ജില്ലാ പഞ്ചായത്ത് ബജറ്റില്‍ കാര്‍ഷിക-സേവന മേഖലകള്‍ക്ക് മുന്‍ഗണന
Mar 18, 2015, 15:40 IST
കാസര്‍കോട്: (www.kasargodvartha.com 18/03/2015) കാര്‍ഷികമേഖലയ്ക്കും സാമൂഹികക്ഷേമത്തിനും ആരോഗ്യരംഗത്തിനും ഊന്നല്‍ നല്‍കുന്ന 2015-16 വര്‍ഷത്തേക്കുളള ബജറ്റ് ജില്ലാ പഞ്ചായത്ത് ഭരണസമിതിയോഗം അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് കെ.എസ് കുര്യാക്കോസ് ആണ് ബജറ്റ് അവതരിപ്പിച്ചത്. 137.53 കോടി വരവും 130.59 കോടി ചെലവും 6.93 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ഭരണസമിതിയുടെ അവസാനവര്‍ഷ ബജറ്റ്. കൃഷിയും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും നാല് കോടി രൂപയും മൃഗസംരക്ഷണമേഖലയക്ക് 1.20 കോടിയും ക്ഷീരവികസനത്തിന് ഒരു കോടി രൂപയുമാണ് വകയിരുത്തിയിട്ടുളളത്. കാര്‍ഷിക പശ്ചാത്തല വികസനത്തിന് 77 ലക്ഷവും ജില്ലയെ സമ്പൂര്‍ണ്ണ ജൈവപച്ചക്കറി ജില്ലയാക്കുന്നതിന് ലക്ഷ്യമിട്ട് പച്ചക്കറി കൃഷിക്ക് 82.5 ലക്ഷവും വകയിരുത്തി. തരിശ് നിലങ്ങളെ പ്രയോജനപ്പെടുത്തുന്ന നെല്‍കൃഷിക്ക് 35 ലക്ഷം രൂപയും നീക്കിവെച്ചു. നബാഡ് സഹായത്തോടെ ചെക്ക് ഡാമുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ 27.94 കോടിയും വിനിയോഗിക്കും.
ശാരീരിക- മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുളള പദ്ധതികള്‍ക്ക് 8 കോടി രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്ത് കെട്ടിടങ്ങള്‍ക്ക് ഏഴുകോടി രുപയും ആശുപത്രി കുടിവെളളത്തിന് 2 ലക്ഷം രൂപയുമാണ് വിനിയോഗിക്കുക. ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന് 2 കോടി വകയിരുത്തി. ഇന്ദിരാആവാസ് യോജനയില്‍ അധികവിഹിതം അനുവദിക്കുന്നതിന് ജനറല്‍ വിഭാഗത്തിന് 3.65 കോടി വിഹിതം വകയിരുത്തി. ഐ.എ.വൈ പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 4.01 കോടിയും ഐ.എ.വൈ പട്ടികജാതി മേഖലയ്ക്ക് പ്രത്യേകഘടകപദ്ധതിയില്‍ 1.57 കോടിയുമാണ് ഭവനനിര്‍മ്മാണത്തിന് നീക്കിവെച്ചത്. പട്ടികജാതി ഭവനനിര്‍മ്മാണത്തിന് 30 ലക്ഷവും അനുവദിക്കും.
ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ തെരഞ്ഞെടുത്ത് കുട്ടികളുടെ മാനസികവും ആരോഗ്യപരവുമായ വളര്‍ച്ച ലക്ഷ്യമിട്ട് 16 അംഗന്‍വാടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള ശിശുപ്രിയ പദ്ധതി നടപ്പിലാക്കും. 1.84 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. തരിശ് നിലങ്ങളിലുളള നെല്‍കൃഷി വ്യാപനം ക്ഷീരമേഖലയില്‍ സ്വയം പര്യാപ്തത ലക്ഷ്യമിടുന്ന പദ്ധതിഎന്നിവ നടപ്പിലാക്കും. കാലിത്തീറ്റ സബ്‌സിഡി നല്‍കാന്‍ 50 ലക്ഷം നീക്കിവെച്ചു. സീഡ് ഫാമുകളെ കേന്ദ്രീകരിച്ച് ജൈവവള യൂണിറ്റുകള്‍ ആരംഭിക്കും. കാസര്‍കോട് കുളളന്‍ കന്നുകാലികളുടെ വ്യാപനത്തിനും പദ്ധതിയുണ്ട്. ആര്‍.എം.എസ്.എ വിദ്യാലയങ്ങള്‍ക്ക് ഫര്‍ണ്ണിച്ചര്‍ വിതരണം, സ്മാര്‍ട്ട്അറ്റ് ടെന്‍ തുടങ്ങിയ പദ്ധതികള്‍ക്കും തുക വകയിരുത്തി.
ജില്ലയിലെ 10 ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ലാബുകള്‍ തുടങ്ങുന്നതിന് പ്രിസം പദ്ധതി നടപ്പിലാക്കും. പെണ്‍കുട്ടികളുടെ വ്യക്തിത്വ മാനസിക വികാസത്തിന് ഊന്നല്‍ നല്‍കി സ്‌കൂളുകളില്‍ വിശ്രമത്തിനും വ്യായാമത്തിനു പ്രത്യേക സൗകര്യം ഏര്‍പ്പെടുത്താന്‍ വിശ്രാന്തി എന്ന പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. സ്തനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ മാമോഗ്രാഫി ചികിത്സാസമ്പ്രദായം, നവജാതശിശുക്കളിലെ ശ്രവണവൈകല്യം കണ്ടുപിടിക്കുന്നതിനുളള ചികിത്സാസമ്പ്രദായം എന്നിവയും സേവനമേഖലയില്‍ പ്രധാനപ്പെട്ടവയാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുളള തണല്‍ ഭവനനിര്‍മ്മാണ പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷവും തുടരും. ഹീമോഫീലിയ രോഗനിര്‍ണ്ണയത്തിനും തുടര്‍ചികിത്സക്കും തുക വകയിരുത്തി. എച്ച്.ഐ.വി ബാധിതര്‍ക്കുളള പോഷകാഹാര വിതരണ പദ്ധതിക്ക് 33 ലക്ഷവും ക്ഷയരോഗികള്‍ക്കുളള പോഷകാഹാര പദ്ധതിക്ക് (കൈത്താങ്ങ്) 3.30 ലക്ഷവും വിനിയോഗിക്കും.
സമഗ്രവിദ്യാഭ്യാസ വികസനപദ്ധതിക്ക് 50 ലക്ഷം രൂപയും സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ക്ക് 1.08 കോടിയും ഘടകസ്ഥാപനങ്ങളുടെ അറ്റകുറ്റപണികള്‍ക്ക് 1.06 കോടിയും വിനിയോഗിക്കും. റോഡ് മെയ്ന്റനന്‍സ് പ്രവര്‍ത്തികള്‍ക്ക് 25 കോടി രൂപയും ജില്ലാ പഞ്ചായത്ത് -ഗ്രാമപഞ്ചായത്ത് റോഡുകളുടെ പുനരുദ്ധാരണത്തിന് അഞ്ച് കോടിയും വകയിരുത്തി. കുടിവെളള മേഖലയില്‍ 25 ലക്ഷം രൂപ വിനിയോഗിക്കും.
തിരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് 10 ലക്ഷം വകയിരുത്തി. ജില്ലാ പഞ്ചായത്ത് ഓഫീസ് കമ്പ്യൂട്ടര്‍ വത്ക്കരണം, സോളാര്‍ പാനല്‍ സ്ഥാപിക്കല്‍ എന്നിവയ്ക്കും തുക വകയിരുത്തി. പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന് ഭവനനിര്‍മ്മാണം, കുടിവെളള പദ്ധതികള്‍, സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ എന്നിവയ്ക്കു പുറമെ ഈ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനും ലാപ്‌ടോപ്പ്, സൈക്കിള്‍ വിതരണം, പ്രൊഫഷണല്‍ വിദ്യാഭ്യാസ ധനസഹായം, വിദേശ ജോലിക്ക് സന്നദ്ധമാകുന്നവര്‍ക്ക് ധനസഹായം എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജനാര്‍ദ്ദനന്‍ , പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി ബാലകൃഷ്ണന്‍,നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഗോവിന്ദന്‍,. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. കൃഷ്ണന്‍, അംഗങ്ങളായ പാദൂര്‍ കുഞ്ഞാമു, പി. കുഞ്ഞിരാമന്‍, എ.കെ.എം അഷ്‌റഫ്, പ്രമീള സി. നായിക് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഓമനാ രാമചന്ദ്രന്‍, കെ. സുജാത, മമതാദിവാകരന്‍ , അംഗങ്ങളായ എം തിമ്മയ്യ, ഫരീദ സെക്കീര്‍ അഹമ്മദ്, എ. ജാസ്മിന്‍, നസീറ അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ അഡ്വ. മുംതാസ് ഷുക്കൂര്‍, (കാസര്‍കോട്) ബി.എം പ്രദീപ്( കാറഡുക്ക) ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ്‌മോഹന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
സംസ്ഥാനത്ത് പട്ടികജാതിക്കാരേക്കാള്‍ പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ കൂടുതലുളള കാസര്‍കോട് ജില്ലയ്ക്ക് കൂടുതല്‍ ടിഎസ്പി ഫണ്ട് അനുവദിക്കണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വാര്‍ഷിക പദ്ധതികള്‍ക്കായി 10 ശതമാനം അധികതുക സര്‍ക്കാര്‍ അനുവദിക്കണമെന്നും ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു.
Keywords: Kasaragod District Panchayath Budget, President PP Shayamala Devi, Kerala.
Advertisement: