Development | കാസര്‍കോട്ടെ എല്ലാ അങ്കണവാടികള്‍ക്കും കെട്ടിടം; സ്വകാര്യ വ്യക്തികള്‍ക്കും സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമാകാം
● മാന്വൽ സ്കാവഞ്ചേർസ് സർവേയിലൂടെ അവരുടെ ക്ഷേമം ഉറപ്പാക്കുന്നു.
● ജില്ലയെ ശുചിത്വമുള്ള സ്ഥലമാക്കി മാറ്റാൻ സ്വച്ഛത ഹി സേവ ക്യാമ്പയിൻ.
കാസര്‍കോട്: (KasargodVartha) ജില്ലയിലെ എല്ലാ അങ്കണവാടികള്‍ക്കും കെട്ടിടം എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണ സംവിധാനത്തിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വിവിധ നിര്‍ദേശങ്ങള്‍ എടുത്തുപറഞ്ഞു. ഇത് പ്രകാരം, നിലവില്‍ സ്ഥലം ലഭ്യമല്ലാത്ത ദേലംപാടി, കുമ്പഡാജെ, കാറഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍, മൊഗ്രാല്‍ പുത്തൂര്‍, കുമ്പള, കാസര്‍കോട് നഗരസഭ, മധുര്‍, ചെമ്മനാട്, ചെങ്കള, ബദിയടുക്ക, ബളാല്‍, കോടോം ബേളൂര്‍, പനത്തടി, കാഞ്ഞങ്ങാട് നഗരസഭ, പള്ളിക്കര, ഉദുമ, മഞ്ചേശ്വരം, മീഞ്ച, പൈവളികെ, വോര്‍ക്കാടി, എന്‍മകജെ, മംഗല്‍പ്പാടി, പുത്തിഗെ, നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍, പടന്ന, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കിനാനൂര്‍ കരിന്തളം തുടങ്ങിയ പഞ്ചായത്തുകളിലെ 55 അങ്കണവാടികള്‍ക്ക് സ്ഥലം കണ്ടെത്തുന്ന നടപടികള്‍ പുരോഗമിക്കുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ വകുപ്പുകളും സഹകരിച്ചുകൊണ്ട്, സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ സൗജന്യമായി അനുവദിക്കുന്നതിനും വിലകൊടുത്തു വാങ്ങി കൈമാറുന്നതിനും താല്‍പര്യമുള്ള വ്യക്തികള്‍ മുന്നോട്ടുവരണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. താല്‍പര്യമുള്ള വ്യക്തികള്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും, അവരുടെ പേരുകള്‍ കെട്ടിടത്തില്‍ രേഖപ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കാസര്‍കോട് വികസന പാക്കേജ്, ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സംയുക്ത ഫണ്ട് ഉപയോഗിച്ച്, ജില്ലയിലെ അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ വേണ്ട ഡീറ്റെയില്‍ഡ് പ്ലാന്‍ റിപ്പോര്‍ട്ട് ജില്ലാ നിര്‍മ്മിതി കേന്ദ്രം തയ്യാറാക്കി. ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ കാസര്‍കോട് വികസന പാക്കേജ് മുഖാന്തരം സ്വീകരിച്ചുവരികയാണ്. വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ഒരുക്കുന്നത് ലക്ഷ്യമാക്കി സ്വകാര്യ വ്യക്തികളുടെ സഹകരണം ആവശ്യപ്പെടുന്നു.
മാന്വല്‍ സ്‌കാവഞ്ചേര്‍സ് സര്‍വ്വേ ആരംഭിച്ചു
കാസര്‍കോട്: 2013 ലെ മാന്വല്‍ സ്‌കാവഞ്ചേര്‍സ് ആക്ട് പ്രകാരം ജില്ലാ ഭരണകൂടം കാസര്‍കോട് ജില്ലയില്‍ മാന്വല്‍ സ്‌കാവഞ്ചേര്‍സ് സര്‍വ്വേ ആരംഭിച്ചു. സ്‌കാവഞ്ചിംഗ് (തോട്ടിപ്പണി) ജോലി ചെയ്യുന്നവരെ കണ്ടെത്തി, അവരുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. 2013, 2018 ല്‍ ജില്ല മാന്വല്‍ സ്‌കാവഞ്ചിംഗ് ഫ്രീ ആയി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല എന്ന് കണ്ടെത്തി സുപ്രീം കോടതി പുതിയ സര്‍വ്വേ നടത്തുന്നതിന് നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും സര്‍വ്വേ നടത്തുന്നത്.
മനുഷ്യ വിസര്‍ജ്യം നേരിട്ട് കൈകാര്യം ചെയ്യുന്നവരെ കണ്ടെത്താന്‍ ഈ സര്‍വ്വേ ലക്ഷ്യമിടുന്നു. സെപ്റ്റിക് ടാങ്ക് ശുചീകരണം നടത്തുന്നവരെ ഇതില്‍ ഉള്‍പ്പെടുത്തില്ല. മനുഷ്യമലം നേരിട്ട് കൈകാര്യം ചെയ്യുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഗ്രാമപഞ്ചായത്ത്, നഗരസഭാ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാനും ആവശ്യമായ രേഖകള്‍ സഹിതം ഹാജരാക്കാനും ജില്ലാ തല സര്‍വ്വേ കമ്മിറ്റി ചെയര്‍മാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
സ്വച്ഛത ഹി സേവ ക്യാമ്പയിന് 17ന് തുടക്കം
കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 'സ്വച്ഛത ഹി സേവ' ക്യാമ്പയിന് കാസര്‍കോട് ജില്ലയില്‍ സെപ്റ്റംബര്‍ 17 മുതല്‍ ആരംഭിക്കും. മാലിന്യമുക്ത കേരളം, നവകേരളം പദ്ധതികളുടെ ഭാഗമായ ഈ ക്യാമ്പയിന് ശുചിത്വ മിഷന്‍, കുടുംബശ്രീ, മേരെ യുവ ഭാരത്, നെഹ്രു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്‌കൗട്ട്‌സ് ആന്‍റ് ഗൈഡ്‌സ്, സാമൂഹ്യ സന്നദ്ധ സേന എന്നിവ സംയുക്തമായി നടത്തും.
ഗ്രാമീണ മേഖലയിലെ ശുചിത്വ ബോധവല്‍ക്കരണ പരിപാടികള്‍ ഏകോപിപ്പിക്കുക, സമ്പൂര്‍ണ ശുചിത്വ പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാകും പരിപാടികള്‍ നടത്തപ്പെടുന്നത്. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ ജില്ലയിലുടനീളം വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അനുബന്ധ സംഘടനകളും നിരവധി പരിപാടികള്‍ സംഘടിപ്പിക്കും.
#KasaragodDevelopment #Anganwadi #CleanlinessCampaign #Kerala