്പാതയുടെ നിർമ്മാണം ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.
മറ്റ് ഭാഗങ്ങളിലെല്ലാം വീതി കൂടിയ നടപ്പാതയാണെങ്കിലും ഈ കെട്ടിടത്തിന്റെ അടുത്ത് എത്തിയപ്പോൾ പൂർണമായി നടപ്പാത നിർമ്മിക്കാനാകാത്തവിധം സ്ഥലം ചുരുങ്ങി. റോഡിൽനിന്ന് കെട്ടിടത്തിലെ ബേങ്കിലേക്ക് കയറുന്ന വഴിയുൾപ്പെടെയുള്ള അടിത്തറയടക്കം പൊളിക്കാതെ നടപ്പാത നിർമ്മിക്കാൻ കഴിയില്ലെന്നതാണ് വസ്തുത. ഇവിടെ നടപ്പാത നിർമ്മിക്കാതെ ഒഴിച്ചിടാനാണോ അധികൃതരുടെ തീരുമാനമെന്ന് യാത്രക്കാർ പരസ്പരം ചോദിക്കുന്നു.
അലൈൻമെന്റ് പ്രകാരമുള്ള വീതിയിലല്ല പലയിടത്തും സർവീസ് റോഡും നടപ്പാതയും നിർമ്മിച്ചതെന്ന ആക്ഷേപം ശക്തമായിരിക്കുമ്പോഴാണ് ചില സ്ഥലങ്ങളിൽ സൗകര്യത്തിനനുസരിച്ച് നിർമ്മാണം നടക്കുന്നത്.
'ചെരിപ്പിനനുസരിച്ച് കാൽ മുറിക്കുന്ന' പ്രയോഗമാണ് ഇത് കാണുമ്പോൾ ഓർമ്മ വരുന്നതെന്ന് ഒരു യാത്രക്കാരൻ കാസർകോട് വാർത്തയോട് പറഞ്ഞു. പൊതു ആവശ്യങ്ങൾക്ക് വേണ്ടി ഒരുതരി മണ്ണ് പോലും വിട്ടുനൽകാത്തവർക്ക് വേണ്ടി പല സ്ഥലങ്ങളിലും ഇത്തരം സൗജന്യങ്ങൾ ദേശീയപാത അതോറിറ്റിയും നിർമ്മാണ കമ്പനിയും നൽകിയിട്ടുണ്ടെന്ന വിമർശനവും ശക്തമാണ്.
കാസർകോട്ടെ ഈ നടപ്പാത നിർമ്മാണത്തെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? വാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കുക.
Article Summary: Footpath construction near Kasaragod new bus stand is stalled due to a multi-story building foundation issue.
#Kasargod #NationalHighway #Footpath #ConstructionIssue #Infrastructure #PublicSafety






