Relief Update | 'വയനാടിലേക്ക് ഇനി സാധനങ്ങൾ ആവശ്യമില്ല'; താൽപര്യമുള്ളവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം അയക്കാമെന്ന് കാസർകോട് കലക്ടറുടെ അറിയിപ്പ്
ജില്ലാ ഭരണകൂടത്തിന് പുറമെ കാസർകോട് നിന്ന് സന്നദ്ധ സംഘടനകൾ, വിവിധ കൂട്ടായ്മകൾ, ക്ലബുകൾ, ചാരിറ്റി പ്രവർത്തകർ, യുവജന - രാഷ്ട്രീയ പാർടികൾ, വനിതാ സംഘടനകൾ, അധ്യാപക കൂട്ടായ്മകൾ എന്ന് തുടങ്ങി ആബാലവൃദ്ധം ജനങ്ങളും വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് നേരിട്ടും അല്ലാതെയും സഹായിക്കാൻ രംഗത്ത് വന്നിരുന്നു.
കാസർകോട്: (KasargodVartha) യഥേഷ്ടം അവശ്യവസ്തുക്കൾ ലഭിച്ച സാഹചര്യത്തിൽ വയനാടിലേക്ക് ഇനി സാധനങ്ങൾ ആവശ്യമില്ലെന്ന് കാസർകോട് കലക്ടർ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. താൽപര്യമുള്ളവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം അയക്കാമെന്നും പോസ്റ്റിൽ പറയുന്നു. രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി കാസർകോട് കലക്‌ട്രേറ്റ് കോൺഫറൻസ് ഹോളിൽ നടന്നുവരുന്ന ദുരിതാശ്വാസസാമഗ്രി ശേഖരണത്തിനു നൽകിയ വൻ ജനപിന്തുണക്ക് നന്ദി അറിയിക്കുന്നതായും ജില്ലാ കലക്ടർ കെ ഇമ്പശേഖർ പറഞ്ഞു.
നിലവിൽ അവശ്യ വസ്‌തുക്കൾ യഥേഷ്‌ടം ലഭിച്ച സാഹചര്യത്തിൽ ശേഖരണ കേന്ദ്രങ്ങളിൽ സാമഗ്രികൾ കൂടുതൽ ആയതിനാൽ ഈ ഘട്ടത്തിൽ ആവശ്യമില്ല എന്ന് വയനാട് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ടെന്നും കലക്ടർ വ്യക്തമാക്കി.ഇതിനാൽ സാമഗ്രികളുടെ ശേഖരണം താത്കാലികമായി നിർത്തുകയാണ്. ഇനിയും സഹായങ്ങൾ നൽകാൻ താത്പര്യപ്പെടുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകണം എന്നും കലക്ടർ അഭ്യർത്ഥിച്ചു.
ജില്ലാ ഭരണകൂടത്തിന് പുറമെ കാസർകോട് നിന്ന് സന്നദ്ധ സംഘടനകൾ, വിവിധ കൂട്ടായ്മകൾ, ക്ലബുകൾ, ചാരിറ്റി പ്രവർത്തകർ, യുവജന - രാഷ്ട്രീയ പാർടികൾ, വനിതാ സംഘടനകൾ, അധ്യാപക കൂട്ടായ്മകൾ എന്ന് തുടങ്ങി ആബാലവൃദ്ധം ജനങ്ങളും വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് നേരിട്ടും അല്ലാതെയും സഹായിക്കാൻ രംഗത്ത് വന്നിരുന്നു.
വാഹനങ്ങളിൽ ലോഡ് കണക്കിന് സാധനങ്ങളാണ് ജില്ലയിൽ നിന്നും വയനാട്ടിക്ക് ഒഴുകിയത്. ഇനി ദുരന്തത്തിൽപ്പെട്ട് കാംപുകളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായമാണ് ആവശ്യമുള്ളത്. അത് നൽകുന്നതിനാണ് കലക്ടർ കാസർകോട്ടെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്.