city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Samam Awards | കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ 'സമം' അവാർഡുകൾ പ്രഖ്യാപിച്ചു; വിവിധ മേഖലകലയിൽ മികവ് തെളിയിച്ച കാസർകോട്ടെ വനിതകൾക്ക് അംഗീകാരം

Samam Awards ceremony, Kasaragod District Panchayat, female awardees
Photo: Arranged

● ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണനാണ് പ്രഖ്യാപിച്ചത്.
● ആറ് വനിതകൾ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടു
● വുമൺസ് ഫുട്ബോൾ ക്ലിനിക്കും അവാർഡിന് അർഹരായി

കാസർകോട്: (KasargodVartha) സാംസ്‌ക്കാരിക വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമം സാസ്‌കാരികോത്സവത്തിന്റെ നാലാം പതിപ്പിൽ, കാസർകോട് ജില്ലാ പഞ്ചായത്ത് 2025 വർഷത്തെ സമം അവാർഡുകൾ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. കായികം, സാഹിത്യം, സംരംഭകത്വം, സിനിമ, ജനപ്രതിനിധി എന്നീ വിഭാഗങ്ങളിലായി ആറ് വനിതകളും, കൂടുതൽ ഫുട്ബോൾ താരങ്ങളെ സംഭാവന ചെയ്ത വുമൺസ് ഫുട്ബോൾ ക്ലിനിക്കുമാണ് ഇത്തവണത്തെ സമം അവാർഡിന് അർഹരായത്.

സി.വി. പ്രമീള:

ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി. പ്രമീളയ്ക്ക് 'സമം 2025' വനിതാ രത്നം പുരസ്കാരം ലഭിച്ചത്, വികസനത്തെ ജനകീയമാക്കിയതിനും ഗ്രാമപഞ്ചായത്ത് ഭരണത്തിന് പുതിയ മാതൃകകൾ സൃഷ്ടിച്ചതിനുമുള്ള അംഗീകാരമാണ്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച പ്രമീളയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ ഗ്രാമീണ വികസന രംഗത്ത് പുതിയ കാഴ്ചപ്പാടുകൾക്ക് രൂപം നൽകി.

മാലിന്യ സംസ്കരണത്തിൽ നൂതനമായ സംരംഭങ്ങൾ നടപ്പിലാക്കിയും, ലൈഫ് ഭവനപദ്ധതി, അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി, സാമൂഹിക സുരക്ഷാ പദ്ധതികൾ, പൊതുജന സേവനങ്ങൾ എന്നിവയെല്ലാം കാര്യക്ഷമമായി നടപ്പാക്കിയതിലൂടെ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തിന് തന്നെ മാതൃകയായി. 2023-24 വർഷത്തെ തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി മികച്ച പഞ്ചായത്തിനുള്ള 'സ്വരാജ് ട്രോഫി'യിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയതും പ്രമീളയുടെ ഭരണനേതൃത്വത്തിന്റെ മികവിന് ഉദാഹരണമാണ്

Cheruvathur Grama Panchayat President C.V. Prameela
ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി. പ്രമീള

കൂടാതെ, ഈ വർഷം മാർച്ച് 4, 5 തീയതികളിൽ കേന്ദ്ര സർക്കാർ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിന ശിൽപശാലയിലേക്ക് ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വനിതാ ജനപ്രതിനിധിയായതും പ്രമീളയുടെ നേതൃപാടവത്തിനുള്ള അംഗീകാരമാണ്

എം. അഞ്ജിത:

രാജ്യത്തെ ആദ്യ വനിതാ ഫുട്ബോൾ വീഡിയോ അനലിസ്റ്റായ എം. അഞ്ജിതയ്ക്ക് 'വനിതാ രത്നം' അവാർഡ് ലഭിച്ചത് കായിക രംഗത്തെ അസാധാരണമായ നേട്ടത്തിനുള്ള അംഗീകാരമാണ്. 23 വയസ്സുള്ള അഞ്ജിത, സ്വന്തം ടീമിന്റെയും എതിരാളികളുടെയും കളി സൂക്ഷ്മമായി വിലയിരുത്തി കൃത്യമായ കളിതന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ വിദഗ്ധയാണ്. അടുത്തിടെ ഗോകുലം (സീനിയർ) ടീമിന്റെ വീഡിയോ അനലിസ്റ്റ് ആയി കരാർ ഒപ്പുവച്ചതോടെ, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫുട്ബോൾ വീഡിയോ അനലിസ്റ്റ് എന്ന ചരിത്ര നേട്ടം അഞ്ജിത സ്വന്തമാക്കി

