ഒരു ജീവൻ പൊലിഞ്ഞിട്ട് വേണോ റോഡുകൾ നന്നാക്കാൻ? കാസർകോട് നഗരത്തിലെ പാതകൾ തകർന്ന് തരിപ്പണമായി; പ്രതിഷേധം ശക്തം
● ഓട്ടോറിക്ഷ, ഇരുചക്ര വാഹന യാത്രക്കാരാണ് യാത്രാക്ലേശം കൂടുതൽ അനുഭവിക്കുന്നത്.
● മഴ കഴിഞ്ഞാൽ പണി തുടങ്ങുമെന്ന അധികൃതരുടെ ഉറപ്പ് പാഴായി.
● പഴയ ബസ് സ്റ്റാൻ്റ് പോസ്റ്റ് ഓഫീസ് റോഡും കുഴികളാൽ നിറഞ്ഞ് അതീവ ദയനീയവസ്ഥയിലാണ്.
● റോഡ് നികുതി പിരിക്കുന്നതിൽ മാത്രം താൽപര്യം കാണിച്ച് അധികാരികൾ അവഗണന തുടരുന്നു.
മുഹമ്മദലി നെല്ലിക്കുന്ന്
കാസർകോട്: (KasargodVartha) നഗരത്തിന്റെ ഹൃദയഭാഗത്തെ റോഡുകൾ കുണ്ടും കുഴിയുമായി മാസങ്ങളായി തകർന്നു കിടന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തതിൽ വ്യാപക പ്രതിഷേധം. കറന്തക്കാട് മുതൽ റെയിൽവേ സ്റ്റേഷൻ തെരുവത്ത് വരെയുള്ള പ്രധാന റോഡാണ് യാത്രക്കാർക്ക് ദുരിതയാത്ര സമ്മാനിക്കുന്നത്. അപകടകരമായ ഈ അവസ്ഥയ്‌ക്ക് ശാശ്വത പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പും നഗരസഭയും തയ്യാറാകാത്തതിനെതിരെ ജനരോഷം ആളിക്കത്തുകയാണ്.
യാത്ര ദുരിതമായി, ചികിത്സ തേടുന്നവർ ഏറുന്നു
ഓട്ടോറിക്ഷ, ഇരുചക്രവാഹന യാത്രികരാണ് ഈ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. നടുവൊടിക്കുന്ന വലിയ കുഴികളിൽ വീണ് പല യാത്രക്കാർക്കും പരിക്കേറ്റിട്ടും അധികാരികൾ നടപടിയെടുക്കാത്തത് ജനങ്ങളെ പ്രകോപിപ്പിക്കുന്നുണ്ട്. ഗർഭിണികൾക്കും വയോധികർക്കും ഈ റോഡിലൂടെയുള്ള യാത്ര ഏറെ പ്രയാസകരമാണ്. റോഡിന്റെ ശോച്യാവസ്ഥ കാരണം നിരവധി യാത്രികർ ഇന്ന് നടുവേദനയ്ക്ക് ചികിത്സ തേടേണ്ട അവസ്ഥയിലാണ്.

ഓരോ ദിവസവും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനാൽ ചില ഓട്ടോറിക്ഷാ ഡ്രൈവർമാർ ഈ വഴിക്ക് സർവീസ് നടത്താൻ പോലും മടിക്കുകയാണ്. വാഹന ഉടമകളിൽ നിന്ന് റോഡ് നികുതി കൃത്യമായി ഈടാക്കുന്നവർ, റോഡ് നന്നാക്കുന്ന കാര്യത്തിൽ മാത്രം താൽപര്യം കാണിക്കാത്തത് എന്തുകൊണ്ടാണെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
പഴയ ബസ് സ്റ്റാൻഡ് റോഡും പാതാളക്കുഴികൾ
കറന്തക്കാട്–റെയിൽവേ സ്റ്റേഷൻ റോഡിന്റെ അവസ്ഥ ദയനീയമായി തുടരുമ്പോൾ, പഴയ ബസ് സ്റ്റാൻഡ് – പോസ്റ്റ് ഓഫീസ് റോഡിന്റെ സ്ഥിതി അതിരൂക്ഷമാണ്. 'പാതാളക്കുഴികൾ' രൂപപ്പെട്ട് കിടക്കുന്ന ഈ റോഡിൽ ഏത് സമയത്തും അപകടം സംഭവിക്കാമെന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഇത്തരം പ്രധാന റോഡുകളോടുള്ള ഈ അവഗണന അധികൃതരുടെ കാര്യക്ഷമതയില്ലായ്മയിലേക്ക് വിരൽ ചൂണ്ടുന്നു.
അവഗണനയുടെ കാരണം എന്ത്?
കാസർകോട് നഗരത്തിന്റെ ഹൃദയഭാഗമായ കറന്തക്കാട് മുതൽ റെയിൽവേ സ്റ്റേഷൻ റോഡിനോട് അധികാരികൾ ഇത്രയധികം അവഗണന കാണിക്കുന്നതിന്റെ കാരണം എന്താണെന്ന് മനസ്സിലാകുന്നില്ല. ഈ റോഡിലൂടെ ദിവസവും ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങളാണ് ഓടിക്കൊണ്ടിരിക്കുന്നത്. പുതിയ വാഹനങ്ങൾ പോലും നിരത്തിലിറക്കാൻ പറ്റാത്ത ദുരവസ്ഥയാണിവിടെ. രണ്ട് മാസം മുമ്പ് മഴ കഴിഞ്ഞാൽ റോഡിന്റെ പണി തുടങ്ങുമെന്ന് അധികാരികൾ ഉറപ്പുനൽകിയിരുന്നു. എന്നാൽ മഴ മാറി മാസങ്ങൾ പിന്നിട്ടിട്ടും റോഡ് അറ്റകുറ്റപ്പണി തുടങ്ങിയിട്ടില്ല.
പ്രതിഷേധം ശക്തമാകും: ചോദ്യം അധികാരികളോട്
ഈ റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പല തവണ വാർത്തകൾ വന്നിട്ടും അധികാരികൾ ഒരു കൂസലുമില്ലാതെ ഉറക്കം നടിക്കുകയാണ്. ഇതുവഴി വേണ്ടപ്പെട്ട അധികാരികളോ പൊതുമരാമത്ത് മേലാളന്മാരോ യാത്ര ചെയ്യാറില്ലേ എന്നും, അവർ കണ്ണുകൾ അടച്ചാണോ യാത്ര ചെയ്യുന്നതെന്നും ജനങ്ങൾ ചോദിക്കുന്നു.
രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾ കുഴികളിൽ വീണ് പരിക്കേറ്റ സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഈ റോഡിലെ കുഴിയിൽ വീണ് ഒരു ജീവൻ പൊലിഞ്ഞിട്ട് വേണോ അധികാരികൾ കണ്ണുതുറക്കാനും റോഡ് നന്നാക്കാനും? ഇതിനെതിരെ ജനസമൂഹം ഉണർന്ന് സമര പരിപാടികളുമായി മുന്നോട്ട് പോകണം, എങ്കിൽ മാത്രമേ അധികാരികൾ കണ്ണുകൾ തുറക്കൂ.
കാസർകോടൻ ജനതയുടെ ദുരിതയാത്രയെക്കുറിച്ചുള്ള ഈ വാർത്ത അധികാരികളിലേക്ക് എത്താൻ ഷെയർ ചെയ്യുക.
Article Summary: Kasaragod city roads are severely damaged, causing injuries and difficulty for travelers; authorities fail to act despite promises.
#KasaragodRoads #Potholes #PublicProtest #PWDNegligence #KeralaNews #TravelSafety






