Water Shortage | കാസർകോട്ട് 23 പഞ്ചായതുകളിലും 3 നഗരസഭകളിലും കടുത്ത കുടിവെള്ളക്ഷാമം; ജലവിതരണം ആരംഭിച്ചു; പുഴകളുടെ നീരൊഴുക്ക് നിലച്ചതോടെ വരള്‍ച്ചാ ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നു
* ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എല്ലാ മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ കെ ഇമ്പശേഖറും എഡിഎം ശ്രുതിയും
കാസര്‍കോട്: (KasaragodVartha) ജില്ലയിലെ 23 പഞ്ചായതുകളും മൂന്ന് നഗരസഭകളും കടുത്ത കുടിവെള്ളക്ഷാമം നേരിടുന്നു. ഇതോടെ ഈ പഞ്ചായതുകളിലെല്ലാം കുടിവെള്ളവിതരണം ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ ആകെയുള്ള 12 നദികളില്‍ എല്ലായിടത്തും നീരൊഴുക്ക് നിലച്ചതായി അധികൃതര്‍ വ്യക്തമാക്കി. തല്‍ക്കാലം ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എല്ലാ മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ കെ ഇമ്പശേഖറും എഡിഎം ശ്രുതിയും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പഞ്ചായത് ജോയിന്റ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ ജലക്ഷാമം നേരിടുന്ന പഞ്ചായതുകളിലെല്ലാം കുടിവെള്ളവിതരണം ആരംഭിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായതുകള്‍ക്ക് മാര്‍ച് 31 വരെ വികസന ഫണ്ടില്‍ നിന്നോ, തനത് തുകയിൽ നിന്നാ ആറ് ലക്ഷം രൂപ വരെ കുടിവെള്ളവിതരണത്തിനായി ചിലവഴിക്കാന്‍ സര്‍കാര്‍ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം വരുന്നതിന് മുമ്പുതന്നെ ഉത്തരവിറക്കിയിട്ടുണ്ട്. ഏപ്രില്‍ മുതല്‍ മെയ് 31 വരെ 12 ലക്ഷം രൂപ വരെ ചിലവഴിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
നഗരസഭകള്‍ക്ക് മാര്‍ചില്‍ 12 ലക്ഷം രൂപയും ഏപ്രില്‍ മുതല്‍ മെയ് വരെ 17 ലക്ഷം രൂപയും ചിലവഴിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോര്‍പറേഷനില്‍ ഇത് 17 ലക്ഷം രൂപയും 22 ലക്ഷം രൂപയുമായി നിജപ്പെടുത്തിയിട്ടുണ്ട്.
അജാനൂര്‍, ബളാല്‍, ബേഡഡുക്ക, ചെമ്മനാട്, ചെങ്കള, ചെറുവത്തൂര്‍, ദേലംപാടി, ഈസ്റ്റ് എളേരി, കയ്യൂര്‍- ചീമേനി, കിനാനൂര്‍ - കരിന്തളം, കള്ളാര്‍, കാറഡുക്ക, കോടോം-ബേളൂര്‍, കുമ്പള, കുറ്റിക്കോല്‍, മംഗല്‍പാടി, മഞ്ചേശ്വരം, മൊഗ്രാല്‍ പുത്തൂര്‍, മുളിയാര്‍, പള്ളിക്കര, പനത്തടി, വലിയപറമ്പ, വെസ്റ്റ് എളേരി, പഞ്ചായതുകളിലും നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭകളിലുമാണ് നിലവില്‍ ടെൻഡര്‍ നടപടി പൂര്‍ത്തിയാക്കി കുടിവെള്ളവിതരണം ആരംഭിച്ചിരിക്കുന്നത്.
മറ്റ് പഞ്ചായതുകളിലും കുടിവെള്ളക്ഷാമം നേരിടുന്നുണ്ടെങ്കിലും ഈ പഞ്ചായതുകളെല്ലാം ടെൻഡര്‍ നടപടിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ആകെയുള്ള 38 പഞ്ചായതുകളിലും ജലക്ഷാമം രൂക്ഷമായതിനാല്‍ ജില്ലയെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാൽ ജില്ലാ വികസന സമിതിയോഗം ജൂണ്‍ നാലിന് ശേഷം മാത്രമേ നടത്താന്‍ കഴിയുകയുളളൂ.
അതുകൊണ്ടുതന്നെ ജില്ലയിലെ വരള്‍ച്ചാ പ്രശ്‌നം വിശദമായി ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ലെന്ന് രാഷ്ട്രീയ പ്രതിനിധികളും വ്യക്തമാക്കുന്നു. ജില്ലയിലെ പുഴകളിലെല്ലാം നീരൊഴുക്ക് നിലച്ചിരിക്കുകയാണെന്ന് കാസര്‍കോട് ജില്ലാ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂടീവ് എൻജിനീയറുടെ ചുമതല വഹിക്കുന്ന അസിസ്റ്റിന്റ് എക്‌സിക്യൂടീവ് എൻജിനീയര്‍ ഇ കെ അര്‍ജുനന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കേന്ദ്ര സര്‍കാരിന്റെ കണക്കനുസരിച്ച് കാസര്‍കോട്, കാറഡുക്ക ബ്ലോക് പരിധിയില്‍ ഭൂഗര്‍ഭജലവിതാനം കുറഞ്ഞുവരികയാണെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ കുഴല്‍ കിണര്‍ കുഴിക്കുന്നതിനും മറ്റും നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. ജില്ലയുടെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മൂന്ന് മിനിഡാമുകള്‍ നിര്‍മിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. കാക്കടവ്, പയസ്വനി, മൂന്നാംകടവ് എന്നിവിടങ്ങളിലാണ് മിനിഡാം നിര്‍മിക്കുന്നതിനായി നിർദേശം ഉള്ളത്. ബാവിക്കര കുടിവെളളപദ്ധതി പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്യുന്നതിനാവശ്യമായ വെള്ളം തല്‍ക്കാലം ഉണ്ടെങ്കിലും മെയ് 31 ആകുന്നതോടെ ഇവിടെയും പ്രതിസന്ധി തുടരാന്‍ സാധ്യതയുണ്ട്.
ഉപ്പള, ഷിറിയ പുഴകള്‍ ഭാഗികമായി വറ്റിത്തുടങ്ങിയിട്ടുണ്ടെന്ന് ഈ പ്രദേശത്തെ നാട്ടുകാര്‍ പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ചിലവഴിക്കാന്‍ നിര്‍ദേശിച്ച തുകയില്‍ കൂടുതല്‍ കുടിവെള്ള വിതരണത്തിന് ആവശ്യമായി വന്നാല്‍ അതിന് പ്രത്യേക അപേക്ഷ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യൂടി ഡയറക്ടര്‍ കെ വി ഹരിദാസ് പറഞ്ഞു.