city-gold-ad-for-blogger

കടൽ വിഴുങ്ങുന്നു: കാസർകോട് തീരത്ത് കണ്ണീർ കാഴ്ചകൾ

Coastal road in Uppala Berikka damaged by sea erosion.
Photo: Special Arrangement

● ജിയോബാഗ് സംരക്ഷണം ഫലപ്രദമായില്ല.
● കുമ്പള കോയിപ്പാടി, പെറുവാട് എന്നിവിടങ്ങളിലും കടലേറ്റം രൂക്ഷം.
● അപകടസാധ്യതയുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം.
● കീഴൂരിൽ അധികൃതരുടെ ഇടപെടൽ ഇല്ലാത്തതിൽ പ്രതിഷേധം.


എം എം മുനാസിർ

കാസർകോട്: (KasargodVartha)
മഴയ്ക്ക് രണ്ട് ദിവസമായി നേരിയ ശമനമുണ്ടായിട്ടും കാസർകോട് ജില്ലയിലെ തീരമേഖലയിൽ കടലാക്രമണം അതിരൂക്ഷമായി തുടരുകയാണ്. ഇത് തീരദേശവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സഹായത്തിനായുള്ള നിലവിളികൾ ഉയരുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ചെമ്പരിക്ക, തൃക്കണ്ണാട്, ഉദുമ എന്നിവിടങ്ങളിൽ കടൽ വീടുകളിലേക്ക് ഇരച്ചുകയറിയതോടെ തീരവാസികൾ കടുത്ത ഭീതിയിലാണ്. ഉപ്പള ബേരിക്കയിലും പെരിങ്ങടിയിലും കടലാക്രമണം അതീവ രൂക്ഷമാണ്. ഇവിടെ ഏകദേശം ഒന്നര കിലോമീറ്ററോളം തീരദേശ റോഡും, തീരവും, നൂറുകണക്കിന് കാറ്റാടി മരങ്ങളും പൂർണ്ണമായും കടലെടുത്തു. 

ശേഷിക്കുന്ന റോഡും തീരവും കാറ്റാടി മരങ്ങളും ഏത് നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. തീരദേശ റോഡിന് സമീപം കാറ്റാടി മരങ്ങൾ കടപുഴകി വീണതിനെത്തുടർന്ന് നിരവധി വൈദ്യുത പോസ്റ്റുകൾ തകർന്നു. കെഎസ്ഇബി അധികൃതർ രാത്രി വൈകിയും വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികളിലാണ്. 

കടലിൽ വീണ കാറ്റാടി മരങ്ങൾ കരയിലെത്തിച്ച് മുറിച്ചുമാറ്റാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. കഴിഞ്ഞ വർഷത്തെ കടലാക്രമണത്തിൽ തകർന്ന റോഡുകൾ ‘ജിയോബാഗ്’ ഉപയോഗിച്ച് സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇത്തവണ റോഡ് പൂർണ്ണമായും കടലെടുത്തത് തീരമേഖലയിൽ വലിയ യാത്രാദുരിതത്തിന് കാരണമായിട്ടുണ്ട്.

കുമ്പള കോയിപ്പാടി, പെറുവാട് കടപ്പുറങ്ങളിലും കടലേറ്റം രൂക്ഷമാണ്. ഇവിടെയും തീരദേശ റോഡ് തകർച്ചയുടെ വക്കിലാണ്. നിരവധി തെങ്ങുകൾ കടപുഴകി കടലിൽ പതിക്കുകയും തീരം ഏകദേശം 100 മീറ്ററോളം കടലെടുക്കുകയും ചെയ്തു. കീഴൂർ കടപ്പുറത്തും ചെമ്പരിക്കയിലും കടലാക്രമണത്തിന് ശമനമില്ല. 

വെള്ളിയാഴ്ച ചെമ്പരിക്കയിൽ ഒരു വീട്ടിലേക്ക് കടൽ ഇരച്ചുകയറി. ഉദുമയിലും തൃക്കണ്ണാടും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ എല്ലാവരോടും മാറി താമസിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

രൂക്ഷമായ കടലാക്രമണം നേരിടുന്ന തൃക്കണ്ണാട് അടിയന്തര നടപടി സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടർ വകുപ്പ് തല യോഗം വിളിച്ചുചേർത്തിട്ടുണ്ട്. എന്നാൽ, കീഴൂർ കടപ്പുറത്ത് അധികൃതരുടെ ഇടപെടലില്ലാത്തത് തീരദേശവാസികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. 

ഇവിടെ മുസ്ലീം ലീഗ് പ്രാദേശിക കമ്മിറ്റികൾ ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. തീരത്തെ ജനങ്ങളുടെ നിലവിളി അധികൃതർ വേണ്ടപോലെ കേൾക്കുന്നില്ലെന്നും അടിയന്തിര നടപടികൾക്ക് പോലും കാലതാമസം നേരിടുന്നുവെന്നുമാണ് തീരദേശവാസികളുടെ പ്രധാന പരാതി.



ഈ  വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 
 

Article Summary: Severe sea erosion hitting Kasaragod coast, damaging homes and roads.


#Kasaragod #SeaErosion #CoastalAttack #KeralaFloods #DisasterManagement #CoastalCommunity

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia