ഇടപാടുകാര്‍ക്ക് കൈത്താങ്ങായി സഹകരണ ബാങ്കിന്റെ ക്രെഡിറ്റ് കൗണ്‍സലിംഗ് സെന്റര്‍
May 15, 2012, 13:09 IST

കാസര്‍കോട്: ജില്ലാ സഹകരണ ബാങ്കിന്റെയും നബാര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ സഹകരണമേഖലയില്‍ സ്ഥാപിക്കുന്ന ആദ്യത്തെ ക്രെഡിറ്റ് കൗണ്‍സലിംഗ് ആന്റ് ലൈവ്‌ലിഹുഡ് പ്രൊമോഷന്‍ സെന്റര്‍ (കൈത്താങ്ങ്) മെയ് 18ന് പ്രവര്‍ത്തനം ആരംഭിക്കും. ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ സജ്ജീകരിച്ച സെന്റര്‍ (കൈത്താങ്ങ്) 18ന് രാവിലെ 11ന് നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. അമലോര്‍പവനാഥന്‍ ഉദ്ഘാടനം ചെയ്യും.
ഗ്രാമീണര്‍ക്കിടയില്‍ ബാങ്കിംഗ് സേവനങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുക, ബാങ്കിംഗ് സാക്ഷരത (financial litteracy) വര്‍ദ്ധിപ്പിച്ച് എല്ലാവിഭാഗം ആളുകളിലും ബാങ്കിംഗ് സേവനം എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ക്രഡിറ്റ് കൗണ്‍സലിംഗ് സെന്റര്‍ ആരംഭിക്കുന്നത്. ജില്ലാ സഹകരണ ബാങ്കില്‍ നിന്നും ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നും വായ്പ എടുത്തവര്‍ക്കും വായ്പ എടുക്കാന്‍ ഉദ്ധേശിക്കുന്നവര്‍ക്കുമായി ശരിയായ വായ്പാ വിനിയോഗം, കൃത്യമായ വായ്പാ തിരിച്ചടവ് എന്നിവ സംബന്ധിച്ച് സെന്ററിന്റെ നേതൃത്വത്തില്‍ പരീശീലന ക്ലാസുകള്‍ സംഘടിപ്പിക്കും. ബാങ്കിംഗ് നപടികളെക്കുറിച്ച് അജ്ഞരായ ഗ്രാമീണരെ കണ്ടെത്തി ബോധവല്‍ക്കരണം നടത്തുകവഴി കാസര്‍ഗോഡിനെ ബാങ്കിംഗ് സാക്ഷരതയില്‍ നൂറുശതമാന നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലായായി മാറ്റുക, ബാങ്ക് വായ്പയും ചെറുകിട സമ്പാദ്യവും ഉപയോഗിച്ച് ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിലൂടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളും സെന്ററിനു പിന്നിലുണ്ട്.
കടബാധ്യതാ ലഘൂകരണം, വായ്പാ -നിക്ഷേപ പദ്ധതികളും പലിശ നിരക്കുകളും, മൈക്രോ ഇന്‍ഷൂറന്‍സ് പദ്ധതികള്‍, സര്‍ക്കാര്‍ പദ്ധതികളും ആനുകൂല്യങ്ങളും എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണം, മുഖാമുഖ ബോധവല്‍ക്കരണ പരിപാടി, ടെലി കൗണ്‍സലിംഗ്, ഇടപാടുകാര്‍, കുടുംബശ്രീ യൂണിറ്റുകള്‍, സ്വാശ്രയ സംഘങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍, കൂട്ടുത്തരവാദിത്വ സംഘങ്ങള്‍, വ്യവസായ സംരംഭകര്‍ എന്നിവര്‍ക്കുള്ള പരിശീലനം തുടങ്ങി വൈവിധ്യമാര്‍ നിരവധി പ്രവര്‍ത്തനങ്ങളും സെന്റര്‍ ഏറ്റെടുത്ത് നടത്തും.
പ്രവൃത്തി ദിവസങ്ങളില്‍ ബാങ്കിലെത്തുന്നവര്‍ക്കും ടെലിഫോണ്‍ വഴി ബന്ധപ്പെടുന്നവര്‍ക്കും കൗണ്‍സലിംഗ് നല്‍കും. കൂടാതെ ജില്ലാ സഹകരണ ബാങ്കിന്റെ ശാഖകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍, ഫാര്‍മേഴ്‌സ് ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലും പ്രത്യേക പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കും. സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി ബാങ്കിംഗ് മേഖലയില്‍ 20 വര്‍ഷത്തെ തൊഴില്‍ പരിചയമുള്ള റിസോഴ്‌സ് പേഴ്‌സണെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷതവഹിക്കും. ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍ എല്‍.സി.ഡി പ്രൊജക്ടര്‍ ഉദ്ഘാടനവും ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ കെ നാരായണന്‍ കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മവും നിര്‍വ്വഹിക്കും. ജില്ലയിലെ സഹകരണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന ഫാര്‍മേഴ്‌സ്‌ക്ലബ്ബുകള്‍ക്കായി ജില്ലാ സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ പെര്‍ഫോമന്‍സ് അവാര്‍ഡുകള്‍ നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍ അമലോര്‍പവനാഥന്‍ പ്രഖ്യാപിക്കും. തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ വെളുത്തമ്പു, കാസര്‍ഗോഡ് ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് അഡ്വ. എ.സി അശോക് കുമാര്‍, മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ അബൂബക്കര്‍, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന നടക്കുന്ന സെമിനാറില്‍ ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ എം.അജിത് കെ മേനോന്‍, നബാര്‍ഡ് എ.ജി.എം എന്‍.ഗോപാലന്‍ എന്നിവര്‍ ക്ലാസെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ കെ നാരായണന്‍, ജനറല്‍ മാനേജര്‍ എ അനില്‍ കുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി ബാലകൃഷ്ണന്‍, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എം. പ്രവീണ്‍കുമാര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി സഹദ് തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kasaragod Co-operative Bank, Credit council centre