city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒപ്പുമരച്ചുവട്ടിൽ നിന്ന് ഒറ്റത്തൂൺ പാലത്തിലേക്ക്: കാസർകോട്ടെ സമരഭൂമി മാറുന്നു!

Single-pillar flyover underpass prepared for events in Kasaragod.
Photo Credit: Arranged

● പാലത്തിനടിയിലെ സ്ഥലം ഇന്റർലോക്ക് പാകി മനോഹരമാക്കി.
● ഓഡിറ്റോറിയം വാടക ഒഴിവാക്കാം എന്നതാണ് പ്രധാന നേട്ടം.
● മുമ്പ് 'ഒപ്പുമരച്ചുവട്' ആയിരുന്നു പ്രധാന സമരവേദി.
● ഭാവിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ജാഥകൾക്കും ഇവിടെ വേദിയാകാം.

കാസർകോട്: (KasargodVartha) നഗരത്തിലെ ഒറ്റത്തൂൺ പാലം ഇപ്പോൾ രാഷ്ട്രീയ പാർട്ടികൾക്കും വിവിധ സംഘടനകൾക്കും ഒരുപോലെ അനുഗ്രഹമായി മാറിയിരിക്കുകയാണ്. ചെലവില്ലാതെ, മഴ നനയാതെ പരിപാടികൾ സംഘടിപ്പിക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. 

പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും പ്രകടനങ്ങളും പൊതുയോഗങ്ങളും ഗതാഗത സ്തംഭനത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും തടസ്സമാകുന്നതിനെ തുടർന്ന് ഹൈകോടതി നിരോധനം ഏർപ്പെടുത്തിയിരുന്നു. അതുകൊണ്ട് ആളുകൾ കാണാത്ത സ്ഥലങ്ങളിലോ പാർട്ടി ഹാളുകളിലോ ആണ് ഇതുവരെ പരിപാടികൾ നടന്നിരുന്നത്. 

എന്നാൽ കാസർകോട് ഒറ്റത്തൂൺ മേൽപ്പാലം വന്നതോടെ അതിനടിയിലെ വിശാലമായ സ്ഥലം ഇത്തരം പരിപാടികൾക്കായി ഉപയോഗിക്കുന്നത് കൗതുകകരമായ കാഴ്ചയായി മാറിയിട്ടുണ്ട്. 

കോരിച്ചൊരിയുന്ന മഴയത്തും പരിപാടികൾ നടത്താമെന്നതും ഇപ്പോൾ വാടക നൽകാതെ കാര്യങ്ങൾ നടത്താമെന്നതും ഇതിന്റെ മറ്റൊരു സവിശേഷതയാണ്. ഒറ്റത്തൂൺ മേൽപ്പാലത്തിന്റെ അടിഭാഗം ഇന്റർലോക്ക് പാകി മനോഹരമാക്കിയിട്ടുണ്ട്. ഈ സ്ഥലമാണ് നിലവിൽ പരിപാടികൾക്കായി ഉപയോഗിക്കുന്നത്. 

ഓഡിറ്റോറിയങ്ങളിലോ മറ്റ് വേദികളിലോ പരിപാടികൾ നടത്തുന്നതിന് വലിയ വാടക നൽകേണ്ടിവരും. എന്നാൽ പാലത്തിനടിയിലാകുമ്പോൾ ഇതിന്റെ ആവശ്യമില്ല. കുറച്ച് കൊടികളും കസേരകളും, എളുപ്പത്തിൽ അഴിച്ചുമാറ്റാവുന്ന ഒരു സ്റ്റേജും മാത്രമാണ് ആകെയുള്ള ചെലവ്. എല്ലാവർക്കും എത്തിച്ചേരാൻ സൗകര്യപ്രദമാണെന്നതും ഇതിന്റെ പ്രത്യേകതയാണ്.