M. Anjitha, the country's first female football video analyst
രാജ്യത്തെ ആദ്യ വനിതാ ഫുട്ബോൾ വീഡിയോ അനലിസ്റ്റായ എം. അഞ്ജിത

ഇതിനുമുമ്പ് മുത്തൂറ്റ് എഫ്.സി.യുടെ വീഡിയോ അനലിസ്റ്റായി പ്രവർത്തിച്ചിരുന്ന അഞ്ജിത, പ്രൊഫഷണൽ ഫുട്ബോൾ സ്കൗട്ടിംഗ് അസോസിയേഷനിൽ നിന്ന് പരിശീലനം നേടിയ ശേഷമാണ് ഈ രംഗത്ത് സജീവമായത്. ബങ്കളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പൂർത്തിയാക്കിയ അഞ്ജിത എട്ടാം ക്ലാസ് മുതൽ ഫുട്ബോൾ പരിശീലനം ആരംഭിച്ചു. നാട്ടുകാരനായ പരിശീലകൻ നിതീഷിന്റെ പിന്തുണയും കോളേജ് കാലത്ത് ലഭിച്ച മികച്ച അവസരങ്ങളും അഞ്ജിതയ്ക്ക് വലിയ പ്രചോദനമായി.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ ബിരുദ പഠനകാലത്ത് കേരള ജൂനിയർ, സീനിയർ വനിതാ ടീമുകളിൽ ഇടം നേടിയ അഞ്ജിത, കാലിക്കറ്റ് സർവകലാശാലയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. പ്രതിരോധനിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഞ്ജിത പിന്നീട് ബെംഗളൂരു ബ്രേവ്സ്, കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ നൈറ്റ്സ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്കായും കളിച്ചിട്ടുണ്ട്. തൃശ്ശൂർ കാർമൽ കോളേജിലെ എം.കോം വിദ്യാർത്ഥിനിയായ അഞ്ജിത ഫുട്ബോളിനൊപ്പം പഠനത്തിലും മിടുക്കിയാണ്.

ആഇശ റൂബി:

ഫാഷൻ ഡിസൈനിംഗിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംരംഭകയായ ആയിഷ റൂബിക്ക് 'സമം 2025' വനിതാ രത്നം പുരസ്കാരം ലഭിച്ചത് ഈ രംഗത്തെ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള അംഗീകാരമാണ്. കൈത്തൊഴിലായി പഠിച്ച ഒരു ഹോബിയെ ഒരു വിജയകരമായ കരിയറായി മാറ്റിയ ആയിഷ റൂബിയുടെ ജീവിതം ഏവർക്കും പ്രചോദനമാണ്. കുട്ടിക്കാലത്ത് തുണിത്തരങ്ങൾ തുന്നി പാവകളെ അലങ്കരിച്ച കൗതുകം ഇന്ന് ഒരു ആഗോള ബ്രാൻഡായി വളർന്നിരിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ ഉപഭോക്താക്കളുണ്ടായിരുന്ന ആയിഷയുടെ വസ്ത്രങ്ങൾക്ക് ഇന്ന് യൂറോപ്പിലും മറ്റ് അന്താരാഷ്ട്ര വിപണികളിലും ആവശ്യക്കാർ ഏറെയാണ്.

ജർമ്മൻ ഗ്ലോബൽ ഇക്കണോമിക് ഫോറത്തിൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ സെനറ്റ് അംഗമായതും, മോസ്കോയിൽ ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി നടന്ന ഫാഷൻ ഷോയിൽ കേരളത്തിൽ നിന്ന് പങ്കെടുക്കാൻ അവസരം ലഭിച്ച ഏക ഡിസൈനറായതും ആയിഷയുടെ കഴിവ് ആഗോളതലത്തിൽ ശ്രദ്ധ നേടാൻ കാരണമായി. 2001-ൽ ചെറിയ രീതിയിൽ ആരംഭിച്ച തുന്നൽ യൂണിറ്റ് ഇന്ന് 200-ൽ അധികം പേർക്ക് തൊഴിൽ നൽകുന്ന മൂന്ന് വലിയ ഫാക്ടറികളായി വളർന്നിരിക്കുന്നു.

Ayesha Ruby, an entrepreneur who has made her own mark in fashion designing
ഫാഷൻ ഡിസൈനിംഗിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംരംഭകയായ ആയിഷ റൂബി

ചന്ദ്രനഗർ, തിരുപ്പൂർ, സൂറത്ത് എന്നിവിടങ്ങളിൽ നിന്നാണ് ആയിഷയുടെ ബ്രാൻഡിന്റെ ഉൽപ്പന്നങ്ങൾ ലോകമെമ്പാടും കയറ്റി അയക്കുന്നത്. അമ്മയുടെ പേരിൽ ആരംഭിച്ച 'മറിയം ഫൗണ്ടേഷൻ ഫോർ എംപവറിങ് വിമൻ' എന്ന സംഘടന സ്ത്രീകളുടെ ഉന്നമനത്തിനായി വിവിധ നൈപുണ്യ വികസന ക്ലാസുകളും തൊഴിൽ പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നു. ഫാഷൻ വ്യവസായത്തിൽ കേരളത്തിന്റെ പേര് ആഗോളതലത്തിൽ എത്തിച്ച ഈ സംരംഭക ഇനിയും വലിയ നേട്ടങ്ങൾ കൈവരിക്കുമെന്നതിൽ സംശയമില്ല.

ഫർസാന ബിനി അസ്ഫർ:

സിനിമയിലൂടെ സ്ത്രീ ശാക്തീകരണത്തിന് പുതിയൊരു അധ്യായം രചിച്ച സംവിധായിക ഫർസാന ബിനി അസ്ഫറിന് 'വനിതാ രത്നം' അവാർഡ് ലഭിച്ചത് കാസർകോട് ജില്ലയ്ക്ക് അഭിമാനമാണ്. മലയാള സിനിമയിൽ ഒരു വനിതാ സംവിധായിക എന്ന അപൂർവ നേട്ടം കൈവരിച്ച ഫർസാനയെ ഈ പുരസ്കാരത്തിന് അർഹയാക്കിയത് അവരുടെ പ്രതിഭയും കഠിനാധ്വാനവുമാണ്

Ayesha Ruby, an entrepreneur who has made her own mark in fashion designing
സിനിമയിലൂടെ സ്ത്രീ ശാക്തീകരണത്തിന് പുതിയൊരു അധ്യായം രചിച്ച സംവിധായിക ഫർസാന ബിനി അഫ്സർ

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി) നിർമ്മിച്ച 'മുംതാ' എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെയാണ് ഫർസാന ശ്രദ്ധിക്കപ്പെടുന്നത്. കെ.എസ്.എഫ്.ഡി.സി സംഘടിപ്പിച്ച തിരക്കഥാ വർക്ക്‌ഷോപ്പിൽ 85 തിരക്കഥകളിൽ നിന്ന് മികച്ച നാലെണ്ണത്തിൽ ഒന്നായി 'മുംതാ' തിരഞ്ഞെടുക്കപ്പെട്ടത് ഫർസാനയുടെ സിനിമാ രംഗത്തെ വളർച്ചയുടെ പ്രധാന നാഴികക്കല്ലായി മാറി.

ഡോണ മരിയ ടോം:

ഫെൻസിംഗ് കായിക രംഗത്ത് സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമായി മാറിയ ഡോണ മരിയ ടോമിന് 'സമം 2025' അവാർഡ് ലഭിച്ചത് അവരുടെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമാണ്. സീനിയർ നാഷണൽ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ 2020-21 വർഷത്തിൽ വെള്ളി മെഡൽ നേടിയ ഡോണ, ഖേലോ ഇന്ത്യ സർവകലാശാല മത്സരത്തിൽ ഏഴാം റാങ്കും കരസ്ഥമാക്കി.

Dona Maria Tom, who has become a source of pride for the state and the country in the field of fencing
ഫെൻസിംഗ് കായിക രംഗത്ത് സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമായി മാറിയ ഡോണ മരിയ ടോം

2019-20 ഓൾ ഇന്ത്യ സർവകലാശാല ഫെൻസിംഗ് മീറ്റിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഡോണയ്ക്ക് സാധിച്ചു. ഫെൻസിംഗ് പരിശീലന രംഗത്തും ഡോണ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എൻ.എസ്.എൻ.ഐ.എസ് അംഗീകൃത ഫെൻസിംഗ് കോച്ചായി കേരള സംസ്ഥാന ഫെൻസിംഗ് കോച്ചിംഗ് ട്രെയിനിംഗ് സെമിനാറിന്റെ സർട്ടിഫിക്കറ്റും ഡോണ നേടിയിട്ടുണ്ട്.

