Recovery | കാസർകോട് സൈബർ പൊലീസിന്റെ വമ്പൻ നീക്കം; ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിയെടുത്ത 9 ലക്ഷം രൂപ തിരിച്ചുപിടിച്ചു

● ജെഎം സ്റ്റോക് മാർക്കറ്റ് പ്രതിനിധികളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്.
● സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രതികളുടെ ബാങ്ക് അകൗണ്ടുകൾ കണ്ടെത്തി.
● കോടതി മുഖാന്തരം പണം പരാതിക്കാരന് തിരികെ നൽകി.
കാസർകോട്: (KasargodVartha) സൈബർ തട്ടിപ്പിലൂടെ തട്ടിയെടുത്ത പണം തിരികെ പിടിച്ച് കാസർകോട് സൈബർ പൊലീസ്. 2024 മാർച്ച് മാസത്തിൽ പടന്ന സ്വദേശിയെ ജെഎം സ്റ്റോക്ക് മാർക്കറ്റ് പ്രതിനിധികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് എച്ച്സിഎൽ ടെക് എന്ന കമ്പനിയുടെ ഓഹരികൾ വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് പൊലീസ് നീക്കം.
കാസർകോട് സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശാനുസരണം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീദാസ് എംവി, എഎസ്ഐ പ്രേമരാജൻ എവി, എസ്സിപിഒ സുധേഷ് എം, സിപിഒ ഹരിപ്രസാദ് കെവി എന്നിവരടങ്ങിയ അന്വേഷണസംഘമാണ് തട്ടിപ്പിനിരയായവരുടെ പണം തിരിച്ചുപിടിച്ചത്.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് സൈബർ പൊലീസ് ഉടനടി അന്വേഷണം ആരംഭിച്ചിരുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രതികളുടെ ബാങ്ക് അകൗണ്ടുകൾ കണ്ടെത്തി. രത്നാകർ ബാങ്കിന്റെ മുംബൈ ശാഖ, കാനറാ ബാങ്കിന്റെ ഉത്തർപ്രദേശ് ശാഖ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ബീഹാർ സഹർസ ബസാർ ശാഖ എന്നിവയുൾപ്പെടെയുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി രണ്ട് ഘട്ടങ്ങളിലായി ഒൻപത് ലക്ഷം രൂപ പൊലീസ് കണ്ടെത്തി. തുടർന്ന് കോടതി മുഖാന്തരം ഈ പണം പരാതിക്കാരന് തിരികെ നൽകി.
ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. അപരിചിതരിൽ നിന്നുള്ള കോളുകളോ സന്ദേശങ്ങളോ അവഗണിക്കുകയും സംശയകരമായ ലിങ്കുകളിൽ ക്ലിക് ചെയ്യാതിരിക്കുകയും വേണം. അതുപോലെതന്നെ, ബാങ്ക് വിവരങ്ങൾ, ഒടിപി എന്നിവ ആരുമായും പങ്കുവെക്കരുത്.
ഓൺലൈൻ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സൈബർ പൊലീസിൽ വിവരമറിയിക്കുക. അതിനായി 1930 എന്ന നമ്പറിൽ വിളിക്കുക. ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്. കൂടാതെ, www(dot)cybercrime(dot)gov(dot)in എന്ന വെബ്സൈറ്റിലും പരാതി നൽകാവുന്നതാണ്. ഒരു മണിക്കൂറിനകം പരാതി നൽകിയാൽ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുമല്ലോ.
Kasaragod Cyber Police recovered 9 lakh rupees from an online fraud case. The money was swindled from a Padanna native by fraudsters posing as stock market representatives.
#CyberCrime, #KasaragodPolice, #OnlineFraud, #MoneyRecovery, #KeralaPolice, #CyberSecurity