kasaragod-flyover-underpass

മുമ്പ് ഈ പാലത്തിന് സമീപമുണ്ടായിരുന്ന 'ഒപ്പുമരച്ചുവട്ടിൽ' ആയിരുന്നു രാഷ്ട്രീയക്കാരുടെയും സംഘടനകളുടെയും പരിപാടികൾ നടന്നു വന്നിരുന്നത്. റോഡ് വികസനത്തിന്റെ ഭാഗമായി ഒപ്പുമരം ഇല്ലാതായതോടെ ഇനി ആ സ്ഥലത്തിന് പകരമായി ഒറ്റത്തൂൺ പാലത്തിനടിയിലുള്ള ഈ സ്ഥലം കൈയടക്കുമോ എന്ന സംശയത്തിലാണ് നഗരവാസികൾ. നിലവിൽ പാലത്തിനടിയിലെ പകുതിയിലേറെ സ്ഥലത്തും വാഹനങ്ങളാണ് പാർക്ക് ചെയ്യുന്നത്.

പാർക്കിംഗിനായാണ് സൗകര്യം ഒരുക്കിയതെങ്കിലും, ഷട്ടിൽ കോർട്ട് ഉൾപ്പെടെയുള്ള ഇൻഡോർ കളികൾക്ക് വേണ്ട സൗകര്യമൊരുക്കാനും പദ്ധതിയുണ്ടെന്നാണ് അറിയുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും കാസർകോട്-തിരുവനന്തപുരം ജാഥയ്ക്കും മറ്റ് പല പരിപാടികൾക്കും നഗരത്തിൽ ഇനി ഇവിടെയായിരിക്കും വേദിയാവുക. ഹൈകോടതി വിധി ചൂണ്ടിക്കാട്ടി പൊലീസ് തടഞ്ഞാൽ പണി പാളുമെന്ന് മാത്രം 

kasaragod-flyover-underpass

എൻഡോസൾഫാൻ സമരകാലത്തും സഫിയ തിരോധാനവുമായി ബന്ധപ്പെട്ട സമരത്തിനും വേദിയായത് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു. കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം ഉണ്ടായിരുന്ന ഏതാനും മരങ്ങൾ തുണികൊണ്ട് മൂടി അതിൽ നിരവധി പേർ ഒപ്പിട്ട് പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് 'ഒപ്പുമരച്ചുവട്' എന്ന് ആ സ്ഥലത്തിന് പേരുവന്നത്. പിന്നീട് ഈ മരച്ചുവട് ശ്രദ്ധേയമായ നിരവധി പരിപാടികൾക്ക് വേദിയൊരുക്കി. ഇവിടെയുണ്ടായിരുന്ന മരം പിന്നീട് അതേപടി പറിച്ച് അട്ക്കത്ത് ബയൽ യു.പി. സ്കൂളിൽ സ്ഥാപിക്കുകയും ചെയ്തു.

പ്രഫ. എം എ റഹ്‌മാൻ്റെ ആശയമായിരുന്നു ഒപ്പുമരം. ഒപ്പിടാൻ ഉപയോഗിച്ച മരമെന്ന നിലയിൽ മാത്രമല്ല വിഷം ഒപ്പിയെടുക്കാൻ നടത്തിയ സമരത്തിൻ്റെ പ്രതീകം കൂടി ആയിരുന്നു ഈ പേര്. മുൻപ് കടകൾ മറയ്ക്കുന്നു എന്നകാരണത്താൽ ചിലർ തീവച്ച് നശിപ്പിക്കാൻ ശ്രമിച്ച മരം കൂടി ആയിരൂന്നു അതെന്ന് ചരിത്രം.  ഈ മരം കവയത്രി സുഗതകുമാരിയാണ് വർഷങ്ങൾക്ക് മുമ്പ് നട്ടത്.


കാസർകോട്ടെ ഈ പുതിയ സമരവേദിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക 


Article Summary: Kasaragod's single-pillar flyover underpass becomes new public event venue.
 #Kasaragod #ProtestVenue #Flyover #PublicSpace #KeralaPolitics #LocalNews


 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia