Fines | 'കാസർകോട് നഗരത്തിൽ മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്ത് തീയേറ്റർ മുതൽ മെഡിക്കൽ ഷോപ്പ് വരെ'; വൻ പിഴ ചുമത്തി

● മാലിന്യം കത്തിച്ചതിന് 15,000 രൂപ പിഴ
● ജൈവ മാലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കാത്തതിന് നടപടി
● മാലിന്യം പൊതുസ്ഥലത്ത് തള്ളിയതിന് 5000 രൂപ പിഴ
● ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡാണ് നടപടി എടുത്തത്.
കാസർകോട്: (KasargodVartha) നഗരത്തിൽ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് സ്ഥാപനങ്ങൾക്ക് വൻ തുക പിഴ ചുമത്തി തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്. തിയേറ്റർ, കെട്ടിട സമുച്ചയം, ഫാർമസി തുടങ്ങിയ സ്ഥാപനങ്ങളാണ് പിഴ ഈടാക്കിയവയിൽ ഉൾപ്പെടുന്നത്.
നഗരത്തിലെ ഒരു തിയേറ്ററിൽ നിന്നും കെട്ടിട സമുച്ചയത്തിൽ നിന്നുമുള്ള മാലിന്യങ്ങൾ തരംതിരിക്കാതെ കൂട്ടിയിട്ട് കത്തിച്ചതിന് ഉടമകൾക്ക് 15,000 രൂപയാണ് പിഴ ചുമത്തിയത്. കൂടാതെ, മൂന്ന് ദിവസത്തിനകം മാലിന്യം നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് നിർദ്ദേശം നൽകി.
കെട്ടിട സമുച്ചയത്തിൽ നിന്നുള്ള ഭക്ഷണ അവശിഷ്ടം ഉൾപ്പെടെയുള്ള ജൈവ മാലിന്യ സംസ്കരണത്തിന് പ്രത്യേക സംവിധാനം ഒരുക്കിയിരുന്നില്ല. റിംഗ് കമ്പോസ്റ്റ് സ്ഥാപിക്കുന്നതിനും തൊഴിലാളികൾക്ക് ആവശ്യമായ അവബോധം നൽകുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപമുള്ള ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മെഡിക്കൽസിൽ നിന്നും ലബോറട്ടറിയിൽ നിന്നുമുള്ള മാലിന്യങ്ങൾ പൂർണമായും ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകാതെ കെട്ടിടത്തിനു മുകളിലുള്ള ആളൊഴിഞ്ഞ പറമ്പിൽ തള്ളിയത് കണ്ടെത്തി. ഇതിനെ തുടർന്ന് ഉടമകൾക്ക് 5000 രൂപ വീതം തത്സമയ പിഴ ചുമത്തിയിട്ടുണ്ട്.
ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ കെ.വി മുഹമ്മദ് മദനി, ഹെൽത്ത് ഇൻസ്‌പെക്ടർ എൻ. ഷീന, സ്ക്വാഡ് അംഗം ഇ.കെ ഫാസിൽ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
Kasaragod city imposed heavy fines on establishments for improper waste disposal. Theaters, building complexes, and pharmacies were among those penalized for burning waste, lacking waste management systems, and dumping waste in public areas.
#WasteManagement #Kasaragod #Fine #Pollution #CleanCity #Kerala