Crisis | സന്ധ്യയായാൽ കാസർകോട് ഡിപ്പോയിൽ നിന്ന് ബസില്ല; 7 മണിയോടെ തന്നെ സർവീസ് അവസാനിപ്പിച്ച് കർണാടക ആർടിസി; യാത്രക്കാർ ദുരിതത്തിൽ
● ബസുകൾ പുന:സ്ഥാപിക്കാൻ അധികൃതർ തയ്യാറായില്ല
● ബസുകളുടെ കുറവ് കാരണം ഏഴ് മണി കഴിഞ്ഞാൽ ഇരുട്ടിലാകും
● ജില്ലയുടെ വികസനത്തെയും ബാധിക്കുന്നു
കാസർകോട്: (KasargodVartha) സന്ധ്യയായാൽ കാസർകോട് നിന്ന് ദേശീയപാതയിലൂടെയുള്ള കെഎസ്ആർടിസി ബസുകളുടെ കുറവ് മൂലം വലിയതോതിൽ യാത്രാ ദുരിതം നേരിടുന്നതിനിടെ കർണാടക ആർടിസി ബസുകൾ വൈകീട്ട് ഏഴ് മണിയോടെ തന്നെ കാസർകോട് - മംഗ്‌ളുറു റൂട്ടിൽ സർവീസുകൾ അവസാനിപ്പിക്കുന്നത് യാത്രക്കാർക്ക് ഇരട്ട പ്രഹരമാവുന്നു.
കോവിഡ് മഹാമാരിക്ക് മുമ്പ് രാത്രി ഒമ്പത് മണിവരെ സമയക്രമം പാലിച്ച് കെഎസ്ആർടിസി ബസുകൾ നേരാംവണ്ണം ദേശീയപാതയിൽ സർവീസ് നടത്തിയിരുന്നു. കോവിഡാനന്തരം വെട്ടിച്ചുരുക്കിയ ബസുകൾ പുന:സ്ഥാപിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടുമില്ല. നിയമസഭയിൽ പോലും ഇത് ചർച്ച ചെയ്ത വിഷയവുമാണ്. ബസുകളുടെ കുറവ് കാരണം കാസർകോട് ഏഴ് മണി കഴിഞ്ഞാൽ തന്നെ ഇരുട്ടിലാകും, കടകൾ അടഞ്ഞു കിടക്കും, പരിഹാര നിർദ്ദേശങ്ങളൊക്കെ അധികൃതർ ചെവി കൊള്ളുന്നുമില്ല.
കാസർകോട് നഗരസഭ ടൗണിന് വെളിച്ചമേകാൻ ഒട്ടേറെ പദ്ധതികൾക്ക് തുടക്കമിട്ടുവെങ്കിലും വെളിച്ചം കാണണമെങ്കിൽ രാത്രി വൈകിയും കാസർകോട് നിന്ന് ദേശീയപാതയിലൂടെ ബസുകൾ ഓടേണ്ടതുണ്ട്. എങ്കിലേ വെളിച്ചം കാണാൻ ടൗണിലേക്ക് ജനങ്ങൾ എത്തുകയുള്ളൂ. 'പാങ്ങുള്ള ബജാറിനും, ചേലുള്ള ബജാറിനും' ഇത് അനിവാര്യവുമാണെന്നാണ് ജനം ചൂണ്ടിക്കാട്ടുന്നത്.
ജില്ലയിലെ ടൂറിസം ഹബ്ബായ ബേക്കൽ കോട്ട രാത്രി ഒമ്പത് മണിവരെ തുറക്കണമെന്നാണ് ജനപ്രതിനിധികളും, ടൂറിസം അധികൃതരും പറയുന്നത്. ബസ് സർവീസില്ലാതെ തുറന്നിട്ട് എന്ത് കാര്യമെന്ന് നാട്ടുകാരും ചോദിക്കുന്നുമുണ്ട്. വികസനം ആഗ്രഹിക്കുന്നവർ ഇതിനൊക്കെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. സന്ധ്യയായാൽ കാസർകോട് ഇരുട്ടിലാകുന്നത് ജില്ലയുടെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യമാണ്.
#Kasargod #KSRTC #KarnatakaRTC #busservice #transportation #Kerala #India #evening #night #travel