Inauguration | കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ പുതിയ കെട്ടിടം ഫെബ്രുവരി 23 ന് ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

● മികച്ച ജൈവ വൈവിധ്യ പരിപാലന സമിതിക്കുള്ള (ബിഎംസി) അവാർഡ് ഉദുമ പഞ്ചായത്തിന്.
● പനത്തടി പഞ്ചായത്തിന് പ്രത്യേക പരാമർശം.
● മികച്ച സസ്യ സംരക്ഷകൻ: തോളൂർ മോഹനൻ.
● മികച്ച പച്ചത്തുരുത്ത്: മടിക്കൈ കക്കാട്ട് പച്ചത്തുരുത്ത്.
● കൂടുതൽ പച്ചത്തുരുത്തുള്ള പഞ്ചായത്ത്: മടിക്കൈ.
● മികച്ച പൂന്തോട്ടം: തൃക്കരിപ്പൂർ വിഎച്ച്എസ്ഇ സ്നേഹാരാമം.
● മികച്ച സർക്കാരേതര പരിസ്ഥിതി സംഘടന: കുറ്റിക്കോൽ ജീവനം ജൈവവൈവിധ്യ സമിതി.
കാസര്‍കോട്: (KasargodVartha) ജില്ലാ പഞ്ചായത്തിന്റെ പുതിയ കെട്ടിടം ഫെബ്രുവരി 23 ന് ഞായറാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിലുള്ള ജില്ലാപഞ്ചായത്ത് കെട്ടിടത്തോട് ചേര്‍ന്നാണ് പുതിയ അനക്‌സ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. അഞ്ചുകോടി മൂന്നുലക്ഷം ചെലവിട്ട് 14,795 ചരുരശ്ര അടി വിസ്തീര്‍ണത്തിലുള്ളതാണ് ഓഫീസ്.
ജില്ലാ പഞ്ചായത്ത് ഘടക സ്ഥാപനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാന്‍ പറ്റുന്ന വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍, മീറ്റിങ് ഹാള്‍, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അംഗങ്ങളുടെ ഓഫീസ് എന്നിവയും കെട്ടിടത്തിലുണ്ടാകും. പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തില്‍ നിര്‍മിച്ച കെട്ടിടം തിരുവനന്തപുരം ഹാബിറ്റാറ്റ് ഗ്രൂപ്പാണ് പണിതത്. ഇതിന്റെ മുറ്റത്താണ് കാനായി കുഞ്ഞിരാമന്‍ നിര്‍മിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സ്മാരക പ്രതിമയുള്ളത്.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനാകും. പത്മശ്രീ ജി ശങ്കര്‍, ശില്‍പി കാനായി കുഞ്ഞിരാമന്‍ എന്നിവരെ മുഖ്യമന്ത്രി ആദരിക്കും. എംപി, എംഎല്‍എമാര്‍, തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാംബശിവ റാവു എന്നിവരും പങ്കെടുക്കും. എസ്എന്‍ സര്‍വകലാശാലയില്‍ ജില്ലാപഞ്ചയത്ത് പദ്ധതിയിലൂടെ ഡിഗ്രി പാസായവര്‍ക്കും പ്ലസ്ടു തുല്യതാ പരീക്ഷ ജയിച്ചവര്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉണ്ടാകും. കുടുംബശ്രീയുടെ കാല്‍നൂറ്റാണ്ട് എന്ന വിഷയത്തില്‍ സെമിനാര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, സ്ഥിരം സമിതി അംഗങ്ങളായ എസ് എന്‍ സരിത, ഷിനോജ് ചാക്കോ, പഞ്ചായത്തംഗം ഗോള്‍ഡന്‍ റഹ്‌മാന്‍, സെക്രട്ടറി എസ് ശ്യാമലക്ഷ്മി, ഫിനാന്‍സ് ഓഫീസര്‍ എം എസ് ശബരീഷ് എന്നിവരും സംബന്ധിച്ചു.
ജില്ലാ പഞ്ചായത് നല്‍കുന്ന പുരസ്‌കാരമായ മികച്ച ജൈവ വൈവിധ്യ പരിപാലന സമിതിക്കുള്ള (ബിഎംസി) അവാര്‍ഡ് ഉദുമ പഞ്ചായത്തിന് ലഭിച്ചു. പനത്തടി പഞ്ചായത്തിന് പ്രത്യേക പരാമര്‍ശമുണ്ട്. മികച്ച സസ്യ സംരക്ഷകനായി തോളൂര്‍ മോഹനനെ തിരഞ്ഞെടുത്തു. മടിക്കൈ കക്കാട്ട് പച്ചത്തുരുത്താണ് മികച്ച പച്ചത്തുരുത്ത്. കൂടുതല്‍ പച്ചത്തുരുത്തുള്ള പഞ്ചായത്ത് മടിക്കൈയാണ്.
തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന് പിറകിലുള്ള തൃക്കരിപ്പൂര്‍ വിഎച്ച്എസ്ഇ സ്നേഹാരാമമാണ് ജില്ലയിലോ മികച്ച പൂന്തോട്ടം. കുറ്റിക്കോല്‍ ജീവനം ജൈവവൈവിധ്യ സമിതിക്ക് മികച്ച സര്‍ക്കാരേതര പരിസ്ഥിതി സംഘടനക്കുള്ള അവാര്‍ഡും നല്‍കും. ഞായറാഴ്ച ജില്ലാ പഞ്ചായത്ത് കെട്ടിടം ഉദ്ഘാടന ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മടിക്കൈയില്‍ രജതജൂബിലി കെട്ടിടവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ജില്ല പഞ്ചായത്ത് മടിക്കൈ എരിക്കുളത്ത് നിര്‍മിച്ച ജനകീയാസൂത്രണ രജതജൂബിലി വാര്‍ഷിക കെട്ടിടവും പരിശീലന കേന്ദ്രവും ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യ സമര സേനാനിയും ദീര്‍ഘകാലം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ എം കുഞ്ഞിക്കണ്ണന്റെ പേരിലാണ് കെട്ടിടം. ഒന്നരകോടി ചെലവിലാണ് പണിതത്. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ജില്ലാ പഞ്ചായത്തിന്റെ ആഭുമുഖ്യത്തില്‍ ഇത്തരം പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍, മടിക്കൈ പാലിയേറ്റീവ് സൊസൈറ്റിക്ക് പ്രവാസി വ്യവസായി മണികണ്ഠന്‍ മേലത്ത് ഹോം കെയര്‍ വാഹനവും കൈമാറും.
ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കുമെന്നും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.
Chief Minister Pinarayi Vijayan will inaugurate the new building of Kasaragod District Panchayat on Sunday. The building houses various offices and a video conference hall. The CM will also present awards for biodiversity conservation and inaugurate the রজതജൂബിലി building in Madikai.
#Kasaragod, #DistrictPanchayat, #Inauguration, #ChiefMinister, #Development, #Kerala