Relief | ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് സാന്ത്വനവുമായി കാസർകോട്; ജില്ലാ ഭരണകൂടം അവശ്യവസ്തുക്കളുമായി വാഹനങ്ങൾ അയക്കും; ഭക്ഷ്യസാധനങ്ങൾ അടക്കം നൽകി സഹായിക്കാൻ ജനങ്ങളോട് അഭ്യർഥന
വ്യക്തികൾക്കും സംഘടനകൾക്കും സഹായിക്കാമെന്ന് ജില്ലാ കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും അറിയിച്ചു
കാസർകോട്: (KasargodVartha) വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവർക്ക് ദുരിതാശ്വാസ സഹായമെത്തിക്കാൻ കാസർകോട് ജില്ലാ ഭരണകൂടം മുന്നോട്ടു വന്നു. ജില്ലാ ഭരണസംവിധാനവും ജില്ലാ പഞ്ചായത്തും ചേർന്ന് ദുരിതാശ്വാസ സഹായം എത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. വിദ്യാനഗർ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സഹായ കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്.
പേമാരിയിലും ഉരുൾപ്പൊട്ടലിലും ഇരയായവർക്ക് കാസർകോടിന്റെ സ്നേഹ സാന്ത്വനമായി മാറാൻ അവശ്യസാധനങ്ങളുടെ കിറ്റുകളടങ്ങിയ വാഹനം ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായി വയനാട്ടിലേക്ക് പുറപ്പെടും.
ഉപയോഗിച്ചിട്ടില്ലാത്ത വസ്ത്രങ്ങൾ, പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ (അരി, പയർ വർഗങ്ങൾ, കുടിവെള്ളം, ചായ, പഞ്ചസാര, ബിസ്കറ്റ്), ബാറ്ററി, ടോർച്ച്, സാനിറ്ററി നാപ്കിൻ, തോർത്ത് എന്നിവ കലക്ടറേറ്റിൽ എത്തിക്കുന്നതിനും സഹായത്തിനായി കളക്ടറേറ്റ് കൺട്രോൾ റൂമിൽ ബന്ധപ്പെടുന്നതിനും ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. ഫോൺ: 94466 01700.
വ്യക്തികൾക്കും സംഘടനകൾക്കും സഹായിക്കാമെന്ന് ജില്ലാ കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും അറിയിച്ചു. വലിയ ദുരന്തത്തിൽ നിന്ന് കരകയറാൻ വയനാട് ജില്ലയെ സഹായിക്കുക എന്നത് കാസർകോട് ജില്ലയുടെ മനുഷ്യത്വപരമായ ഉത്തരവാദിത്വമായാണ് ചൂണ്ടിക്കാട്ടുന്നത്. വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹായം അത്യാവശ്യമാണ്.