Electricity | കാസർകോട്ട് വൈദ്യുതി രംഗത്ത് ജനങ്ങളുടെ പരാതികൾ കൂമ്പാരമാകുന്നു; വൈദ്യുതിക്ഷാമത്തിനൊപ്പം ഉദ്യോഗസ്ഥ-ജീവനക്കാരുടെ അഭാവും; 4 ഓഫീസുകളിൽ എ ഇമാരില്ല

● ഉദ്യോഗസ്ഥരുടെ കുറവ് സേവനങ്ങൾ തടസ്സപ്പെടുത്തുന്നു.
● ട്രാൻസ്ഫോർമർ പ്രശ്നങ്ങൾ ഉപകരണങ്ങൾ നശിപ്പിക്കുന്നു.
● വേനൽക്കാലം വൈദ്യുതി നിയന്ത്രണങ്ങൾ വർദ്ധിപ്പിക്കുന്നു.
● പരീക്ഷക്കാലം വൈദ്യുതി മുടക്കം പഠനത്തെ ബാധിക്കുന്നു.
● കർണാടകയിൽ നിന്നുള്ള കുറവ് വൈദ്യുതി തടസ്സങ്ങൾ ഉണ്ടാക്കുന്നു.
കാസർകോട്: (KasargodVartha) ജില്ലയിൽ എല്ലാ വൈദ്യുതി സെക്ഷൻ ഓഫീസുകളിലും ജനങ്ങളുടെ പരാതികൾ നിറയുന്നു. വൈദ്യുതിക്ഷാമത്തോടൊപ്പം ഉദ്യോഗസ്ഥ-ജീവനക്കാരുടെ കുറവും ജില്ലയിലെ വൈദ്യുതി മേഖലയുടെ പ്രവർത്തനങ്ങളെ സങ്കീർണമാക്കുന്നു. കാസർകോട്, കാഞ്ഞങ്ങാട് ഡിവിഷൻ ഓഫീസുകൾക്ക് കീഴിൽ 50 വീതം സെക്ഷൻ ഓഫീസുകളാണ് ഉള്ളത്. പലയിടത്തും ഉപഭോക്താക്കളുടെ എണ്ണം വർധിച്ചത് കൊണ്ട് സെക്ഷനുകൾ വിഭജിച്ച് പുതിയ സെക്ഷൻ ഓഫീസുകൾ തുടങ്ങേണ്ടതുണ്ടെങ്കിലും ഒന്നിനും നടപടിയില്ല.
ഉള്ള സെക്ഷൻ ഓഫീസുകളിൽ തന്നെ ആവശ്യത്തിന് ഉദ്യോഗസ്ഥരോ ജീവനക്കാരോ ഇല്ലാത്ത അവസ്ഥയാണ്. ജില്ലയിൽ നാല് സെക്ഷൻ ഓഫീസുകളിൽ നിലവിൽ അസിസ്റ്റന്റ് എൻജിനീയർമാർ (എ ഇ) ഇല്ല. ഇതിൽ മൂന്നും കാസർകോട് ഡിവിഷന് കീഴിലാണ്. കാസർകോട്, നെല്ലിക്കുന്ന്, ബദിയടുക്ക സെക്ഷനിലും, കാഞ്ഞങ്ങാട് ഡിവിഷന് കീഴിലുള്ള ചിത്താരി സെക്ഷനിലും എ ഇ ഇല്ല. ഇവിടങ്ങളിലെല്ലാം എ ഇയുടെ ചുമതല സബ് എൻജിനീയർമാർക്കാണ്.
എ ഇയുടെയും സബ് എൻജിനീയറുടെയും ചുമതല ഒരാൾ തന്നെ നിർവഹിക്കേണ്ടത് കൊണ്ട് ഉപഭോക്താക്കളുടെ പരാതികളെല്ലാം കെട്ടി കിടക്കേണ്ടി വരുന്നു. ആവശ്യത്തിന് ഓവർസീയർമാരോ ലൈൻമാൻമാരോ മസ്ദൂർമാരോ ഇല്ലാത്തത് കാരണം എല്ലാം ഒരുമിച്ച് കൊണ്ടുപോകാൻ സെക്ഷൻ മേലധികാരികൾക്ക് കഴിയുന്നില്ല. കുറച്ച് സബ് എൻജിനീയർമാരെ അടുത്ത ദിവസങ്ങളിൽ പോസ്റ്റ് ചെയ്തത് തെല്ല് ആശ്വാസത്തിന് വകനൽകുന്നുണ്ട്.
ജനങ്ങൾക്കുള്ള സേവനങ്ങൾ പൂർത്തീകരിച്ചു കൊടുക്കാൻ സാധിക്കാതെ വരുമ്പോൾ ഉപഭോക്താക്കളും ചുമതലപ്പെട്ടവരും ഒരേ പോലെ വലയുകയാണ്. സംസ്ഥാനത്തെ ഏറ്റവും കുറവ് ഇലക്ട്രിക് സെക്ഷൻ ഉള്ള ജില്ലയാണ് കാസർകോട്. കാസർകോട് വൈദ്യുതി സെക്ഷൻ ഓഫീസ് വിദ്യാനഗറിലെ വൈദ്യുതി ഭവനിലേക്ക് മാറ്റിയതിനാൽ നഗരത്തിലെയും തളങ്കരയിലെയും ഉപഭോക്താക്കൾക്ക് സേവനങ്ങൾ ലഭിക്കാതെ നെട്ടോട്ടം ഓടേണ്ട അവസ്ഥയിലാണ്. വൈദ്യുതി ഓഫീസ് ഏറെ ദൂരെയായതിനാൽ പല സാങ്കേതിക പ്രശ്നങ്ങൾക്കും ഇടയാകേണ്ടിവരുന്നുണ്ടെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.
ജില്ലയിൽട്രാൻസ്ഫോമറുകളുടെ ശേഷി കുറവായതിനാൽ വൈദ്യുതിയുടെ ഒളിച്ചുകളിയും വേൾടേജുകളുടെ ഏറ്റക്കുറച്ചിൽ മൂലവും വീടുകളിലെ ഉപകരണങ്ങളും വയറിങ്ങുകളടക്കവും നശിക്കുന്നതായുള്ള പരാതികളും വ്യാപകമാണ്. അമിത ജോലിഭാരം തങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥരും ജീവനക്കാരും പറയുന്നു.
വേനൽ കടുത്തതോടെ രാത്രി കാലങ്ങളിൽ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണങ്ങൾ ഉണ്ടാകുന്നു. പരീക്ഷ കാലമായതിനാൽ വൈദ്യുതി മുടക്കം കുട്ടികളുടെ പഠനത്തേയും ബാധിക്കുന്നു. കാസർകോട് - മഞ്ചേശ്വരം താലൂകുകളിൽ കർണാടയിൽ നിന്നുള്ള വൈദ്യുതിയുടെ കുറവ് മൂലം വൈദ്യുതി തടസ്സങ്ങൾ പതിവായിട്ടുണ്ട്. പകൽനേരങ്ങളിൽ പോലും വൈദ്യുതി മുടങ്ങുന്ന അവസ്ഥയുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kasaragod's electricity sector is facing public complaints due to staff shortages, power cuts, and delays in service delivery, affecting daily life.
#Kasaragod #Electricity #StaffShortage #PowerCuts #PublicComplaints #ElectricityIssues