ക്ഷീരകർഷക സംഗമം ഒക്ടോബർ 3ന് പെർളയിൽ; മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും
● മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷ്റഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.
● ജില്ലയിൽ ഒന്നാമതെത്തിയ ക്ഷീരകർഷകരെയും ക്ഷീര സംഘങ്ങളെയും ചടങ്ങിൽ ആദരിക്കും.
● കർഷകർക്ക് പ്രതിദിനം ശരാശരി 28 ലക്ഷം രൂപയാണ് പാൽ വിലയിനത്തിൽ ലഭിക്കുന്നത്.
● ക്ഷീരകർഷക ക്ഷേമനിധിയിൽ 14465 അംഗങ്ങളുണ്ട്; കഴിഞ്ഞ വർഷം 6 കോടി രൂപ പെൻഷനായി നൽകി.
കാസർകോട്: (KasargodVartha) ജില്ലാ ക്ഷീരകർഷക സംഗമം 2025-26 ഒക്ടോബർ മൂന്നിന് കാസർകോട് ശ്രീക്ഷേത്ര ഇടിയട് പെർള അന്നപൂർണ്ണ ഹാളിൽ വെച്ച് നടക്കും. ക്ഷീരവികസന വകുപ്പിൻ്റെയും ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംഗമത്തിന് പെർള ക്ഷീരോല്പാദക സഹകരണ സംഘമാണ് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത്.
മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി സംഗമം ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷ്റഫിൻ്റെ അദ്ധ്യക്ഷതയിലാണ് ഉദ്ഘാടന യോഗം ചേരുക. കാസർകോട് എം.പി കെ. രാജ് മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥി ആയിരിക്കും.
പ്രമുഖരുടെ പങ്കാളിത്തം
ഉദ്ഘാടന യോഗത്തിൽ ജില്ലയിലെ എം.എൽ.എ.മാരായ ഇ. ചന്ദ്രശേഖരൻ, എൻ.എ. നെല്ലിക്കുന്ന്, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലൻ എന്നിവരും പങ്കെടുക്കും.
കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, മിൽമ ചെയർമാൻ കെ.എസ്. മണി, കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണിക്കൃഷ്ണൻ, കേരള ഫീഡ്‌സ് ചെയർമാൻ കെ. ശ്രീകുമാർ, മിൽമ ഡയറക്ടർ പി.പി. നാരായണൻ എന്നിവരും ത്രിതല പഞ്ചായത്ത് പ്രതിനിധികളും വകുപ്പ് മേധാവികളും ജില്ലയിലെ വിവിധ ക്ഷീരസഹകരണ സംഘം പ്രസിഡണ്ടുമാരും സംഗമത്തിൽ പങ്കെടുക്കാനായി എത്തും.
വിവിധ വിഭാഗങ്ങളിൽ ജില്ലയിൽ ഒന്നാമതെത്തിയ ക്ഷീരകർഷകരെയും ക്ഷീര സംഘങ്ങളെയും തദവസരത്തിൽ ആദരിക്കുന്നതാണ്.
വിപുലമായ പരിപാടികൾ
ഒക്ടോബർ മൂന്നിന് രാവിലെ എട്ട് മണിക്ക് സംഘാടക സമിതി ചെയർമാൻ സദാനന്ദ ഷെട്ടി.കെ പതാക ഉയർത്തുന്നതോടെയാണ് പരിപാടികൾക്ക് തുടക്കമാവുക. രാവിലെ ഒമ്പത് മണിക്ക് ക്ഷീരോൽപ്പന്ന നിർമ്മാണ പ്രദർശനം എൻമകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സോമശേഖര.ജെ.എസ്. ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാട്ടു ഷെട്ടി അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ക്ഷീരവികസന സെമിനാറും നടക്കും.
കർഷകർക്ക് മികച്ച വരുമാനം
ജില്ലയിൽ കർഷകരുടെ പാൽ മിൽമയിലേക്കാണ് നൽകുന്നത്. ഇതുവഴി മാത്രം കർഷകർക്ക് ഒരു ദിവസം ശരാശരി 28 ലക്ഷം രൂപ പാൽവില ഇനത്തിൽ നൽകിവരുന്നു. കർഷകന് ലിറ്ററിന് ശരാശരി 45.85 രൂപ വില ലഭിക്കുന്നുണ്ട്. ഒരു വർഷം ഏകദേശം 102 കോടി രൂപയാണ് പാൽ വിലയായി നൽകുന്നത്.
ധനസഹായവും ക്ഷേമപദ്ധതികളും
ക്ഷീരവികസന വകുപ്പിൻ്റെ വിവിധ പദ്ധതികൾ വഴി കഴിഞ്ഞ വർഷം ഏകദേശം 153 കോടി രൂപ ധനസഹായം നൽകിയിട്ടുണ്ട്. ഇത് കൂടാതെ ത്രിതല പഞ്ചായത്തുകൾ വഴി പാലിന് ധനസഹായം, കാലിത്തീറ്റ ധനസഹായം, റിവോൾവിങ് ഫണ്ട് തുടങ്ങിയ പദ്ധതികൾ വഴി അഞ്ചര കോടി രൂപയും ധനസഹായമായി കർഷകർക്ക് നൽകി വരുന്നുണ്ട്.
ക്ഷീരകർഷക ക്ഷേമനിധിയിൽ 14465 അംഗങ്ങളുണ്ട്. ഇതിൽ 3097 പേർക്ക് പെൻഷനും 70 പേർക്ക് കുടുംബ പെൻഷനും ക്ഷേമനിധി വഴി നൽകി വരുന്നു. കൂടാതെ വിവാഹ ധനസഹായം, മരണാനന്തര ധനസഹായം, വിദ്യാഭ്യാസ സ്കോളർഷിപ്പ്, ഓണമധുരം, ക്ഷീരസാന്ത്വനം ഇൻഷൂറൻസ് എന്നിവയും ക്ഷേമനിധി വഴി നൽകി വരുന്നുണ്ട്. കഴിഞ്ഞ വർഷം പെൻഷൻ ഇനത്തിൽ ജില്ലയിൽ ആറു കോടി രൂപയും മറ്റു ക്ഷേമനിധി ആനുകൂല്യങ്ങളായി 44 ലക്ഷം രൂപയും ക്ഷീരകർഷക ക്ഷേമനിധി വഴി നൽകിയിട്ടുണ്ട്.
സംസ്ഥാന തലത്തിൽ പ്രാതിനിധ്യം
കാസർകോട് ജില്ലയിൽ നിന്നും ക്ഷീരകർഷക ക്ഷേമനിധിയുടെ ഭരണസമിതിയിൽ രണ്ട് ഡയറക്ടർമാരും (ചിത്താരി ക്ഷീര സഹകരണ സംഘം പ്രസിഡൻ്റ് കെ.വി. കൃഷ്ണൻ, ഞണ്ടാടി ക്ഷീര സഹകരണ സംഘം പ്രസിഡൻ്റ് സുധാകരൻ), കേരളാ കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ്ങ് ഫെഡറേഷനിൽ ഒരു ഡയറക്ടറും (വൈക്കത്ത് ക്ഷീര സഹകരണ സംഘം പ്രസിഡന്റ് പി.പി. നാരായണൻ) ലഭിക്കുക വഴി ക്ഷീരമേഖലയിൽ ജില്ലയ്ക്ക് സംസ്ഥാന തലത്തിൽ എടുത്തു പറയത്തക്ക പ്രാതിനിത്യം ലഭിച്ചു. സുധാകരൻ മലബാർ റീജിയണൽ യൂണിയൻ ഡയറക്ടർ കൂടിയാണ്.
കേരളത്തിന്റെ വടക്കേ അറ്റത്തുള്ള മഞ്ചേശ്വരം ബ്ലോക്കിലാണ് ക്ഷീരസംഗമം നടക്കുന്നത്. എൻമകജെ, പുത്തിഗെ, പൈവളിക, വോർക്കാടി, മീഞ്ച, മംഗൽപാടി, മഞ്ചേശ്വരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ കേരളത്തിലെ ഏറ്റവും ഗുണമേന്മയുള്ള പാൽ ഉത്പാദിപ്പിക്കുന്നത്.
ഈ ഏഴു പഞ്ചായത്തുകളിലായി നിലവിൽ 16 ക്ഷീരസഹകരണ സംഘങ്ങളാണുള്ളത്. അയ്യായിരത്തോളം കർഷകരിൽ നിന്ന് പ്രതിദിനം 8000 ലിറ്റർ പാൽ ക്ഷീരസംഘങ്ങളിൽ സംഭരിച്ചുവരുന്നു. ത്രിതല പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പദ്ധതികൾ പ്രകാരം 55 ലക്ഷം രൂപയുടെ ആനുകൂല്യം കഴിഞ്ഞ വർഷം കർഷകർക്ക് നൽകുവാൻ സാധിച്ചു.
1974-ൽ ആരംഭിച്ച ആതിഥേയ സംഘമായ പെർള ക്ഷീരസംഘത്തിൽ 130 കർഷകരിൽ നിന്ന് പ്രതിദിനം 950 ലിറ്ററോളം പാൽ സംഭരിക്കുന്നുണ്ട്.
കാസർകോട് ക്ഷീരകർഷകർക്കുള്ള സുപ്രധാന വിവരമാണിത്. ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. ക്ഷീരമേഖലയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Minister J Chinchu Rani to inaugurate Kasaragod District Dairy Convention on October 3 at Perla.
#Kasaragod #DairyConvention #MinisterJChinchuRani #Milma #KeralaFarmers #Perla






