city-gold-ad-for-blogger

പുരസ്‌കാരത്തിളക്കത്തിൽ കാസർകോട്: വിവിധ മേഖലകളിൽ ഒന്നാമതായി ജില്ല!

Kasaragod District Shines with Accolades Across Diverse Sectors Including National and State Awards
Representational Image Generated by Gemini
  • പരപ്പ ബ്ലോക്ക് പഞ്ചായത്ത് ദേശീയതലത്തിൽ ഒന്നാമതെത്തി.

  • വനിതാ ശിശു വികസനത്തിൽ കാസർകോട് മോഡൽ ശ്രദ്ധേയമായി.

  • ഡിജിറ്റൽ സർവേ മികവിന് കളക്ടർക്ക് പുരസ്കാരം ലഭിച്ചു.

  • മത്സ്യകൃഷിയിൽ സംസ്ഥാനത്തെ മികച്ച ജില്ലയായി കാസർകോട്.

  • ജൈവവൈവിധ്യ മേഖലയിൽ ജില്ല ഇരട്ട നേട്ടം കൈവരിച്ചു..

  • എൻഡോസൾഫാൻ ദുരിതബാധിതർക്കായി ഐ ലീഡ് പദ്ധതി വിജയിച്ചു.

കാസർകോട്: (KasargodVartha)  ജില്ലയെ തേടിയെത്തിയത് വിവിധ മേഖലകളിലെ അംഗീകാരങ്ങളുടെയും പുരസ്കാരങ്ങളുടെയും തിളക്കമാണ്. പ്രധാനമന്ത്രിയുടെ 2024-ലെ ആസ്പിരേഷണൽ ബ്ലോക്കിനുള്ള പൊതുഭരണ മികവിന്റെ പുരസ്കാരം, 2023-24 വർഷത്തിൽ വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു വികസന പദ്ധതിയിലെ മികച്ച സേവനത്തിനുള്ള സംസ്ഥാനതല അവാർഡ്, തിരഞ്ഞെടുപ്പിലെ നൂതന ആശയങ്ങൾക്കുള്ള സംസ്ഥാന പുരസ്കാരം, ഡിജിറ്റൽ സർവേ രംഗത്തെ മികവിന് ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന് 2024-ലെ സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്കാരം, 2025-ലെ മത്സ്യകർഷക അവാർഡിൽ സംസ്ഥാനത്തെ മികച്ച ജില്ലയായി കാസർകോട്, സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ മികച്ച ജില്ലാ ഭരണകൂടത്തിനുള്ള പുരസ്കാരം, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2023-ലെ പ്രവർത്തനങ്ങൾക്കുള്ള അവാർഡുകളിൽ ഇരട്ട നേട്ടം എന്നിങ്ങനെ നീളുകയാണ് കാസർകോടിന് ലഭിച്ച പുരസ്കാരങ്ങളുടെ നിര.

ദേശീയ പുരസ്കാര നിറവിൽ ജില്ല

സമർപ്പണത്തോടെയുള്ള കൂട്ടായ പരിശ്രമങ്ങളിലൂടെയാണ് നേട്ടങ്ങൾ സാധ്യമാകുന്നതെന്ന് കാസർകോട് ജില്ല തെളിയിച്ചിരിക്കുന്നു. പ്രധാനമന്ത്രിയുടെ 2024-ലെ ആസ്പിരേഷണൽ ബ്ലോക്കിനുള്ള പൊതുഭരണ മികവിന്റെ പുരസ്കാരം നേടി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ദേശീയ തലത്തിൽ ഒന്നാമതെത്തിയത് ജില്ലയുടെ വികസന പ്രവർത്തനങ്ങളുടെ മാറ്റുകൂട്ടി. 

ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളും ഗ്രാമപഞ്ചായത്തുകളും ചേർന്നുള്ള പ്രവർത്തനങ്ങളാണ് ഈ വിജയഗാഥയ്ക്ക് അടിസ്ഥാനമായത്. ആരോഗ്യം, വിദ്യാഭ്യാസം, പോഷണം, അടിസ്ഥാന സൗകര്യങ്ങൾ, കാർഷികം എന്നീ മേഖലകളിലെ മികച്ച പ്രകടനമാണ് ദേശീയ തലത്തിൽ പരപ്പ ബ്ലോക്കിനെ മുന്നിലെത്തിച്ചത്. 

2023 ജൂണിൽ 463-ാം സ്ഥാനത്തുണ്ടായിരുന്ന പരപ്പ ബ്ലോക്ക്, ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാമതെത്തുകയായിരുന്നു. ഓരോ മാസവും ചേർന്ന യോഗങ്ങൾ, കാര്യക്ഷമമായ പദ്ധതി നിർവ്വഹണം, ജനപങ്കാളിത്തം എന്നിവയാണ് ഈ നേട്ടത്തിന് പിന്നിൽ. 

20 സൂചകങ്ങൾക്കായി മൈക്രോ പ്ലാൻ തയ്യാറാക്കി 12 സൂചകങ്ങളിലെ പ്രവർത്തനങ്ങൾ പൂർണ്ണമായും പൂർത്തീകരിച്ചു. പരപ്പ ബ്ലോക്കിന് നീതി ആയോഗിൽ നിന്ന് 3.5 കോടി രൂപയുടെ സഹായമാണ് ലഭിച്ചത്. ഇതിൽ 1.5 കോടി രൂപയുടെ പദ്ധതികൾ 55 സബ് സെന്ററുകളായി ആരംഭിക്കാൻ തയ്യാറായിട്ടുണ്ട്. 

1712 കുടുംബങ്ങൾക്ക് റിവോൾവിങ് ഫണ്ടിനായി ബാങ്ക് അക്കൗണ്ടുകളും തുറന്നു. 500 ബ്ലോക്ക് പഞ്ചായത്തുകൾ അപേക്ഷ സമർപ്പിച്ച് 30 ബ്ലോക്കുകളിലായി നടന്ന ആദ്യ ലെവൽ സ്ക്രീനിങ് മുതൽ വലിയൊരു കടമ്പ കടന്നാണ് പരപ്പ ബ്ലോക്ക് ഈ പുരസ്കാരത്തിലേക്ക് എത്തിയത്.

വനിതാ ശിശുസംരക്ഷണത്തിൽ ഒരു കാസർകോട് മോഡൽ

‘വനിതകളും കുട്ടികളും സുരക്ഷിതരായ ഒരിടം’ എന്ന വാക്ക് ജില്ലയിലെ വനിതാ ശിശു വികസന പ്രവർത്തനങ്ങളിലൂടെ യാഥാർത്ഥ്യമാവുകയാണ്. 2023-24 വർഷത്തിൽ വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു വികസന പദ്ധതിയിൽ മികച്ച സേവനത്തിനുള്ള സംസ്ഥാനതല അവാർഡ് കാസർകോട് ജില്ല സ്വന്തമാക്കിയതിന് പിന്നിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന സമഗ്രവും നിരൂപക ശ്രദ്ധ പിടിച്ചുപറ്റുന്നതുമായ പ്രവർത്തനങ്ങളാണ്. 

'മിഷൻ അംഗണവാടി' എന്ന പേരിൽ ജില്ലയിൽ നടപ്പിലാക്കിയ അംഗണവാടി നവീകരണ പദ്ധതിയിലൂടെ കെട്ടിടമില്ലാതെ പ്രവർത്തിച്ചിരുന്ന അംഗണവാടികൾക്ക് പുതിയ കെട്ടിടങ്ങൾ ലഭിച്ചു.

സുരക്ഷിതമായ അന്തരീക്ഷവും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുങ്ങിയപ്പോൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും അത് വലിയ ആശ്വാസമായി. അപകടാവസ്ഥയിലുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ച് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും നടപടി സ്വീകരിച്ചു. 