ഡോ. റുഖയ മുഹമ്മദ് കുഞ്ഞി:

കാസർകോടിന്റെ അതിരുകൾ കടന്ന് ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. റുഖയ മുഹമ്മദ് കുഞ്ഞിക്ക് 'സമം 2025' വനിതാ രത്നം പുരസ്കാരം ലഭിച്ചത് സാഹിത്യ രംഗത്തെ അവരുടെ വിലപ്പെട്ട സംഭാവനകൾക്കുള്ള അംഗീകാരമാണ്. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ റുഖയയുടെ രചനകൾ ജർമ്മൻ, മലയാളം, കന്നട, മറാഠി തുടങ്ങിയ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്

Dr. Rukhaya Muhammed Kunji, who left a remarkable mark on the national and international levels beyond the boundaries of Kasaragod
കാസർകോടിന്റെ അതിരുകൾ കടന്ന് ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. റുഖയ മുഹമ്മദ് കുഞ്ഞി

ന്യൂ ബുക്ക് സൊസൈറ്റി ഓഫ് ഇന്ത്യ, എക്ഫ്രാസിസ് ഇന്ത്യ, സ്റ്റോറിമിറർ.കോം, ദി ഫോർക്കോട്ടൺ റൈറ്റേഴ്സ് ഫൗണ്ടേഷൻ (ഈജിപ്ത്) തുടങ്ങി നിരവധി അംഗീകാരങ്ങൾ റുഖയയെ തേടിയെത്തിയിട്ടുണ്ട്. 20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രഭാവശാലിയായ ഇന്ത്യൻ എഴുത്തുകാരിൽ ഒരാളായി റുഖയ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2011, 2012, 2013 വർഷങ്ങളിൽ യാഹൂ വോയിസസ് അന്താരാഷ്ട്രതലത്തിൽ മികച്ച എഴുത്തുകാരിൽ ഒരാളായി റുഖയയെ തെരഞ്ഞെടുത്തു. 2024-ൽ ഫോക്സ് സ്റ്റോറി ഇന്ത്യ പ്രഖ്യാപിച്ച 100 സ്വാധീനം ചെലുത്തിയ വ്യക്തികളുടെ പട്ടികയിലും റുഖയ ഇടം നേടിയിരുന്നു.

വുമൺസ് ഫുട്ബോൾ ക്ലിനിക്ക്:

കാസർകോടിന്റെ ഫുട്ബോൾ ഭൂപടത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച വുമൺസ് ഫുട്ബോൾ ക്ലിനിക്കിന് 'സമം 2025' വനിതാ രത്നം അവാർഡ് ലഭിച്ചത് ജില്ലയിലെ വനിതാ ഫുട്ബോളിന്റെ വളർച്ചയ്ക്ക് അവർ നൽകിയ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമാണ്. കഴിഞ്ഞ പതിമൂന്ന് വർഷമായി പ്രവർത്തിക്കുന്ന ഈ വനിതാ ട്രെയിനിംഗ് ക്യാമ്പിൽ നിന്ന് നിരവധി സംസ്ഥാന, ദേശീയ, അന്തർദേശീയ താരങ്ങൾ വളർന്നു വന്നിട്ടുണ്ട്.

Women's Football Clinic creates new history on Kasaragod's football map
കാസർകോടിന്റെ ഫുട്ബോൾ ഭൂപടത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച വുമൺസ് ഫുട്ബോൾ ക്ലിനിക്ക്:

26-ാമത് സംസ്ഥാന വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജില്ലയ്ക്ക് വേണ്ടി മത്സരിച്ച് ചരിത്രത്തിലാദ്യമായി കാസർകോട് കപ്പ് നേടിയതിൽ ഈ ക്ലിനിക്കിലെ എട്ട് വനിതാ താരങ്ങൾ (അഞ്ജിത മണി, അഞ്ജിത എം, മാളവിക പ്രസാദ്, ആര്യശ്രീ, അശ്വതി, ആരതി, പ്രവീണ, രേഷ്മ) പ്രധാന പങ്കുവഹിച്ചു. ഈ ടീമിലെ ആറുപേർ പത്തനംതിട്ടയിൽ നടന്ന സീനിയർ വുമൺസ് നാഷണൽ ചാമ്പ്യൻഷിപ്പിൽ ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഈ ക്ലിനിക്കിന്റെ പരിശീലന മികവിന് തെളിവാണ്.

 

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Kasaragod District Panchayat announced the 2025 Samam Awards, honoring women in various fields like sports, literature, and entrepreneurship.

 

#SamamAwards #WomenEmpowerment #Kasaragod #WomenInSports #KasaragodNews #FemaleExcellence

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia