തീരദേശത്ത് ആശങ്കയുടെ തിരമാലകൾ: കടൽഭിത്തികൾ പൂർണ്ണമായും തകർന്നു

● 50 മുതൽ 300 മീറ്റർ വരെ തീരം കടലെടുത്തു.
● ജിയോബാഗ് കടൽഭിത്തികൾക്കും കേടുപാടുകൾ.
● നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും.
● ശാസ്ത്രീയമായ കടൽഭിത്തി നിർമ്മാണം ആവശ്യപ്പെട്ട് പദ്ധതി സമർപ്പിച്ചു.
● ഫണ്ട് ലഭ്യതയെക്കുറിച്ച് ആശങ്കയുണ്ട്.
കാസർകോട്: (KasargodVartha) പെരുമഴയും കടൽക്ഷോഭവും കാസർകോട് തീരമേഖലയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കടലേറ്റവും ട്രോളിംഗ് നിരോധനവും മൂലം ദുരിതത്തിലായിരുന്ന മത്സ്യത്തൊഴിലാളികൾക്ക്, ശക്തമായി തുടരുന്ന കടൽക്ഷോഭം തീരവും വീടും നഷ്ടപ്പെടുമെന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ്.
ക്രമംതെറ്റിയ കാലാവസ്ഥയെ തുടർന്ന് മെയ് മാസം അവസാനത്തോടെ ആരംഭിച്ച പെരുമഴയും കടൽക്ഷോഭവും തീരദേശത്തെ നിശ്ചലമാക്കിയിരുന്നു. പിന്നീട് കാലവർഷം ശക്തി പ്രാപിച്ചപ്പോൾ ഏറ്റവും കൂടുതൽ ദുരിതം നേരിട്ടതും തീരമേഖലയാണ്. ജില്ലയിലെ മഞ്ചേശ്വരം മുതൽ വലിയപറമ്പ് വരെയുള്ള 87.65 കിലോമീറ്റർ തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമാണ്. ഇവിടങ്ങളിൽ അവശേഷിച്ച പത്ത് കിലോമീറ്റർ കടൽഭിത്തികളെല്ലാം തകർച്ചയുടെ വക്കിലാണ്.
ഒരു പതിറ്റാണ്ടുകാലം പിടിച്ചുനിന്ന കടൽഭിത്തികൾക്കുപോലും ഈ പ്രാവശ്യത്തെ കടൽക്ഷോഭത്തെ തടഞ്ഞുനിർത്താനായില്ല. തീരപ്രദേശത്തെ ഒട്ടുമിക്ക സ്ഥലങ്ങളിലും കടൽഭിത്തികൾ ഇതിനകം കടലെടുത്തു കഴിഞ്ഞു. ശാസ്ത്രീയമായും അശാസ്ത്രീയമായും നിർമ്മിച്ച കടൽഭിത്തികളെല്ലാം ഇപ്പോൾ കടലെടുത്തുകൊണ്ടിരിക്കുന്നു.
വലുതും ചെറുതുമായ കരിങ്കല്ലുകൾ കൊണ്ട് നിർമ്മിച്ച ഒരു കടൽഭിത്തിയും തീരസംരക്ഷണത്തിന് ഉതകുന്നില്ല. ഇപ്പോൾ പെയ്യുന്ന പെരുമഴയിലെ കടൽക്ഷോഭം മൂലം തീരം ഇതിനകം തന്നെ വിവിധ സ്ഥലങ്ങളിലായി 50 മുതൽ 300 മീറ്ററുകളോളം കടലെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ ഇത്രയും രൂക്ഷമായ കടൽക്ഷോഭം അനുഭവപ്പെടുന്നതെന്ന് തീരദേശവാസികൾ പറയുന്നു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദം ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്നത് തീരദേശവാസികളെ ഏറെ ഭയാശങ്കയിലാക്കുന്നുണ്ട്. മഞ്ചേശ്വരം കണ്വതീർഥ, ഉപ്പള ബേരിക്ക, കണ്ണങ്കുളം, മുസോടി, ആരിക്കാടി കടവത്ത്, കുമ്പള കോയിപ്പാടി, പെർവാഡ്, മൊഗ്രാൽ നാങ്കി കടപ്പുറം, ഗാന്ധിനഗർ, കൊപ്പളം, ചേരങ്കൈ കടപ്പുറം, കീഴൂർ കടപ്പുറം, ചെമ്പരിക്ക, ഉദുമ, കോട്ടിക്കുളം, ബേക്കൽ, തൃക്കണ്ണാട്, അജാന്നൂർ തുടങ്ങിയ തീരമേഖലകളിലൊക്കെ അതിരൂക്ഷമായ കടൽക്ഷോഭമാണ് അനുഭവപ്പെടുന്നത്.
കാസർകോട് ചേരങ്കൈയിൽ ഈ പ്രാവശ്യത്തെ കടൽക്ഷോഭത്തിൽ നിരവധി വീടുകൾ ഭീഷണി നേരിടുന്നുണ്ട്. കടൽഭിത്തികൾ ഭേദിച്ച് കടൽ തിരമാലകൾ വീടുകളിലേക്ക് ഇടിച്ചുകയറുന്നുമുണ്ട്. കടൽക്ഷോഭം നേരിടാൻ നാട്ടുകാർ ഇവിടെ ‘ജിയോബാഗ്’ വെച്ച് സംരക്ഷണം ഒരുക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും കടലാക്രമണത്തിന്റെ തീവ്രത ഇതിനെ തടുത്ത് നിർത്താനാവുന്നില്ല. ഇവിടെ മൂന്നുവർഷം മുമ്പ് നിർമ്മിച്ച ‘ജിയോബാഗ്’ കടൽഭിത്തിയും ഇപ്പോൾ കടലെടുത്തുകൊണ്ടിരിക്കുന്നു.
കടലാക്രമണം രൂക്ഷമായി തുടരുകയാണെങ്കിൽ ഇവിടെനിന്ന് നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടതായി വരും. കീഴൂർ കടപ്പുറത്തും സമാനമായ കടലാക്രമണമാണ് നേരിടുന്നത്. ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ഇറിഗേഷൻ വകുപ്പ്, റവന്യൂ, തദ്ദേശം, ദുരന്തനിവാരണ അതോറിറ്റി, ഫയർഫോഴ്സ് വിഭാഗങ്ങളെല്ലാം തീരമേഖലയിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ട്.
ജില്ലയിലെ തീരമേഖലയിൽ ശാസ്ത്രീയമായ ടെട്രോപോഡ് കൊണ്ടുള്ള കടൽഭിത്തികൾ നിർമ്മിക്കണമെന്ന് തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും സന്നദ്ധ സംഘടനകളുടെയും ആവശ്യം പരിഗണിച്ച് ജലസേചന വിഭാഗം പദ്ധതി തയ്യാറാക്കി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ പ്രതീക്ഷയർപ്പിച്ച് നിൽക്കുകയാണ് തീരദേശവാസികൾ.
നേരത്തെ കേന്ദ്രസർക്കാറിന്റെ തീര ഫണ്ടുകൾ ഉപയോഗപ്പെടുത്തി കടൽഭിത്തി പോലുള്ള നിർമ്മാണങ്ങൾക്ക് ധനകാര്യ കമ്മീഷൻ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ ധനകാര്യ കമ്മീഷനെ കേന്ദ്രസർക്കാർ പിരിച്ചുവിട്ടതോടെ തീരസംരക്ഷണ പദ്ധതികൾക്ക് ഫണ്ട് അനുവദിക്കുന്നതിന്റെ ഉത്തരവാദിത്വം കൂടി സംസ്ഥാന സർക്കാരിന്റെ ചുമതലയിലായി.
ഭീമമായ തുകയാണ് തീരമേഖലയിൽ തീരസംരക്ഷണത്തിന് വേണ്ടി വരുന്നത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ പദ്ധതി യാഥാർത്ഥ്യമാകുമോ എന്ന ആശങ്ക തീരദേശവാസികൾക്കുണ്ട്.
കടൽക്ഷോഭം നേരിടാൻ എന്ത് ശാശ്വത പരിഹാരങ്ങളാണ് കണ്ടെത്തേണ്ടത്? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: Heavy sea erosion in Kasaragod, seawalls damaged, houses threatened.
#Kasaragod #CoastalErosion #SeaWallDamage #Monsoon #KeralaFloods #FishermenDistress