സ്വന്തമായി ഭൂമിയില്ലാത്ത അംഗണവാടികൾക്ക് ഭൂമി കണ്ടെത്തി കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. സൗജന്യമായി സ്ഥലം ലഭിക്കാത്ത ഇടങ്ങളിൽ സ്പോൺസർമാരെ കണ്ടെത്തിയതും ഏറെ ശ്രദ്ധ നേടി. കുട്ടികളുടെ സംരക്ഷണ രംഗത്തും ജില്ല ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.

ആറ് കുട്ടികളുടെ ദത്തെടുപ്പ് നടപടികൾ വിജയകരമായി പൂർത്തിയാക്കി. 2023-24 സാമ്പത്തിക വർഷത്തിൽ 73 കുട്ടികൾക്ക് സെൻട്രൽ സ്പോൺസർഷിപ്പ്, 49 കുട്ടികൾക്ക് സ്റ്റേറ്റ് സ്പോൺസർഷിപ്പ്, 23 കുട്ടികൾക്ക് ഫോസ്റ്റർ കെയർ എന്നിവ അനുവദിച്ചു. ഇതുകൂടാതെ പി.എം. കെയർ ഫോർ ചിൽഡ്രൻ പദ്ധതിയിലൂടെ 18 വയസ്സിന് താഴെയുള്ള അഞ്ച് കുട്ടികൾക്കുള്ള പ്രത്യേക സഹായപദ്ധതികളും നടപ്പിലാക്കി.

ഡിജിറ്റൽ സർവേ കൃത്യതയിലും മാതൃകയായി ജില്ല

ഡിജിറ്റൽ സർവേ രംഗത്ത് നടപ്പാക്കിയ നൂതന പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന് 2024-ലെ സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടർ എന്നതിന്റെ പുരസ്കാരം ലഭിച്ചു. ജില്ലയിലുടനീളം ഡിജിറ്റൽ സർവേ വിജയകരമായി നടപ്പിലാക്കാൻ കളക്ടർ എടുത്ത നടപടികൾ സംസ്ഥാനത്താകെ ശ്രദ്ധ നേടി. 

സർവേ നടക്കുന്ന ഓരോ വില്ലേജിലും 'എന്റെ ഭൂമി ഉറപ്പാക്കി' എന്ന പേരിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്ന ക്യാമ്പുകൾ നടത്തി പരാതികൾക്ക് ഉടൻ പരിഹാരമൊരുക്കി. ഈ പരിപാടികൾക്ക് കളക്ടർ തന്നെ നേരിട്ട് നേതൃത്വം നൽകി. രാജ്യത്ത് ആദ്യമായി ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ ഉജർ ഉൾവർ വില്ലേജിലും കാസർകോട് മുനിസിപ്പാലിറ്റിയിലെ തളങ്കരയിലും ഓൺ സ്പോട്ട് അദാലത്തുകൾ നടന്നു. 

ജനങ്ങളുമായി സംവദിച്ച് ഭൂമി സംബന്ധിയായ പ്രശ്‌നങ്ങൾക്കു ഉടൻ പരിഹാരങ്ങൾ നൽകി. പട്ടയ മിഷനും ഡിജിറ്റൽ സർവേയും തമ്മിൽ മികച്ച ഏകോപനം സാധ്യമാക്കിയതും പ്രത്യേകമായ സേവനമായി വിലയിരുത്തപ്പെട്ടു. 

കൂടാതെ, ജില്ലാതല അവലോകന യോഗങ്ങളിൽ ഡിജിറ്റൽ സർവേയുടെ പ്രാധാന്യത്തെക്കുറിച്ച് സർക്കാർ സംവിധാനങ്ങൾക്കും പൊതുജനങ്ങൾക്കും ബോധവൽക്കരണം നടത്തുന്നതിലും അദ്ദേഹം മുന്നിട്ടിറങ്ങി.

ഇതിനോടൊപ്പം ജില്ലയിലെ തന്നെ ഏറ്റവും പിന്നോക്ക പട്ടിക ഗോത്രജാതി വിഭാഗമായ പുറകെ വിഭാഗക്കാരുടെ വിഷയങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി ഓപ്പറേഷൻ സ്മൈൽ എന്ന പേരിൽ ആവിഷ്കരിച്ച പ്രത്യേക പദ്ധതിയും ഏറെ ശ്രദ്ധ നേടി. 

ഇതിലൂടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭൂവിഷയങ്ങൾ പരിഹരിക്കാനും അവർക്ക് ഭൂമി ഉറപ്പാക്കാനും കഴിഞ്ഞു. ഇതോടെ കാസർകോട് ജില്ലയുടെ ഡിജിറ്റൽ സർവേ പ്രവൃത്തികൾ സാമൂഹിക നീതിക്കായി ഉപയോഗപ്പെടുത്തുന്നതിന് ഏറ്റവും മികച്ച ഉദാഹരണമായി മാറി.

മത്സ്യവികസനത്തിന് സംസ്ഥാനതല അംഗീകാരം

മത്സ്യകൃഷിയിൽ നേടിയ ഉന്നത നേട്ടങ്ങൾക്ക് കാസർകോട് ജില്ലയ്ക്ക് സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മികവിന്റെ അവാർഡ് ലഭിച്ചു. 2025-ലെ മത്സ്യകർഷക അവാർഡിൽ സംസ്ഥാനത്തെ മികച്ച ജില്ലയായി കാസർകോട് തിരഞ്ഞെടുക്കപ്പെട്ടു. 

ജനപങ്കാളിത്തത്തോടെ നടപ്പാക്കിയ ജനകീയ മത്സ്യകൃഷി പദ്ധതിയിലെ പ്രവർത്തന മികവാണ് ജില്ലയ്ക്ക് ഈ അംഗീകാരം നേടിക്കൊടുത്തത്. മത്സ്യകൃഷിയിൽ വ്യക്തിഗതമായി മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലയിൽ നിന്ന് രണ്ട് കർഷകർ ഇത്തവണ അവാർഡിനർഹരായി. 

ജില്ലയിൽ നടപ്പാക്കിയ ജനകീയ മത്സ്യകൃഷി പദ്ധതി മാത്രമല്ല, അതിന്റെ ഫലപ്രദമായ ആവിഷ്കരണവും കൃത്യമായ വിലയിരുത്തലും ഈ വിജയത്തിന് പിന്നിലുണ്ട്.

ജൈവവൈവിധ്യ മേഖലയിൽ ജില്ലയ്ക്ക് ഇരട്ട നേട്ടം

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2023 വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജില്ലയ്ക്ക് അഭിമാനമായി ഇരട്ട നേട്ടം. സംസ്ഥാനത്തെ ഏറ്റവും മികച്ച ബി.എം.സി.യായി കാസർകോട് ജില്ലാ പഞ്ചായത്ത് ബി.എം.സി. തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച ഹരിത വിദ്യാലയമായി ബേക്കൽ ജി.എഫ്.എച്ച്.എസ്.എസ്. തിരഞ്ഞെടുക്കപ്പെട്ടു. 

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2023 വർഷത്തെ മികച്ച ജൈവവൈവിധ്യ സ്കൂളായി ബേക്കൽ ഗവൺമെന്റ് ഫിഷറീസ് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. സ്കൂളിലെ ജൈവവൈവിധ്യ ക്ലബ്ബിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരം ലഭിച്ചത്.

തിരഞ്ഞെടുപ്പിന് പുതുരീതി; നൂതന ആശയങ്ങൾക്കുള്ള സംസ്ഥാന പുരസ്കാരം ജില്ലയ്ക്ക്

കാസർകോട് ജില്ലയുടെ ഭരണമികവിനെയും ജനപങ്കാളിത്തത്തോടുകൂടിയുള്ള വികസനരീതിയെയും അടയാളപ്പെടുത്തുകയാണ് 2024-ലെ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന് ലഭിച്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ബഹുമതി.

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ മികച്ച ആശയ സാക്ഷാത്കാരത്തിനായിരുന്നു ഈ പുരസ്കാരം. വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിന് പ്രത്യേക ഗ്രാമസഭ, ഭിന്നശേഷിക്കാർക്കും കാഴ്ച പരിമിത വിഭാഗങ്ങൾക്കുമായി കൺട്രോൾ റൂം, സപ്തഭാഷയിലും വിവരങ്ങൾ കൈമാറുന്നതിനുള്ള സംവിധാനം, വോട്ടെണ്ണലിന് എത്തുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും ക്യു.ആർ. കോഡ് പതിച്ച തിരിച്ചറിയൽ കാർഡ് തുടങ്ങിയ വ്യത്യസ്തമായ നൂതന ആശയങ്ങളാണ് പാർലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ നടപ്പിലാക്കിയത്.

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ മികച്ച ജില്ലാ ഭരണകൂടത്തിനുള്ള പുരസ്കാരം കാസർകോടിന്

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ മികച്ച ജില്ലാ ഭരണകൂടത്തിനുള്ള പുരസ്കാരം കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടത്തിനെ തേടിയെത്തിയതിന് പിന്നിൽ ഒരു കരുതലിന്റെ കഥ കൂടിയുണ്ട്. 

ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിലെയും ഭിന്നശേഷിക്കാരെയും ചേർത്ത് പിടിക്കാൻ നടത്തിയ പ്രവർത്തനങ്ങളാണ് പ്രധാനമായും ജില്ലാ ഭരണകൂടത്തെ ഈ അവാർഡിന് അർഹമാക്കിയത്. ഇതിൽ തന്നെ ഇവർക്കായി ആവിഷ്കരിച്ച സംയോജിത ഉപജീവന പദ്ധതിയായ ഐ ലീഡിന്റെ (I LEAD) പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണ്. 

സമഗ്രമായ നൈപുണ്യ വികസനത്തിലൂടെയും ഉപജീവന പിന്തുണയിലൂടെയും അവരെ ശാക്തീകരിക്കാനും അതുവഴി സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കാനും ഈ പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നൈപുണ്യ വികസന അവസരങ്ങളും മുതിർന്നവർക്കായി സ്വയം തൊഴിൽ അവസരങ്ങളും സൃഷ്ടിച്ചു. സ്വയം തൊഴിലിലൂടെ അവർ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഐ ലീഡ് മുൻകൈയെടുത്ത് നടപ്പിലാക്കി. 

കൂടാതെ, നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ്), ഗവൺമെന്റ് കോളേജ്, കാസർകോട് എന്നിവയുമായി സഹകരിച്ച് നാല് ഗുണഭോക്താക്കൾക്ക് ഷോപ്പ് സ്പേസ് നൽകി. എൻഡോസൾഫാൻ ദുരിതബാധിതരും അവരുടെ കുടുംബങ്ങളും ചേർന്നാണ് ഈ കടകൾ നടത്തുന്നത്, അതുവഴി സുസ്ഥിരമായ ഉപജീവനമാർഗത്തിനു നേരിട്ടുള്ള വഴികൾ സൃഷ്ടിക്കുന്നു. 

പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിലെ മാതൃകാ ശിശു പുനരധിവാസകേന്ദ്രത്തിൽ അസിസ്റ്റന്റ് കളക്ടറുടെ പരിശീലന പരിപാടിയുടെ ഭാഗമായി മൂന്ന് കൈത്തറി ചവിട്ടി നിർമ്മാണ യൂണിറ്റുകൾ സ്ഥാപിച്ചതും ഐ ലീഡ് പദ്ധതിയുടെ ഭാഗമായാണ്.

കാസർകോടിന്റെ ഈ നേട്ടങ്ങൾ നിങ്ങൾക്ക് അഭിമാനമുണ്ടാക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.

Article Summary: Kasaragod district excels in various sectors, winning national and state awards.

#KasaragodAwards #KeralaNews #DistrictExcellence #PublicAdministration #DigitalSurvey #Fisheries

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia