city-gold-ad-for-blogger

കാസർകോട് നഗരത്തിലെ റോഡുകൾ കുണ്ടും കുഴിയും; 'പാങ്ങുള്ള ബസാർ' പേരിൽ മാത്രം!

Kasaragod City Roads Full of Potholes; 'Pangulla Bazar' Only in Name!
Photo: Special Arrangement

● എല്ലാ വർഷവും ഈ ഭാഗത്ത് റോഡ് തകർച്ച നേരിടുന്നു.
● എം.ജി. റോഡിൽ പൈപ്പ് സ്ഥാപിക്കാൻ തകർത്ത റോഡ് നന്നാക്കിയിട്ടില്ല.
● വ്യാപാരികൾ കടുത്ത ദുരിതത്തിലാണ്.
● ചന്ദ്രഗിരി കെ.എസ്.ടി.പി. റോഡിലും കുഴികൾ പതിവാണ്.

കാസർകോട്:(KasargodVartha)  ‘പാങ്ങും ചേലുമുള്ള’ നഗരമെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും, കാസർകോട്ടെ റോഡുകളുടെ അവസ്ഥ അതീവ ദയനീയമായി തുടരുന്നു. റോഡുകൾ നന്നാക്കാൻ ആവശ്യപ്പെട്ടൂള്ള മുറവിളി തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും, നഗരത്തിലെ കുഴികൾ കൂടുന്നതല്ലാതെ കുറയുന്നില്ല. അടിയന്തരമായി നടത്തേണ്ട പ്രവൃത്തികൾ പോലും നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രധാന പരാതി.


വലിയൊരു അപകടത്തിന് കാതോർത്ത് അധികൃതർ
 

കാസർകോട് നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ പഴയ പ്രസ് ക്ലബ് ജംഗ്ഷനിൽ അഥവാ ചന്ദ്രഗിരി കവലയിൽ രൂപപ്പെട്ട കുഴി ഇപ്പോൾ വലിയ ഗർത്തമായി മാറിയിരിക്കുകയാണ്. ഈ ഭാഗത്തെ റോഡ് പൂർണ്ണമായും തകർന്നു കിടക്കുന്നു. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുമ്പോഴും, വലിയൊരു ദുരന്തത്തിനായി കാത്തിരിക്കുകയാണ് അധികൃതരെന്ന് സമീപത്തുള്ള വ്യാപാരികൾ പറയുന്നു. 
 

വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. എല്ലാ വർഷവും ഈ ഭാഗത്ത് റോഡ് തകർച്ച നേരിടാറുണ്ട്. ഇതിന് ശാശ്വതമായ പരിഹാരം കാണുന്നതിനു പകരം, ചെറിയ രീതിയിൽ ടാറിംഗോ കോൺക്രീറ്റോ ചെയ്ത് താൽക്കാലികമായി പരിഹരിക്കുകയാണ് പതിവ്. 

എന്നാൽ, മഴക്കാലത്ത് ഈ താൽക്കാലിക നവീകരണത്തിന് നിലനിൽപ്പുണ്ടാകാറില്ല. സിഗ്നൽ ഉള്ള ജംക്ഷൻ ആയതിനാൽ കൂടുതൽ സുരക്ഷ ഒരുക്കേണ്ട സ്ഥലമാണിത്. ഈ റോഡ് തകരാതിരിക്കാൻ ശാസ്ത്രീയമായ രീതികൾ ബന്ധപ്പെട്ടവർ ആലോചിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു. 
 

എം.ജി. റോഡിലെ ദുരിതം; പൈപ്പ് സ്ഥാപിക്കാൻ റോഡ് തകർത്തിട്ട് മൂന്ന് മാസം
 

പ്രസ് ക്ലബ് ജംഗ്ഷനിൽ നിന്ന് തൊട്ടപ്പുറം പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള എം.ജി. റോഡിൽ പൈപ്പ് സ്ഥാപിക്കാനായി റോഡ് തകർത്തിട്ട് മൂന്നു മാസത്തിലേറെയായി. ഇത് പൂർവസ്ഥിതിയിലാക്കാൻ ഇതുവരെ അധികൃതർ നടപടിയെടുത്തിട്ടില്ല. റോഡ് കിളച്ചിട്ടതിനാൽ സമീപത്തുള്ള വ്യാപാരികൾ കടുത്ത ദുരിതത്തിലാണ്.
 


ചന്ദ്രഗിരി കെ.എസ്.ടി.പി റോഡിലെ കുഴികൾ; കരാറുകാർക്ക് ലാഭം, ജനത്തിന് ദുരിതം
 

ചന്ദ്രഗിരി കെ.എസ്.ടി.പി. റോഡിലെ കുഴികൾ നിത്യേന വാർത്തയാകാറുണ്ട്. ഇവിടെയും ശാസ്ത്രീയമായ റോഡ് പുനർനിർമ്മാണമല്ല നടക്കുന്നത്. ജനം പ്രതിഷേധിക്കുമ്പോൾ തട്ടിക്കൂട്ടി നടത്തുന്ന പൊടി നിറക്കലും ടാറിംഗും, കോൺക്രീറ്റും, ഇൻ്റർലോക്കും എല്ലാം കരാറുകാർക്ക് കീശ വീർപ്പിക്കാൻ മാത്രമേ ഉപകരിക്കുന്നുള്ളൂവെന്നും, റോഡ് തകർച്ചയ്ക്ക് ഇത് ശാശ്വത പരിഹാരമാകുന്നില്ലെന്നും നാട്ടുകാർ ആക്ഷേപിക്കുന്നു. ഈയടുത്ത് ചന്ദ്രഗിരി പാലത്തിനടുത്ത് ഒരു മസക്കാലം റോഡ് അടച്ച് ഇൻ്റർലോക്ക് പാകിയ ഭാഗത്ത് താഴുകയും   വീണ്ടും കുഴി രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.


കാസർകോട് നഗരത്തിലെ റോഡുകളുടെ ഈ അവസ്ഥയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.


Article Summary: Kasaragod city roads are in deplorable condition with potholes and damage.


 #KasaragodRoads #Potholes #RoadSafety #KeralaRoads #PublicIssue #Infrastructure

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia