പിടിഎ-എസ്എംസി സന്നദ്ധത അറിയിച്ചു: കാസർകോട് ജില്ലാ സ്കൂൾ കലോത്സവത്തിന് ഇശൽ ഗ്രാമമായ മൊഗ്രാൽ വേദിയായേക്കും
● ഡിഡിഇയെയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെയും നേരിൽക്കണ്ടാണ് അറിയിച്ചത്.
● സാമ്പത്തിക ബുദ്ധിമുട്ട് കാരണം മറ്റ് സ്കൂളുകൾ മുന്നോട്ട് വരാത്തതാണ് കാലതാമസത്തിന് കാരണം.
● മൊഗ്രാലിൽ മുമ്പ് സബ്ജില്ലാ കലോത്സവവും ശാസ്ത്രോത്സവവും വിജയകരമായി നടത്തിയിരുന്നു.
● കലോത്സവം ലഭിച്ചാൽ വലിയൊരു ഉത്സവമാക്കി മാറ്റാൻ നാട്ടുകാർ തയ്യാറെടുക്കുന്നു.
● അനുകൂലമായ തീരുമാനത്തിനായി ഇശൽ ഗ്രാമം കാതോർക്കുന്നു.
● അതേസമയം മറ്റ് സ്കൂളുകളും ജില്ലാ കലോൽസവ വേദിക്കായി ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.
മൊഗ്രാൽ: (KasargodVartha) ജില്ലാ സ്കൂൾ കലോത്സവം ഇശൽ ഗ്രാമമായ മൊഗ്രാലിലേക്ക് എത്താൻ സാധ്യതയേറുന്നു. മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പിടിഎ, എസ്എംസി ഭാരവാഹികൾ കലോത്സവ നടത്തിപ്പിനുള്ള സന്നദ്ധത അറിയിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെയും (ഡിഡിഇ), ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെയും നേരിൽ കണ്ടിരുന്നു. അനുകൂലമായ തീരുമാനത്തിനായി കാതോർക്കുകയാണ് ഇപ്പോൾ ഇശൽ ഗ്രാമം.
മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നേരത്തെ സബ്ജില്ലാ കലോത്സവവും, ഈ വർഷം ശാസ്ത്രോത്സവവും വിജയകരമായി സംഘടിപ്പിച്ചിരുന്നു. ഇവ രണ്ടും വളരെ മികച്ച രീതിയിൽ നടത്തിയതിലുള്ള പിടിഎയുടെയും നാട്ടുകാരുടെയും ഒത്തൊരുമ ജില്ലാ വിദ്യാഭ്യാസ വകുപ്പിൻ്റെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ പിടിഎയുടെ സന്നദ്ധത അധികൃതർ തള്ളിക്കളയുന്നുമില്ല.
ഭാരിച്ച സാമ്പത്തിക ചെലവുകളും ഫണ്ട് സ്വരൂപിക്കുന്നതിലെ ബുദ്ധിമുട്ടുകളും കാരണം ഈ വർഷം ജില്ലാ സ്കൂൾ കലോത്സവം നടത്താൻ സ്കൂളുകൾ മുന്നോട്ട് വരാത്തത് കാലതാമസത്തിനും പ്രതിസന്ധിക്കും ഇടയാക്കുന്നുണ്ട്.
ഇതിനിടയിലാണ് മൊഗ്രാൽ വിഎച്ച്എസ്എസ് പിടിഎ-എസ്എംസി കമ്മിറ്റികൾ കലോത്സവ നടത്തിപ്പിന് അനുകൂലമായി നിലപാടെടുത്തിരിക്കുന്നത്. ജില്ലാ കലോത്സവം ഇശൽ ഗ്രാമത്തിന് ലഭിച്ചാൽ അതൊരു വലിയ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് വീണ്ടും നാട്ടുകാരും സന്നദ്ധ സംഘടനകളും. അതേസമയം മറ്റ് സ്കൂളുകളും ജില്ലാ കലോൽസവ വേദിക്കായി ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക. അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: Mogral is likely to host the Kasaragod District School Kalolsavam after PTA/SMC showed readiness.
#Kasaragod #Kalolsavam #SchoolFestival #Mogral #IshalGramam #Kerala






