മാർക്കറ്റ് റോഡിലൂടെ ഒഴുകുന്നത് ദുർഗന്ധം വമിക്കുന്ന മലിനജലം; കാസർകോട്ടെ മത്സ്യ മാർക്കറ്റിൽ ദുരിതം പൂർണം, നവീകരണം അനന്തമായി നീളുന്നു
● ദിവസേനയുള്ള മത്സ്യ വിൽപ്പനയ്ക്ക് ശേഷം മാർക്കറ്റിൽ യാതൊരുവിധ ശുചീകരണവും നടക്കാറില്ല
● ആധുനിക രീതിയിലുള്ള മത്സ്യ മാർക്കറ്റ് നിർമാണം എന്ന നഗരസഭയുടെ വാഗ്ദാനം ഇതുവരെ യാഥാർഥ്യമായിട്ടില്ല
● നവീകരണത്തിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂറിന് നഗരസഭ പ്രത്യേക നിവേദനം നൽകി
● മാർക്കറ്റിലെ കെട്ടിടങ്ങൾ കാലപ്പഴക്കം കൊണ്ട് ജീർണിച്ച് ദ്രവിച്ച നിലയിലാണ്
കാസർകോട്: (KasargodVartha) നഗരമധ്യത്തിലുള്ള മത്സ്യ മാർക്കറ്റിൻ്റെ നവീകരണം എന്നാണ് യാഥാർഥ്യമാവുക? ദുർഗന്ധം വമിക്കുന്ന മലിനജലം ചവിട്ടി മീൻ വാങ്ങാൻ എത്തുന്ന ഓരോ സാധാരണക്കാരൻ്റെയും ചോദ്യവും വലിയ ആശങ്കയുമാണിത്. എന്നാൽ മാർക്കറ്റിൽ നിന്ന് പുറത്തേക്ക് വലിയ തോതിൽ മലിനജലം ഒഴുകാൻ തുടങ്ങിയതാണ് ഇപ്പോൾ ജനങ്ങൾക്ക് താങ്ങാനാവാത്ത ദുരിതമാകുന്നത്.
ദിവസേനയുള്ള മത്സ്യ വിൽപ്പനയ്ക്ക് ശേഷം മാർക്കറ്റിൽ യാതൊരുവിധ ശുചീകരണവും നടക്കാത്തതാണ് ഇങ്ങനെയൊരു പരിതാപകരമായ അവസ്ഥയ്ക്ക് കാരണമെന്ന് മീൻ വാങ്ങാൻ എത്തിയവർ ചൂണ്ടിക്കാട്ടുന്നു. പകർച്ചവ്യാധികൾ വേഗത്തിൽ പടർന്നുപിടിക്കാൻ സാധ്യതയുള്ള ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ അനിവാര്യമാണ്.
വാഗ്ദാനങ്ങളിൽ ഒതുങ്ങുന്ന നവീകരണം
നഗരസഭയ്ക്ക് പൊതുജനങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ വിമർശനം നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് നഗരമധ്യത്തിലുള്ള ഈ മത്സ്യ മാർക്കറ്റിൻ്റെ നവീകരണം. മത്സ്യ മാർക്കറ്റ് ഏറ്റവും ആധുനിക രീതിയിൽ നിർമിക്കുമെന്ന് നഗരസഭ പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതിനായി ഇപ്പോൾ സർക്കാരിനെ നേരിട്ട് സമീപിച്ചിരിക്കുകയാണ് നഗരസഭ ഭരണസമിതി. കഴിഞ്ഞ ആഴ്ച കാസർകോട് ജില്ലയിൽ എത്തിയ സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി വിഇ അബ്ദുൽ ഗഫൂറിന് ഇത് സംബന്ധിച്ച് പ്രത്യേക നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്.
കണ്ണടച്ച് ആരോഗ്യ വകുപ്പ്
മത്സ്യ മാർക്കറ്റിനകത്തുള്ള മത്സ്യ വിൽപ്പന കേന്ദ്രമടക്കമുള്ള കെട്ടിടങ്ങളൊക്കെ തീരെ വൃത്തിയില്ലാതെയാണ് ഇപ്പോൾ കിടക്കുന്നത്. മത്സ്യ മാർക്കറ്റിനടുത്തുള്ള കെട്ടിടത്തിൽ നിരവധി ഇറച്ചിക്കടകളുമുണ്ട്. മീൻ കഴുകിയ വെള്ളം പാതയോരങ്ങളിൽ ഒഴുക്കുന്നവരെ പിടികൂടി പിഴ ഈടാക്കാൻ മത്സരിക്കുന്ന എൻഫോഴ്സ്മെൻ്റ് - ആരോഗ്യ വകുപ്പ് അധികൃതർ എപ്പോഴെങ്കിലും ഒന്ന് കാസർകോട് മത്സ്യ മാർക്കറ്റിലേക്ക് തിരിഞ്ഞു നോക്കണമെന്നാണ് മീൻ വാങ്ങാൻ എത്തുന്നവർ പരിഹാസരൂപേണ പറയുന്നത്.

ശുചീകരണം ആര് നടത്തും?
മത്സ്യ വിൽപ്പന തൊഴിലാളികൾക്ക് ഒരുമയുണ്ടെങ്കിൽ എല്ലാ വൈകുന്നേരങ്ങളിലും മാർക്കറ്റ് പൂർണമായും ശുചീകരിച്ച് പോകാൻ സാധിക്കും, അതല്ലെങ്കിൽ പ്രത്യേക ശുചീകരണ ജോലിക്കാരെ വെച്ചും ഈ പ്രവൃത്തി ചെയ്യാം. നഗരസഭയ്ക്കാണെങ്കിൽ ശുചീകരണ തൊഴിലാളികളെ ഇവിടങ്ങളിൽ സ്ഥിരമായി നിയമിക്കാനും എളുപ്പത്തിൽ കഴിയും. എന്നാൽ ഇത് ആര് മുൻകൈയെടുത്ത് ചെയ്യുമെന്നതാണ് ബാക്കിയാകുന്ന ചോദ്യം.
ശുചീകരണ യജ്ഞം ഇവിടെനിന്ന് തുടങ്ങണം
കാസർകോട് മത്സ്യ മാർക്കറ്റിനകത്തുള്ള കെട്ടിടങ്ങളൊക്കെ കാലപ്പഴക്കം കൊണ്ട് ജീർണിച്ച് ദ്രവിച്ച നിലയിലാണ്. പ്രാഥമികമായ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്തത് ഇവിടുത്തെ ശുചീകരണ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്. മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ ഒരു സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടില്ല.
ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ വകുപ്പും ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടത്തുന്ന വിപുലമായ ശുചീകരണ യജ്ഞം കാസർകോട് മത്സ്യ മാർക്കറ്റിൽ നിന്നാണ് തുടങ്ങേണ്ടതെന്ന് മീൻ വാങ്ങാൻ എത്തുന്ന സാധാരണക്കാർ ചൂണ്ടിക്കാട്ടുന്നു. അതൊരു പ്രതീകാത്മക ശുചീകരണത്തിനപ്പുറം നാടിൻ്റെ വലിയൊരു ആവശ്യത്തിനുള്ള ശാശ്വത പരിഹാരമായി മാറണമെന്നാണ് ഏവരുടെയും ആഗ്രഹം.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: The unhygienic conditions and the continuous flow of foul-smelling wastewater onto the road at the Kasaragod fish market have caused severe difficulties for the public and raised health concerns. While the municipality has submitted a memorandum to the Fisheries Minister for its long-delayed renovation, locals are urging authorities to urgently prioritize the market's cleaning and waste management.
#KasargodVartha #KasaragodNews #FishMarket #PublicHealth #KeralaNews #WasteManagement #MalayalamNews #AparnaNews






